കാട്ടാനയുടെ ആക്രമണം: ആദിവാസി മരിച്ചു
Monday 25 May 2026 1:27 AM IST
കോതമംഗലം: ഇടമലയാർ വനത്തിൽ വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ വനംവാച്ചർ കൂടിയായ ആദിവാസി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. പൊങ്ങൻചോട് ആദിവാസി ഉന്നതിയിലെ പുഷ്പാകരൻ വെള്ളക്കയ്യൻ (50) ആണ് മരിച്ചത്. ഇന്നലെ മൂന്നുമണിയോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന മൂന്നു പേർ ഓടി രക്ഷപ്പെട്ടെങ്കിലും പുഷ്പാകരൻ കൊമ്പന്റെ മുന്നിൽ അകപ്പെടുകയായിരുന്നു. ആന പുഷ്പാകരനെ തുമ്പികൈ കൊണ്ട് അടിക്കുകയും എടുത്തെറിയുകയും ചെയ്തെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. ഇവർ ഉന്നതിയിലെത്തി വിവരം അറിയിച്ചതിനെതുടർന്ന് ജീപ്പുമായി ആളുകളെത്തിയാണ് പുഷ്പാകരനെ കോതമംഗലത്ത് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോതമംഗലത്ത് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പുഷ്പാകരൻ വനംവാച്ചറാണ്. ഭാര്യ : റോസിലി. മക്കൾ : ഹരിത, ഹരി. മരുമക്കൾ: അതുൽ, അനുമോൾ.