
ഇടുക്കി: പ്രളയശേഷം മാത്രം ഒരു കോടിയിലധികം രൂപയുടെ പാൽ അളന്ന യുവ ക്ഷീര കർഷകന്റെ തകർന്ന ഫാം മാറ്റി സ്ഥാപിക്കാൻ സഹായിക്കാതെ സർക്കാർ. ഇടുക്കി ബഥേൽ മേലേച്ചിന്നാർ തണ്ടാശ്ശേരിൽ ടി.ടി. ജിജി എന്ന ക്ഷീര കർഷകൻ പ്രളയത്തിൽ തകർന്ന ഫാം മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ സഹായം തേടി വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് നാല് വർഷത്തിൽ ഏറെയായി. ഹൈക്കോടതിയെ സമീപിച്ചിട്ടും മറുപടി നൽകാതെ സർക്കാർ സഹായം വൈകിക്കുകയാണെന്ന് ജിജി പറയുന്നു. തകർന്ന ഫാം ഒരു മഴക്കാലം കൂടി അതിജീവിക്കില്ലെന്നും സഹായം കിട്ടിയില്ലെങ്കിൽ അടച്ചുപൂട്ടേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. 17 വർഷം മുമ്പ് ബഥേലിൽ വാങ്ങിയ പത്ത് സെന്റ് ഭൂമിയിലാണ് ഫാം നിൽക്കുന്നത്. ഇവിടെ ഒരു വീടുമുണ്ട്. എന്നാൽ പട്ടയമില്ല. ഇവിടെ തൊഴുത്ത് കെട്ടി പശുക്കളെ വളർത്തി വരികയായിരുന്നു. 2014 മുതൽ ബഥേൽ ക്ഷിരോത്പാദക സഹകരണ സംഘത്തിൽ ഏറ്റവും കൂടുതൽ പാൽ അളക്കുന്നത് ജിജിയായിരുന്നു. 2016ൽ ഫാം വിപുലീകരിച്ചു. കൂടുതൽ പശുക്കളെ വാങ്ങി. ഉത്പാദിപ്പിക്കുന്ന പാലിന്റെ അളവും കൂടി. എന്നാൽ, 2018ലെ മഹാപ്രളയം എല്ലാം തകർത്തു. പത്ത് സെന്റ് ഭൂമിയുടെ ഏഴ് സെന്റും ഉപയോഗ ശുന്യമായി. വീടും ഫാമും തകർന്നു. 2019ലെ വെള്ളപ്പൊക്കത്തിലും നാശനഷ്ടമുണ്ടായി. അന്ന് കളക്ടർക്ക് അപേക്ഷ നൽകുകയും ക്ഷീരവികസന വകുപ്പിലെ നിർദേശപ്രകാരം അന്വേഷണം നടക്കുകയും ചെയ്തു. എന്നാൽ നഷ്ടപരിഹാരം കിട്ടിയില്ല. പിന്നെയും ക്ഷീരവികസന വകുപ്പിനെ സമീപിച്ചു. അപ്പോഴേക്കും വായ്പാ പദ്ധതിയുടെ കാലവധി അവസാനിച്ചിരുന്നു. തുടർന്ന് പുതിയ ഭൂമി വാങ്ങി നല്ലൊരു ഫാം നിർമ്മിക്കാൻ വായ്പ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷീരവികസന വകുപ്പ് മന്ത്രിയെ സമീപിക്കുകയായിരുന്നു. ഇതിന് വകുപ്പ് മന്ത്രിയും ജലമന്ത്രി റോഷി അഗസ്റ്റിനും ശുപാർശ കത്തും നൽകി. തുടർന്ന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സഹകരണ മന്ത്രി കേരളാ ബാങ്കിന് ശുപാർശ കത്തെഴുതി. എന്നാൽ, ഇത്ര വലിയ തുകയായതിനാൽ ശുപാർശ പോരാ ഉത്തരവ് വേണമെന്നാണ് ബാങ്ക് അധികൃതർ അറിയിച്ചത്. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചു. വീടും സ്ഥലവും തൊഴുത്തും നഷ്ടപ്പെട്ടതിന് ധനസഹായം നൽകാൻ കഴിയുമെന്നാണ് മുഖ്യന്ത്രിയുടെ ഓഫീസിൽ നിന്ന് അന്ന് പറഞ്ഞത്. ബാക്കി തുക വായ്പയെടുത്താൽ മതിയെന്നായിരുന്നു നിർദ്ദേശം. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഫാമിലെത്തി അന്വേഷണം നടത്തുകയും ചെയ്തു. എന്നാൽ, സഹായം മാത്രം ലഭിച്ചില്ല. തുടർന്ന് ഇക്കാര്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചു. പലവട്ടം കേസ് വിളിച്ചെങ്കിലും സർക്കാർ സമയം നീട്ടി ആവശ്യപ്പെടുകയാണ്. ഇപ്പോഴും മിൽമയിൽ ദിവസം 170 മുതൽ 200 ലിറ്റർ വരെ പാൽ ജിജി അളക്കുന്നുണ്ട്. നല്ലൊരു വേനൽ മഴ വന്നാൽ ഫാം ഇടിഞ്ഞു വീഴും. ഗർഭിണികളടക്കം പത്തൊൻപതോളം പശുക്കളുടെ ജീവൻ അപകടത്തിലാകും. സഹായം നൽകില്ലെങ്കിൽ അതെങ്കിലും തുറന്ന് പറയണമെന്നാണ് ജിജിയുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |