SignIn
Kerala Kaumudi Online
Friday, 19 April 2024 10.13 AM IST

എഴുപതും പിന്നിട്ട് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി

kamp

തിരുവനന്തപുരം: സാധാരണക്കാരൻ കഥാപാത്രങ്ങളായി എത്തിയ കേരളത്തിലെ ആദ്യ നാടകം 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ' എഴുപതും പിന്നിട്ട് മുന്നോട്ട്.1952 ഡിസംബർ ആറിന് കൊല്ലം ജില്ലയിൽ ചവറ തട്ടാശ്ശേരിയിലാണ് ആദ്യമായി നാടകത്തിന് തിരശ്ശീല ഉയർന്നത്. ഉദ്ഘാടന ദിവസം തന്നെ കിട്ടി 25 ഓളം ബുക്കിംഗ്. കാലക്രമത്തിൽ രാഷ്ട്രീയ , സാമൂഹിക കാലാവസ്ഥ ഏറെ മാറി മറിഞ്ഞെങ്കിലും ചരിത്രത്തിന്റെ ഭാഗമായ ആ നാടകത്തിന് തിരശ്ശീല വീഴ്ത്താൻ കലാകേരളം അനുവദിച്ചില്ല. ഈ മാസം 17 നും ആലപ്പുഴയിൽ നാടകം അവതരിപ്പപിക്കുന്നുണ്ട്. അവതരണത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് തിരു-കൊച്ചി നിയമസഭ ഒരു ദിവസം മുഴുവൻ ചർച്ച ചെയ്തതാണ് നാടകത്തിന്റെ മറ്റൊരു ഖ്യാതി. കേരളത്തിൽ കമ്യൂണിസ്റ്റ് ചിന്താധാരയ്ക്ക് കരുത്തേകിയ ഊർജ്ജ സ്രോതസുകൂടിയായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി. തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനും നാടകകൃത്തുമായിരുന്ന അന്തരിച്ച തോപ്പിൽഭാസി രചിച്ച്, കെ.പി.എ.സിയാണ് നാടകം രംഗത്തെത്തിച്ചത്. രാജപ്രശംസയിൽ നാടകരൂപത്തെ തളച്ചിരുന്ന കാലഘട്ടത്തിൽ പരമുപിള്ളയും കേശവൻ നായരും കറുമ്പനും മാത്യുവും മാലയുമൊക്കെ തനി നാടൻ ഭാഷയിൽ അരങ്ങിൽ സംസാരിച്ചപ്പോൾ ജനങ്ങൾക്ക് തോന്നി ഇത് തങ്ങളുടെ കഥയാണെന്ന്. രക്താസാക്ഷികൾക്കായി സമർപ്പിച്ച രാജ്യത്തെ ആദ്യ നാടകവും മറ്റൊന്നല്ല. വർത്തമാനകാല സാമൂഹിക ചുറ്റുപാടിലെ പ്രധാന വിഷയങ്ങളിലൊന്നായ ഭൂമിയുടെ ക്രയവിക്രയം ആദ്യമായി ചർച്ച ചെയ്യപ്പെട്ടതായിരുന്നു നാടകത്തിന്റെ മറ്റൊരു പ്രത്യേകത.

സ്വരാജിൽ തുടക്കം

അഡ്വ. ജനാർദ്ദനക്കുറുപ്പിനും അഡ്വ. രാജഗോപാലൻ നായർക്കും മനസിൽ വല്ലാത്ത നാടക കമ്പം. അവർ തിരുവനന്തപുരത്തെത്തി സ്വരാജ് ഹോട്ടൽ കേന്ദ്രീകരിച്ച് രാജാമണിയെന്ന സുഹൃത്തിന്റെ സാമ്പത്തിക പിന്തുണയോടെ കേരള പീപ്പിൾസ് ആർട്സ് ക്ളബ് (കെ.പി.എ.സി) രൂപീകരിച്ച് 'എന്റെ മകനാണ് ശരി' എന്നൊരു നാടകം അവർ ചിട്ടപ്പെടുത്തിയെങ്കിലും വേണ്ടത്ര വിജയം കണ്ടില്ല. ശൂരനാട് സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന തോപ്പിൽഭാസി , സോമൻ എന്ന പേരിൽ രചിച്ച 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ' നാടകം ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. നാടക സംഘാടനവുമായി നേരത്തെ പരിചയമുള്ള മധുസൂദനൻ പിള്ള എന്നയാളുടെ സഹായത്തിൽ ചവറയിൽ നാടക പരിശീലന ക്യാമ്പ് തുടങ്ങി.

ആദ്യവേദിയിൽ പ്രമുഖർ

ഡിസംബ‌ർ ആറിന് വേദിയിൽ എത്തുമ്പോൾ കഥാപാത്രങ്ങളായത് കാമ്പിശ്ശേരി കരുണാകരൻ, ജി.ജനാർദ്ദനക്കുറുപ്പ്, പിൽക്കാലത്തെ കഥാപ്രസംഗ കുലപതി വി.സാംബശിവൻ, കെ.പി.എ.സി സുലോചന, സുധർമ്മ, വിജയകുമാരി തുടങ്ങിയവർ. പിന്നീട് കെ.പി.എ.സിയിലേക്ക് എത്തിയ ഒ.മാധവനും വിജയകുമാരിയും കണ്ടുമുട്ടുന്നതും ജീവിത അരങ്ങിലൊന്നിച്ചതും മറ്റൊരു ചരിത്രം.

അവതരണം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ നാടകം പട്ടംതാണുപിള്ള സർക്കാർ നിരോധിച്ചു. നാടകം രചിച്ച തോപ്പിൽഭാസിയും അഭിനേതാക്കളായ കാമ്പിശ്ശേരിയും രാജഗോപാലൻ നായരും അന്ന് നിയമസഭാ സാമാജികരും. അങ്ങനെയാണ് നാടക നിരോധനത്തിനെതിരെ നിയമസഭയിൽ ചർച്ച നടന്നത്. പിന്നീട് ജൈത്രയാത്ര തുടർന്ന നാടകം 10,000 ത്തിലധികം വേദികൾ പിന്നിട്ടതായാണ് കണക്ക്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DRAMA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.