തിരുവനന്തപുരം: ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന് സജ്ജമായതായി ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 17ന് രാവിലെ എട്ടിന് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെ ഉത്സവം ആരംഭിക്കും. 25നാണ് പൊങ്കാല. രാവിലെ 10.30 ന് പണ്ടാര അടുപ്പിലേക്ക് തീപകരും. നിവേദ്യം ഉച്ചയ്ക്ക് 2.30ന്. അന്ന് രാത്രി ദേവിയുടെ പുറത്തെഴുന്നെള്ളത്തിന് ശേഷം 26ന് രാത്രി 12.30ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും. പൊങ്കാല മഹോത്സവത്തിന്റെ നടത്തിപ്പിനായി 127 പേരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ദിവസവും അന്നദാനം ഉണ്ടായിരിക്കും.
കുത്തിയോട്ട നേർച്ചയ്ക്കായി 606 ബാലന്മാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എല്ലാ വർഷത്തേയും പോലെ പണ്ടാര ഓട്ടവും ഉണ്ടായിരിക്കും.
അംബ, അംബിക, അംബാലിക വേദികളിലാണ് കലാപരിപാടികൾ. പ്രധാന വേദിയിലെ കലാപരിപാടികളുടെ ഉദ്ഘാടനം 17ന് വൈകിട്ട് ആറിന് ചലച്ചിത്രതാരം അനുശ്രീ നിർവഹിക്കും. ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂറിനുള്ള ആറ്റുകാൽ അംബാ പുരസ്കാരം സമർപ്പിക്കും.
ക്ഷേത്രം ചെയർമാൻ എസ്.വേണുഗോപാൽ, പ്രസിഡന്റ് വി.ശോഭ, സെക്രട്ടറി ശരത്കുമാർ.കെ, വൈസ് പ്രസിഡന്റ് കൃഷ്ണൻ നായർ പി.കെ, ജോയിന്റ് സെക്രട്ടറി അനുമോദ് എസ്, ട്രഷറർ ഗീതാകുമാരി എ, പൊങ്കാല മഹോത്സവം ജനറൽ കൺവീനർ ശിശുപാലൻ നായർ കെ, ജോയിന്റ് ജനറൽ കൺവീനർ വിജയകുമാർ എ.എൽ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ഡി.ചിത്രലേഖ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
തത്സമയ സംപ്രേഷണം
പ്രധാന ചടങ്ങുകൾ ആകാശവാണിയിലും www.attukal.org, Attukal Bhagavathy Temple ലും സംപ്രേഷണം ചെയ്യും.
ഭക്ഷണത്തിന്
ഫുഡ് സേഫ്ടി,
പൊലീസ് അനുമതി
പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്ക് ആഹാരവും കുടിവെള്ളവും വിതരണം ചെയ്യുന്ന സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും അടുത്തുള്ള പൊലീസ് സ്റ്റേഷന്റെയും അനുമതി വാങ്ങണം.
ഗ്രീൻ പ്രോട്ടോക്കോൾ
അന്നദാനവും ദാഹജല വിതരണവും നടത്തുന്ന സംഘടനകൾ പ്ളാസ്റ്റിക് ഉപയോഗം ഒഴിവാക്കണം. ഭക്തർ സ്റ്റീൽ പാത്രങ്ങൾ മാത്രം ഉപയോഗിക്കണം. അടുപ്പുകൾക്കായി പച്ചക്കട്ടകൾ ഒഴിവാക്കണം. പ്ളാസ്റ്റിക് കവറുകൾ, പേപ്പർ കപ്പ്, പേപ്പർ പ്ളേറ്റ്, നിലവാരം കുറഞ്ഞ പ്ളാസ്റ്റിക് കുപ്പികൾ എന്നിവയും ഒഴിവാക്കണം.
കോട്ടൺ വസ്ത്രങ്ങൾ
പൊങ്കാല ഇടുന്നവർ കഴിവതും കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. ക്ഷേത്രദർശനത്തിന് വരുമ്പോൾ സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും ഒഴിവാക്കണം.
പൊതുവഴികളിൽ ഗതാഗത തടസം സൃഷ്ടിക്കും വിധവും നടപ്പാതയിൽ പാകിയിരിക്കുന്ന ടൈലുകൾക്ക് മുകളിലും പൊങ്കാല ഇടരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |