
തിരുവനന്തപുരം: നാല് ഘട്ടങ്ങളായി നടത്തുന്ന പത്താംതലം പ്രാഥമികപരീക്ഷയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ ജൂലായ് 18നും അവസാനത്തെ രണ്ട് ഘട്ടങ്ങൾ ഓഗസ്റ്റ് ഒന്നിനും നടത്തും. ഒന്നാംഘട്ടം ജൂലായ് 18ന് രാവിലെ 10 മുതൽ 11.35 വരെയും രണ്ടാംഘട്ടം അന്ന് ഉച്ചയ്ക്ക് 1.30 മുതൽ 3.05 വരെയുമാണ് . മൂന്നാംഘട്ടം ഓഗസ്റ്റ് ഒന്നിന് രാവിലെയും നാലാംഘട്ടം അന്ന് ഉച്ചയ്ക്കുമായിരിക്കും. അവസാന രണ്ട് ഘട്ടങ്ങളുടെ സമയം ഓഗസ്റ്റിലെ പരീക്ഷാ കലണ്ടറിലുണ്ടാകും.
ബിവറേജസ് കോർപ്പറേഷനിൽ എൽ.ഡി ക്ലാർക്ക് നേരിട്ട് നിയമനം (619/2025), തസ്തികമാറ്റം (620/2025), കമ്പനി/ബോർഡ്/കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (കാറ്റഗറി 423/2025), കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനിൽ സ്റ്റോർമാൻ (618/2025) എന്നീ നാല് തസ്തികകളാണ് ഇത്തവണ പത്താംതലം പ്രാഥമികപരീക്ഷയിലുള്ളത്. നാല് തസ്തികകൾക്കുമായി 16,80,211 അപേക്ഷകരാണുള്ളത്. ഓരോ തസ്തികയിലും പരീക്ഷയെഴുതാൻ കൺഫർമേഷൻ നൽകിയത് 6,78,000 പേരാണ്. അവരെ നാലായി വിഭജിച്ച് ഓരോ ഘട്ടത്തിലും 1.69 ലക്ഷം പേരാണ് പ്രാഥമിക പരീക്ഷയെഴുതുന്നത്. ആദ്യ രണ്ടു ഘട്ടങ്ങൾക്കുള്ള അഡ്‌മിഷൻ ടിക്കറ്റ് ജൂലായ് 4 മുതൽ ലഭ്യമാക്കും. ഓരോ ഘട്ടത്തിനും ഒന്നേകാൽ മണിക്കൂറാണ് പരീക്ഷാസമയം. 100 ചോദ്യങ്ങൾക്ക് ഉത്തരം രേഖപ്പെടുത്തണം. വിശദമായ പാഠ്യപദ്ധതി പരീക്ഷാകലണ്ടറിനൊപ്പമുള്ള ലിങ്കിലുണ്ട്. മലയാളത്തിലും ഭാഷാന്യൂനപക്ഷങ്ങൾക്ക് കന്നഡ, തമിഴ് ഭാഷകളിലും ചോദ്യം ലഭിക്കും. പ്രാഥമികപരീക്ഷ വിജയിക്കുന്നവർക്ക് ഓരോ തസ്തികയിലുമായി മുഖ്യപരീക്ഷ പ്രത്യേകം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |