തിരുവനന്തപുരം: കൊലപാതകക്കേസ് തെളിയിക്കാൻ പൊലീസിനെ സഹായിച്ചതിന് കോടതിയുടെ അഭിനന്ദനം ലഭിച്ച പൊലീസ് നായ ജെറിക്ക് പൊലീസ് മേധാവിയുടെ കമന്റേഷൻ മെഡൽ. ട്രാക്കർ ഡോഗ് ജെറിയെ പൊലീസ് മേധാവി അനിൽകാന്ത് പൊലീസ് ആസ്ഥാനത്ത് ക്ഷണിച്ചുവരുത്തി മെഡൽ അണിയിച്ചു. നായയുടെ ഹാൻഡ്ലർമാരായ വിഷ്ണു ശങ്കർ.വി.എസ്, അനൂപ്.എം.വി എന്നിവർക്ക് എ.ഡി.ജി.പി മനോജ് എബ്രഹാം കാഷ് അവാർഡ് സമ്മാനിച്ചു. ബറ്റാലിയൻ ഡി.ഐ.ജി പി.പ്രകാശും പങ്കെടുത്തു. കടയ്ക്കാവൂരിൽ വീട്ടമ്മ കൊല്ലപ്പെട്ടകേസ് അന്വേഷിക്കുന്നതിന് പൊലീസിനെ സഹായിച്ച ജെറിയെ തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി അഭിനന്ദിച്ചിരുന്നു. ലാബ്രഡോർ റിട്രീവർ ഇനത്തിൽപെട്ട ജെറി 2016ലാണ് തിരുവനന്തപുരം റൂറൽ പൊലീസിന്റെ ഭാഗമായത്. അഞ്ചുവർഷത്തെ സേവനത്തിനിടെ പാലോട്, കിളിമാനൂർ സ്റ്റേഷൻ പരിധിയിലെ മൂന്ന് കൊലപാതകക്കേസുകൾ ഉൾപ്പെടെ നിരവധി കേസുകൾ തെളിയിക്കാൻ ജെറി സഹായിച്ചു. മികച്ച ട്റാക്കർ ഡോഗിനുളള മെഡൽ നേരത്തേ ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |