SignIn
Kerala Kaumudi Online
Thursday, 25 April 2024 3.10 PM IST

പാകിസ്ഥാൻ നൽകിയ പരമോന്നത ബഹുമതി തിരിച്ചുകൊടുക്കാൻ പോലും ദിലീപ് കുമാർ തയ്യാറായിരുന്നു, കാരണമിതാണ്

dilipkumar

മുംബയ്:അഭിനയകലയുടെ എല്ലാ കൊടുമുടികളും കീഴടക്കിയ ഇതിഹാസമായിരുന്നു ദിലീപ് കുമാർ. രാജ് കപൂറും ദേവാനന്ദും ദിലീപ് കുമാറും ചേർന്ന ത്രിമൂർത്തികൾ ആണ് ബോളിവുഡിലെ സുവർണയുഗ സ്രഷ്‌ടാക്കൾ. രാജ്കപൂറിന്റെയും ദേവാനന്ദിന്റെയും അഭിനയത്തിൽ നിറക്കൂട്ടു കൂടിനിന്നപ്പോൾ ഒരു നോക്കിന്റെയും വാക്കിന്റെയും മൗനത്തിന്റെയും മിതത്വം കൊണ്ട് ഭാവങ്ങളുടെ കടലാഴങ്ങൾ സൃഷ്ടിക്കുന്ന സ്വാഭാവിക പ്രതിഭയായിരുന്നു ദിലീപ് കുമാർ. താരപ്രഭയും അഭിനയ സിദ്ധിയും ഒരുപോലെ അനുഗ്രഹിച്ച നടൻ. ഒറ്റ ഫ്രെയിമിൽ വികാരങ്ങളുടെ വേലിയേറ്റങ്ങൾ സൃഷ്ടിക്കുന്ന മാജിക്. അത്തരം സങ്കീർണമായ വേഷങ്ങളായിരുന്നു അദ്ദേഹത്തിന് ഏറെ പ്രിയവും.

ഹിന്ദി സിനിമയിലെ ദുരന്ത ചക്രവർത്തി (ട്രാജഡി കിംഗ്) എന്ന ഒരു വിശേഷണം ദിലീപ് കുമാറിനുണ്ട്. ഷഹീദ്, ജുഗ്‌നു, മേള, ദേവദാസ്, മുഗളെ ആസം, ആന്ദാസ്, ദീദാർ,സംഗ്‌ദിൽ, തരാന തുടങ്ങിയ സിനിമകളിലെ ദുരന്ത നായകരെ ഹൃദയം പിളർക്കുന്ന തീവ്രതയോടെ പൊലിപ്പിച്ചതാണ് ആ പട്ടം നേടിക്കൊടുത്തത്. എല്ലാം നഷ്‌ടപ്പെടുന്ന നായകനായി ജീവിക്കുകയായിരുന്നു അദ്ദേഹം. അനശ്വര പ്രണയ കാവ്യമായ ദേവദാസിൽ ദിലീപ് കുമാറിന്റെ ദേവദാസ് മുഖർജി ഗംഭീരമായ വേഷങ്ങളിലൊന്നാണ്.

ദുരന്ത നായകന്റെ പരിമിതികൾക്കപ്പുറത്തേക്ക് നടൻ എന്ന നിലയിൽ അദ്ദേഹം വളർന്നു. ആസാദ്, കോഹിനൂർ, റാം ഔർ ശ്യാം തുടങ്ങിയ സിനിമകളിൽ കോമഡി നായകനായി തകർത്തു. കർമ്മയിൽ ഭീകരരുടെ പേടിസ്വപ്നമായ പൊലീസ് ഓഫീസർ, ഫുട്പാത്തിൽ മാഫിയ നേതാവാകുന്ന പത്രാധിപർ, ശഹീദിൽ വിപ്ലവകാരി, പായിഗാമിൽ ട്രേഡ്‌യൂണിയൻ നേതാവ്, അമറിൽ ഒരു പെൺകുട്ടിയെ മാനഭംഗപ്പെടുത്തുന്ന അഭിഭാഷകൻ... വൈവിദ്ധ്യമാർന്ന വേഷങ്ങളെല്ലാം അദ്ദേഹം അവിസ്മരണീയമാക്കി.

