കൊല്ലം: ബൈക്കിൽ പത്രവിതരണത്തിനുപോകവെ നിയന്ത്രണം വിട്ടെത്തിയ ബൈക്കിടിച്ച് 'കേരളകൗമുദി' ഏജന്റ് മരിച്ചു. മയ്യനാട് കല്ലുംമൂട് കൃഷ്ണേത്ത് വീട്ടിൽ മനു സുശീലനാണ് (38) മരിച്ചത്.
ശനിയാഴ്ച പുലർച്ചെ 4.50ന് മയ്യനാട് കല്ലുംമൂട് എസ്.ബി.ഐ ബാങ്കിന് സമീപമായിരുന്നു അപകടം. പത്രക്കെട്ടുമായി മനു ബൈക്കിൽ വരുന്നതിനിടെ, മൂന്നുപേർ കയറി പോസ്റ്റ് ഓഫീസ് ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് മനുവിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അഞ്ച് മീറ്റർ ദൂരേക്ക് തെറിച്ചുവീണ മനുവിന്റെ തലയ്ക്കും കാലിനും സാരമായി പരിക്കേറ്റു. ഈസമയം ഇതുവഴി കാറിൽ എയർപോർട്ടിലേക്ക് പോവുകയായിരുന്ന, മനുവിന്റെ സുഹൃത്ത് ഉടൻ തന്നെ മനുവിനെയും ഇടിച്ച ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരെയും കാറിൽ കയറ്റി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പുറപ്പെട്ടെങ്കിലും മയ്യനാട് റെയിൽവേ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ഇതോടെ മറ്റൊരു വഴിയിലൂടെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മനു മരിച്ചു. ഇടിച്ച രണ്ടു പേർ പാരിപ്പള്ളി, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രികളിൽ ചികിത്സയിലാണ്. മനുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
മനുവിനെ ഇടിച്ചുവീഴ്ത്തിയ മൂവർ സംഘം സംഞ്ചരിച്ചിരുന്ന ബൈക്ക് ആദ്യം മയ്യനാട് റെയിൽവേ ഗേറ്റിൽ ഇടിച്ചിരുന്നു. അവിടെ നിന്നു കൊല്ലം റോഡിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മനുവിനെ ഇടിച്ചത്.
എസ്.എൻ.ഡി.പി യോഗം മയ്യനാട് സൗത്ത് 1021-ാം നമ്പർ ശാഖ വൈസ് പ്രസിഡന്റാണ് മനു. എ.ഐ.വൈ.എഫ് മയ്യനാട് മേഖല പ്രസിഡന്റ്, മയ്യനാട് ക്ഷീര സഹകരണ സംഘം സെക്രട്ടറി ഇൻ ചാർജ്ജ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ജയശ്രീയാണ് ഭാര്യ. ശ്രീറാം, ശ്രീഹരി എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |