SignIn
Kerala Kaumudi Online
Thursday, 25 April 2024 2.06 AM IST

രാഷ്ട്രീയ ചർച്ച: വെടിമരുന്നായി ഗവർണറുടെ ഉപവാസം

gov

പ്രതിപക്ഷത്തിന് പുതിയ ആയുധം

തിരുവനന്തപുരം: സ്ത്രീ സുരക്ഷ, സ്ത്രീധന വിഷയങ്ങളിൽ ബോധവത്കരണം ലക്ഷ്യമാക്കി ഗവർണർ ഇന്നലെ നടത്തിയ ഉപവാസത്തെ സർക്കാരിനെ അടിക്കാനുള്ള വടിയാക്കി പ്രതിപക്ഷം.

ഭരണഘടനയനുസരിച്ച് സംസ്ഥാന ഭരണത്തിന്റെ നിർവഹണാധികാരിയായ ഗവർണർ നേരിട്ട് സമര മുഖത്തിറങ്ങുന്നത് സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ പരാജയമാണെന്നാരോപിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും കേന്ദ്ര സഹമന്ത്രി വി. മുരളീധരനും രംഗത്തെത്തി.

ഗവർണറുടെ ഉപവാസത്തിൽ രാഷ്ട്രീയമില്ലെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ വിശദീകരിച്ചത്. പക്ഷേ, രാജ്യചരിത്രത്തിൽ അപൂർവ്വമായ സമരമുറ, സംസ്ഥാനഭരണ നേതൃത്വത്തെ അലോസരപ്പെടുത്തുമെന്ന് തിരിച്ചറിഞ്ഞ പ്രതിപക്ഷം, അത് മുഖവിലയ്ക്കെടുക്കുന്നില്ല. വണ്ടിപ്പെരിയാറിൽ ആറ് വയസ്സുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന ഭീതിജനകമായ സംഭവത്തിലെ പ്രതിയുടെ ഡി.വൈ.എഫ്.ഐ ബന്ധം ആയുധമാക്കി പ്രതിപക്ഷം സമരമുഖത്താണ്. വാളയാർ അടക്കമുള്ള പീഡനപരാതികളിലും സർക്കാരും, ആഭ്യന്തരവകുപ്പും പ്രതിരോധത്തിലായതും അവർ എടുത്തുകാട്ടുന്നു.

സ്ത്രീകൾക്കെതിരായ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് ഗവർണർക്ക് പരസ്യമായി ഉപവസിക്കേണ്ടി വന്നതിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കുറ്റപ്പെടുത്തി. സർക്കാരിന് കണ്ണ് തുറക്കാൻ ഇത് പ്രേരണയാവട്ടെയെന്നാണ് വി.എം. സുധീരന്റെ പ്രതികരണം. ഗാന്ധിയൻ മാർഗ്ഗത്തിലുള്ള പ്രതിഷേധത്തിലൂടെ ഗവർണർ നൽകുന്ന സന്ദേശം ഭരണത്തലപ്പത്തുള്ളവരുടെ കണ്ണ് തുറപ്പിക്കട്ടെയെന്ന് വി. മുരളീധരനും പ്രതികരിച്ചു.

ഭരണമുന്നണിയിൽ സി.പി.എമ്മും സി.പി.ഐയുമടക്കമുള്ള കക്ഷികൾ വിഷയത്തിൽ മൗനം പാലിച്ചപ്പോൾ, പ്രതിരോധിക്കാൻ ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലിം മടവൂരാണ് രംഗത്തെത്തിയത്. സർക്കാരിന്റെ തലവനായ ഗവർണർക്ക് മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി വീഴ്ചകളുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാമെന്നിരിക്കെ, അദ്ദേഹത്തിന്റെ വിക്രിയകൾ കേരളം സ്ത്രീകൾക്ക് സുരക്ഷിതമല്ലെന്ന് പ്രചരിപ്പിക്കാനാണെന്ന് സലിം കുറ്റപ്പെടുത്തി. ഗവർണർക്കെതിരെ വിവാദമുണ്ടാക്കി ഭരണത്തിന്റെ തുടക്കനാളുകളിൽ അസുഖകരമായ അന്തരീക്ഷമുണ്ടാക്കേണ്ടെന്ന തിരിച്ചറിവ് ഇടതുനേതൃത്വത്തിനുണ്ട്. സാമൂഹ്യവിഷയത്തിലെ ഗവർണറുടെ ഇടപെടലിനെ മറ്റ് തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും അവർ കാണുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.