SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.19 AM IST

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: സദാചാര പൊലീസിനെ പിരിച്ചുവിട്ട് ഇറാൻ

mahsa

ടെഹ്‌റാൻ : മഹ്സ അമിനിയെന്ന 22കാരിയുടെ മരണത്തിന് കാരണമായ കുപ്രസിദ്ധ സദാചാര പൊലീസ് യൂണിറ്റിനെ പിരിച്ചുവിട്ട് ഇറാൻ. മഹ്സയുടെ മരണത്തിനു പിന്നാലെ ആളിപ്പടർന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള ശ്രമം വിഫലമായതോടെയാണ് അനുനയ നീക്കം.

താത്കാലിക നടപടിയാണോ ഇതെന്ന് വ്യക്തമല്ല. ടെഹ്‌റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലൊന്നും സദാചാര പൊലീസിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല.

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന പേരിൽ കസ്റ്റഡിയിലെടുത്ത മഹ്സ അമിനി തലയ്ക്ക് ക്ഷതമേറ്റ് മൂന്ന് ദിവസങ്ങൾക്കു ശേഷം മരിച്ചതോടെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. സ്ത്രീകൾക്ക് നേരെ സദാചാര പൊലീസ് നടത്തുന്ന അനീതിക്കെതിരെ രാജ്യമാകെ പ്രതിഷേധങ്ങളുണ്ടായി.

കുട്ടികളുൾപ്പെടെ 400ലേറെ പേർ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടന്നാണ് കണക്ക്. യാഥാസ്ഥിതിക മേഖലയായ സിസ്റ്റാൻ - ബലൂചിസ്ഥാൻ പ്രവിശ്യയിലെ സ്ത്രീകളും പ്രതിഷേധങ്ങളുടെ ഭാഗമായി.

സദാചാര പൊലീസിനെ പിരിച്ചുവിട്ടെങ്കിലും നിർബന്ധിത ഹിജാബ് ഉൾപ്പെടെ സ്ത്രീകൾക്ക് മേൽ അടിച്ചേൽപ്പിച്ച നിയമങ്ങൾ തിരുത്തുക എന്ന ലക്ഷ്യത്തിനായി പോരാട്ടം തുടരുകയാണ് ജനങ്ങൾ. അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

 സദാചാര പൊലീസ്

മതകാര്യങ്ങൾ ജനങ്ങൾ പിന്തുടരുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നു. 2005ൽ മഹ്‌മൂദ് അഹ്‌മദീ നെജാദ് പ്രസിഡന്റായിരിക്കെ ഗഷ്‌ത് - ഇ - ഇർഷാദ് അഥവാ ' ഗൈഡൻസ് പട്രോൾ " എന്ന പേരിൽ ഹിജാബ് അടക്കമുള്ള സംസ്കാരം പ്രചരിപ്പിക്കാനായി തുടക്കം. 2006ൽ പട്രോളിംഗ് തുടങ്ങി. സ്ത്രീകളുടെ വസ്ത്രധാരണം ശരിയല്ലെങ്കിൽ തടവിലാക്കിയിരുന്നു. 2021ൽ ഇബ്രാഹിം റൈസി പ്രസിഡന്റായതോടെ സദാചാര പൊലീസിന്റെ നിരീക്ഷണം ശക്തമാക്കി.

 ഹിജാബ് നിയമം പരിശോധിക്കും

സ്ത്രീകൾ തല മറയ്ക്കണമെന്ന നിയമത്തിൽ ഭേദഗതി വരുത്തണോ എന്നത് പാർലമെന്റും ജുഡീഷ്യറിയും ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി.1983 മുതൽ ഇറാനിൽ ഹിജാബ് കർശനമാണ്.

 മുടിമുറിച്ചും ഹിജാബ് കത്തിച്ചും തുടക്കം

മഹ്സയുടെ മരണത്തിന് പിന്നാലെ സ്ത്രീകൾ തലമുടി മുറിച്ചും ഹിജാബ് കത്തിച്ചുമാണ് പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. വൈകാതെ പ്രതിഷേധക്കാർ തെരുവുകൾ കീഴടക്കി. സ്കൂൾ കുട്ടികളടക്കം പ്രക്ഷോഭങ്ങളിൽ പങ്കാളികളായി. സ്കൂളുകളിൽ കയറി സുരക്ഷാ സേന ക്രൂരമായി മർദ്ദിച്ചു. ആയിരങ്ങൾ അറസ്റ്റിലായി.

സേനയുടെ അടിയേറ്റ് ഡസൻകണക്കിന് കൗമാരക്കാർ കൊല്ലപ്പെട്ടു. പലരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തില്ല. ആത്മഹത്യയാണെന്ന് പറയാൻ വീട്ടുകാരെ ഭീഷണിപ്പെടുത്തിയെന്ന് പറയുന്നു.

 ആരോപണം നിഷേധിച്ച് ഇറാൻ

മഹ്സയുടെ മരണത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുത്തിട്ടില്ല. മഹ്സയെ സദാചാര പൊലീസ് തലയ്ക്ക് അടിച്ചിട്ടില്ലെന്നും എട്ടാം വയസിൽ നടത്തിയ ബ്രെയിൻ ട്യൂമറിന് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് മെഡിക്കൽ റിപ്പോർട്ട്. പ്രതിഷേധങ്ങൾ വിദേശ ശക്തികൾ ആസൂത്രണം ചെയ്ത കലാപമെന്നാണ് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി പ്രതികരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DISMISSAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.