കൊച്ചി: കെ.എസ്.ആർ.ടി.സിക്ക് വിപണി വിലയ്ക്ക് ഡീസൽ നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എണ്ണക്കമ്പനികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബി.പി.സി.എൽ തുടങ്ങിയ കമ്പനികൾ വെവ്വേറെ നൽകിയ അപ്പീലുകൾ ഇന്നു ഡിവിഷൻ ബെഞ്ച് പരിഗണിച്ചേക്കും. വൻകിട ഡീസൽ ഉപഭോക്താവാണെന്നു വിലയിരുത്തി ഡീസലിന് കൂടിയ നിരക്ക് ഈടാക്കുന്നതിനെതിരെ കെ.എസ്. ആർ.ടി.സി നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് റീട്ടെയിൽ പമ്പുകളിലെ വിലയ്ക്ക് ഡീസൽ നൽകാൻ ഉത്തരവു നൽകിയത്. കെ.എസ്.ആർ.ടി.സിയുടെ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് അപ്പീലിൽ പറയുന്നു. ഇതേയാവശ്യം ഉന്നയിച്ച് കെ.എസ്.ആർ.ടി.സി നേരത്തെ നൽകിയ ഹർജി, നയപരമായ തീരുമാനങ്ങളിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നു വ്യക്തമാക്കി സുപ്രീം കോടതി തള്ളിയതാണെന്നും ആർബിട്രേഷനിലൂടെ പരിഹരിക്കേണ്ട വിഷയമാണെന്നും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |