SignIn
Kerala Kaumudi Online
Friday, 19 April 2024 9.26 AM IST

വർക്കലയിൽ ചെള്ളു പനി ബാധിച്ച് 15കാരി മരിച്ചു

ll

വർക്കല: സംസ്ഥാനത്ത് ചെള്ളു പനി ബാധിച്ച് (സ്‌ക്രബ് ടൈഫസ്) പത്താംക്ളാസ് വിദ്യാർത്ഥിനി മരിച്ചു. വർക്കല അയന്തി പറങ്കിമാംവിള വീട്ടിൽ ഷാജി ദാസിന്റേയും അനിതയുടെയും മകൾ അശ്വതിയാണ് (15) മരിച്ചത്. സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യ ചെള്ളുപനി മരണമാണിത്. കഴിഞ്ഞവർഷം ആറും 2020ൽ എട്ടും പേർക്ക് ചെള്ളു പനി കാരണം ജീവൻ നഷ്ടമായിരുന്നു.

ബുധനാഴ്ച വൈകിട്ടോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അശ്വതി മരിച്ചത്. ഞെക്കാട് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്ന അശ്വതി പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. സംസ്കാരം ഇന്നലെ വീട്ടുവളപ്പിൽ നടത്തി. സഹോദരി അഹല്യ പ്ലസ് ടു വിദ്യാർത്ഥിയാണ്.

ഈ മാസം ഒന്നിന് രാവിലെയോടെ പനിയും ഛർദ്ദിയും അനുഭവപ്പെട്ട അശ്വതിയെ വെട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലും തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിലും എത്തിച്ചു. പരിശോധനയ്ക്കുശേഷം മരുന്ന് നൽകി വീട്ടിലേക്ക് തിരികെ വിട്ടു. മൂന്നിന് രാവിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ആന്തരികാവയവങ്ങളുടെ പ്രവർത്തനശേഷിയും ഓക്‌സിജൻ അളവും കുറഞ്ഞതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. രക്തസാമ്പിൾ പരിശോധിച്ചപ്പോഴാണ് ചെള്ളുപനിക്ക് കാരണമായ ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. സാമ്പിൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ചപ്പോഴും ഫലം പോസിറ്റീവായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള സംഘം സ്ഥലം സന്ദർശിച്ചു.

''വർക്കലയിൽ സംഭവം നടന്ന പ്രദേശത്ത് പ്രതിരോധം ശക്തമാക്കും. ചെള്ളുകളെ നശിപ്പിക്കാനുള്ള നടപടി സ്വീകരിച്ചു.

-വീണാ ജോർജ്

ആരോഗ്യമന്ത്രി

എന്താണ് ചെള്ളുപനി?

ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധി. എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് രോഗാണുക്കൾ കാണപ്പെടുന്നത്. മൃഗങ്ങളിൽ ഇത് രോഗമുണ്ടാക്കില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകൾ വഴിയാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. ചിഗ്ഗർ മൈറ്റ് കടിച്ച് 10-12 ദിവസം കഴിയുമ്പോൾ രോഗലക്ഷണങ്ങൾ പ്രകടമാകും. കടിച്ച ഭാഗം ആദ്യം ചെറിയ ചുവന്ന തടിച്ച പാടായി കാണും. പിന്നീട് കറുത്ത വ്രണമായി (എസ്‌കാർ) മാറും.

ലക്ഷണങ്ങൾ

വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, കഴലവീക്കം, പേശീവേദന, വരണ്ട ചുമ. ചുരുക്കം ചിലരിൽ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിൽ സങ്കീർണമാകും. രോഗലക്ഷണമുള്ളവർ ഉടൻ വൈദ്യസഹായം തേടണം.

പ്രതിരോധ മാർഗങ്ങൾ

പുല്ലിൽ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും സൂക്ഷിക്കണം

പുൽ നാമ്പുകളിൽ നിന്ന് കൈകാലുകൾ വഴി ചിഗ്ഗർ മൈറ്റുകൾ

പ്രവേശിക്കുന്നതിനാൽ കൈകാലുകൾ മറയുന്ന വസ്ത്രം ധരിക്കണം

എലി നശീകരണ പ്രവർത്തനങ്ങൾ. പുൽച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കണം.

ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതെ സംസ്‌കരിക്കണം

പുൽമേടുകളിലോ വനപ്രദേശത്തോ പോയാൽ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കുളിക്കണം.

വസ്ത്രങ്ങൾ കഴുകി നിലത്തോ പുല്ലിലോ ഉണക്കരുത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEATH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.