ആത്മഹത്യയെന്ന് പൊലീസ്, ദുരൂഹതയുണ്ടെന്ന് മകൾ
പുതുക്കാട്: കൈകൾ കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ നിലയിൽ വീട്ടമ്മയെ, വീടിനോട് ചേർന്നുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അളഗപ്പ നഗർ എരിപ്പോട് ഇല്ലിക്കൽ അനിരുദ്ധന്റെ ഭാര്യ രാധയാണ് (69) മരിച്ചത്. മൃതദേഹത്തിൽ പരിക്കുകൾ ഇല്ലെന്നും അടിവസ്ത്രമാണ് വായിൽ തിരുകിയതെന്നും കണ്ടെത്തിയ പൊലീസ് പക്ഷേ ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലാണ്.
അതേസമയം സഹോദരൻ അജിത്ത് അമ്മയുമായി വഴക്കുണ്ടാക്കാറുണ്ടെന്നും ഒരിക്കൽ അമ്മയെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും മകൾ അനിത പറയുന്നു.
ചൊവ്വാഴ്ച രാത്രി പേരക്കുട്ടിയോടൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു രാധ. രാധയെ രാവിലെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വീട്ടുകാർ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഭർത്താവും മകനും ഉൾപ്പെടെ ആറ് പേർ വീട്ടിലുണ്ടായിരുന്നു. പുതുക്കാട് നിന്നെത്തിയ അഗ്നിരക്ഷാ സേനയാണ് മൃതദേഹം പുറത്തെടുത്തത്. പുതുക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. ഫൊറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡുമെത്തി പരിശോധന നടത്തി. സംഭവത്തെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. കൈപ്പത്തികൾ ചേർത്തുള്ള കെട്ട് സ്വയം കെട്ടിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. പരേതയായ അജിത മറ്റൊരു മകളാണ്. മരുമക്കൾ: ഹരി, ചന്ദ്രൻ, ജീജ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |