വിവാഹ ചടങ്ങിൽ പരിപാടികൾ നടത്തിയ കുടുംബത്തെ പള്ളി മഹല്ലിൽ നിന്ന് പുറത്താക്കി

Tuesday 12 February 2019 9:57 AM IST
danish

തൃത്താല: വിവാഹ സൽകാര ചടങ്ങിൽ സംഗീത പരിപാടിയും ആങ്കറിങ്ങും ഉൾപ്പെടുത്തിയതിന് ഡാനിഷ് റിയാസ് എന്ന യുവാവിനെയും കുടുംബത്തെയും പള്ളി മഹല്ലിൽ നിന്ന് പുറത്താക്കിയതായി പരാതി. വിചിത്രമായ കാരണങ്ങൾ കാണിച്ചാണ് പള്ളി മഹല്ല് നടപടികൾ എടുത്തതെന്ന് ഡാനിഷ് പറയുന്നു. തുടർന്ന് മുഖ്യമന്ത്രിക്കും തൃത്താല എം.എൽ.എ വി.ടി ബൽറാമിനും മനുഷ്യാവകാശ കമ്മീഷനും പരാതി എന്ന രൂപേണ ഡാനിഷ് ഫേസ്ബുക്കിൽ ഒരു തുറന്ന കത്തെഴുതുകയും ചെയ്തു.

ഡിസംബർ 28ന് മലപ്പുറം എടപ്പാളിലെ വിവ പാലസിൽ വച്ചായിരുന്നു ഡാനിഷ് റിയാസിന്റെ സഹോദരന്റ വിവാഹം. ചടങ്ങിൽ പങ്കെടുക്കാനെത്തിയ സ്ത്രീകൾ വേദിയിൽ കയറി വധൂവരന്മാർക്കൊപ്പം ഫോട്ടോ എടുത്തു,​ കുഞ്ഞുങ്ങൾ സ്റ്റേ‌ജിൽ കയറി ഡാൻസ് കളിച്ചു,​ ഓൾക്കസ്ട്ര ഉപയോഗിച്ചു,​ സ്ത്രീകളും പെൺകുട്ടികളും മൈക്കിലൂെട സംസാരിച്ചു എന്നീ കാരണങ്ങൾ കാണിച്ചാണ് മഹല്ല് കമ്മിറ്റി കഴിഞ്ഞ 45ദിവസങ്ങളായി നിസഹകരണം കാണിക്കുന്നതെന്ന് ഡാനിഷ് പറയുന്നു. മാത്രമല്ല വെള്ളിയാഴ്ച പള്ളിയിൽ മൈക്കിലൂടെ വിവാഹത്തെ വളരെ മോശമായി ചിത്രീകരിക്കുകയും ചെയ്തതായി ഡാനിഷ് പറയുന്നു.

മഹല്ല് കമ്മിറ്റി തന്റെ സഹോദരനെ വിളിച്ച് വിശദീകരണം ചോദിച്ചിരുന്നു എന്നാൽ മറുപടിയിൽ തൃപ്തിയാകാതെയാണ് കമ്മിറ്റി അംഗങ്ങൾ നടപടിയെടുത്തെന്നും ഡാനിഷ് പറയുന്നു. വിവാഹ ചടങ്ങുകളിൽ പ്രദേശത്തെ മഹല്ല് കമ്മിറ്റി പരിപാടികൾ നടത്താൻ സമ്മതിക്കാറില്ലെന്നും നേരത്തേ തന്റെ വിവാഹ ചടങ്ങിന് സംഗീത പരിപാടി നടത്തിയതിന് മഹല്ലിലെ ചിലർ പരിപാടികൾ നിർത്തിവെക്കാനുള്ള നിലപാട് സ്വീകരിച്ചിരുന്നെന്നും ഡാനിഷ് വ്യക്തമാക്കി.

മറ്ര് മഹല്ലുകളിൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലല്ലോ എന്ന് മഹല്ല് കമ്മിറ്റി അംഗങ്ങളോട് അന്വേഷിച്ചപ്പോൾ വേണമെങ്കിൽ മറ്റ് മഹല്ലുകളിൽ പോയി ചേരാനും,​ ശരീഅത്ത് നിയമപ്രകാരം ഇവിടെ ഇങ്ങനെയാണെന്നും മഹല്ല് കമ്മിറ്റി അധികൃതർ പറഞ്ഞതായി ഡാനിഷ് ആരോപിക്കുന്നു. അതേസമയം ഫേസ്ബുക്കിലെ ഡാനിഷിന്റെ പോസ്റ്റ‌ിനെ അനുകൂലിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

ഡാനിഷിന്റെ ഫേസ്ബുക്ക് പോസ്റ്റ‌ിന്റെ പൂർണരൂപം...

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും മണ്ഡലം എം.എൽ.എ ബൽറാമിന്റെയും അറിവിലേക്കായി...