ആദ്യമായി നിർമ്മാണവും സംവിധാനവും അഭിനയവും നിർവഹിച്ച ഗംഗ യമുന ബോളിവുഡിലെ ട്രെൻഡ് സെറ്ററായ സൂപ്പർ ഹിറ്റായി. സഹോദരന്മാർ പൊലീസും

കൊള്ളക്കാരനുമാകുന്ന പ്രമേയം ഹിന്ദി സിനിമയ്‌ക്ക് സമ്മാനിച്ചത് ഈ ചിത്രമാണ്.

പ്രണയവും ദിലീപ്‌ കുമാറിന് നന്നായി വഴങ്ങുമായിരുന്നു. സിനിമയിലും ജീവിതത്തിലും. ദുരന്ത നായകനെ അവതരിപ്പിച്ച മുഗളേ ആസമിൽ സലീം രാജകുമാരനായി,​ മധുബാല അവതരിപ്പിച്ച അനാർക്കലിയുമായുള്ള പ്രണയ രംഗങ്ങൾ ഉദാഹരണമാണ്. സുന്ദരിയായ മധുബാലയുടെ കവിളിൽ തൂവൽ ഉഴിയുന്ന രംഗം ഇന്ത്യൻ സിനിമയിലെ ഡയലോഗ് ഇല്ലാത്ത ഏറ്റവും

മനോഹരമായ പ്രണയ നിമിഷമാണ്. ശബനം, ആസാദ്, കോഹിനൂർ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത റൊമാന്റിക് ചിത്രങ്ങളാണ്. സൗന്ദര്യവും സിദ്ധിയും അനുഗ്രഹിച്ച മധുബാലയും നർഗ്ഗീസും സൈരാ ബാനുവും വൈജയന്തിമാലയും മീനാകുമാരിയും ഒക്കെയായിരുന്നു ദിലീപ് കുമാറിന്റെ നായികമാർ. ഇവരിൽ മധുബാലയുമായി വിവാഹത്തിന്റെ വക്കിൽ വരെ എത്തിയ പ്രണയം തകർന്നു. പിന്നീട് സൈരാബാനുവിനെ പ്രണയിച്ച ദിലീപ് കുമാർ 44ാം വയസിൽ അവരെ വിവാഹം ചെയ്‌തു.

നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ദിലീപ് കുമാർ ബോളിവുഡിൽ സിംഹാസനം ഉറപ്പിക്കുകയായിരുന്നു. ഹിന്ദി സിനിമയെ നാടകത്തിന്റെ ദുഃസ്വാധീനത്തിൽ നിന്ന് മോചിപ്പിച്ച് മിതത്വത്തിന്റെ പക്വത നൽകിയതിൽ ദിലീപ് കുമാറിന്റെ

പങ്ക് വലുതാണ്. ശക്തി എന്ന സിനിമയിൽ ദിലീപ് കുമാറിന്റെ മകനായി അഭിനയിച്ച അമിതാഭ് ബച്ചൻ പറഞ്ഞിട്ടുണ്ട്, ദിലീപ് സാഹിബ് ഒരു സീൻ അഭിനയിച്ചാൽ അതിന് പകരംവയ്ക്കാൻ മറ്റൊന്നില്ലെന്ന്. കഥാപാത്രത്തിന്റെ ബാഹ്യവും ആന്തരികവുമായ രൂപഭാവങ്ങളുമായി ആഴത്തിൽ തന്മയീഭവിക്കുന്ന മെഥേഡ് ആക്ടിംഗിന്റെ പൂർണതയായാണ് ദിലീപ് കുമാറിന്റെ അഭിനയം വിലയിരുത്തപ്പെടുന്നത്.

തപൻ സിൻഹയുടെ സാഗിന മഹാതോയിലൂടെ സമാന്തര സിനിമയിലും എത്തിയ ദിലീപ് കുമാർ എന്നും പരീക്ഷണങ്ങൾക്ക് സ്വയം വിധേയനായിക്കൊണ്ടിരുന്നു. കൊഹിനൂറിലെ ഒരു ഗാനരംഗത്ത് സിത്താർ വാദകനാവാനായി ഉസ്താദ് ഹാലിം ജാഫർ ഖാന്റെ ഒപ്പം ആറുമാസം അദ്ദേഹം സിത്താറിൽ പരിശീലനം നേടി.

ദിൽ ദിയാ ദർദ് ലിയ എന്ന സിനിമയിൽ വില്ലന്റെ തോക്ക് പിടിച്ചു വാങ്ങുമ്പോൾ കിതപ്പുണ്ടാകാനായി സ്റ്റുഡിയോയുടെ ചുറ്റിലും ഓടിയാണ് അദ്ദേഹം എത്തിയത്. അത്രയേറെ സമർപ്പണമായിരുന്നു.

അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ 60 സിനിമകളേ ദിലീപ് കുമാർ അഭിനയിച്ചിട്ടുള്ളൂ. ഗുരുദത്തിന്റെ പ്യാസയും ഡേവിഡ് ലീനിന്റെ ലോറൻസ് ഒഫ് അറേബ്യയും വേണ്ടെന്നുവച്ച നടനാണ് ദിലീപ് കുമാർ.

അവിഭക്ത ഇന്ത്യ വലിയ വികാരമായി കൊണ്ടുനടന്ന ദിലീപ് കുമാർ ജവഹർലാൽ നെഹ്‌റുവിന്റെ പ്രിയ ഹീറോ ആയിരുന്നു. പാകിസ്ഥാൻ സർക്കാർ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ നിഷാൻ - ഇ - ഇംതിയാസ് നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. അതിൽ അനൗചിത്യം ഉണ്ടെങ്കിൽ താൻ അത് തിരിച്ചു നൽകാമെന്ന് കാട്ടി അദ്ദേഹം അന്നത്തെ പ്രധാനമന്ത്രി വാജ്പേയി‌ക്ക് കത്തെഴുതിയിരുന്നു. പദ്മവിഭൂഷൺ വരെ കിട്ടിയ ദിലീപ് കുമാറിൽ നിന്ന് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന അകന്നുപോകാൻ കാരണം പാക് ബഹുമതി ആണെന്ന് കരുതുന്നു.

കണ്ടെത്തിയത് ദേവികാറാണി

മുഹമ്മദ് യൂസഫ്‌ഖാൻ എന്ന ഇരുപത്തൊന്നുകാരൻ നൈനിറ്റാളിലെ ഒഴിവുകാലത്ത് താരറാണി ദേവികാറാണിയെ കണ്ടുമുട്ടിയതാണ് സിനിമയിലേക്കുള്ള വാതിൽ തുറന്നത്. ബോംബെ ടാക്കീസ് സിനിമാക്കമ്പനി ഉടമയായിരുന്ന ദേവികാറാണി ബോംബെ ടാക്കീസ് മാനേജരായി ജോലി നൽകി. 1943-ൽ 1200 രൂപ ശമ്പളം. പിന്നെ ‘ജ്വാർ ഭട്ട’, ‘പ്രതിമ’ തുടങ്ങിയ സിനിമകളിൽ അവസരം. ഇതിനിടെ പ്രശസ്‌ത ഹിന്ദി നോവലിസ്‌റ്റ് ഭഗവതി ചരൺ വർമ്മ,​ യൂസഫ്‌ഖാന് ‘ദിലീപ് കുമാർ’ എന്ന് പേരും നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DILIPKUMAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.