"ഇന്നത്തേക്ക് 45 ദിവസമായി എന്നെയും എന്റെ കുടുംബത്തെയും മഹല്ലിൽ നിന്നും പുറത്താക്കിയിട്ട്. നാല് കാരണങ്ങളാണ് മഹല്ല് കമ്മറ്റി പറഞ്ഞത്.

1 : കഴിഞ്ഞ ഡിസംബർ 28 - ന് നടന്ന എന്റെ സഹോദരന്റെ കല്ല്യാണ റിസപ്‌ഷൻ ദിവസം വേദിയിൽ വന്ന സ്ത്രീകൾ സ്റ്റേജിൽ കയറിയതും ഫോട്ടോയെടുത്തതും.

2 : ഞങ്ങളുടെ വീട്ടിലെ കുഞ്ഞുങ്ങൾ സ്റ്റേജിൽ ഡാൻസ് കളിച്ചത്.

3 : സ്റ്റേജിന് താഴെ രണ്ട് പീസ് ഓർക്കസ്ട്ര ഉപയോഗിച്ചത്. (ഒരു റിഥം പാഡും, ഒരു പിയാനോയും)

4 : സ്ത്രീകൾ / പെൺകുട്ടികൾ മൈക്കിലൂടെ സംസാരിച്ചത്.

പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തിലെ വീട് നിൽക്കുന്ന ആലൂർ മഹല്ലിൽ നിന്നും 13 കിലോമീറ്റർ മാറി, യാതൊരു ബന്ധവുമില്ലാത്ത മലപ്പുറം ജില്ലയിലെ എടപ്പാൾ വിവ പാലസിലാണ് പ്രസ്‌തുത വിവാഹ റിസപ്ക്ഷൻ നടന്നത്. നമ്മുടെ കേരളത്തിലെ എത്രയോ പ്രദേശങ്ങളിലും മുസ്ലിം വീടുകളിലും കല്ല്യാണവുമായി ബന്ധപ്പെട്ട മാന്യമായ ഇത്തരം കുടുംബ ആഘോഷങ്ങളൊന്നും ഒരു പ്രശ്നമല്ലെന്നിരിക്കെ, തികച്ചും ഇസ്ലാമികപരമായ വിശ്വാസവും ജീവിത രീതികളും പിന്തുടർന്ന് മഹല്ലുമായി സഹകരിച്ചു പോകുന്ന എന്റെ കുടുംബത്തെ പുറത്താക്കിയ നടപടിയിലും, വെള്ളിയാഴ്ച്ച മൈക്കിലൂടെ വളരെ മോശമായ രീതിയിൽ വിവാഹത്തെ ചിത്രീകരിച്ചതിലും അതിയായ വിഷമമുണ്ട്.

"എല്ലാം എന്റെ തെറ്റാണ്. വരനെയും വധുവിനെയും ആശീർവദിക്കാൻ സ്റ്റേജിൽ കയറുന്ന സ്ത്രീകളെ തടയാൻ എനിക്ക് കഴിഞ്ഞില്ല. അവർ മൈക്കെടുത്ത് ആഹ്ലാദം പങ്കിടുമ്പോൾ ഞാൻ വേണ്ടെന്ന് പറഞ്ഞില്ല. കുഞ്ഞുങ്ങൾ പാട്ടിനനുസരിച്ച് അവർക്കറിയാകുന്ന രൂപത്തിൽ കളിച്ചപ്പോൾ അവരുടെ സന്തോഷം കണ്ടപ്പോൾ തടയാൻ എനിക്ക് കഴിഞ്ഞില്ല. പാട്ടുകാരില്ലെങ്കിലും രണ്ട് പീസ് ഓർക്കസ്ട്ര വിളിച്ചതും സംഗീതം വായിപ്പിച്ചതും ഞാനാണ്. ഇതിലൊന്നും എന്റെ വീട്ടുകാർക്കോ മഹല്ല് പ്രസിഡന്റായ എന്റെ മൂത്താപ്പക്കോ യാതൊരു അറിവുമില്ല. പ്രസ്‌തുത വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം നടത്തിയത് ഞാനാണ്.

ആയതുകൊണ്ട് ഇതിന്റെയെല്ലാം ഉത്തരവാദി എന്ന നിലയിൽ 'ഡാനിഷ് റിയാസ്' എന്ന എനിക്കെതിരെയുള്ള മഹല്ലിന്റെ എല്ലാ നടപടികളെയും, പരിഹാര മാർഗ്ഗ നിർദേശങ്ങളെയും ഞാൻ ബഹുമാനിക്കുന്നു, സ്വാഗതം ചെയ്യുന്നു.ആയതുകൊണ്ട്, എന്റെ കുടുംബാംഗങ്ങളുടെ വിഷമതകൾ മനസിലാക്കി എന്റെ സ്റ്റേറ്റിന്റെ ഉത്തരവാദിത്വപ്പെട്ടവർ ഈ വിഷയത്തിൽ എന്റെ മഹല്ലുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് അപേക്ഷിക്കുന്നു..!

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA