SignIn
Kerala Kaumudi Online
Friday, 19 April 2024 4.09 PM IST

ഗവർണറുടെ സമ്മർദ്ദ തന്ത്രം പ്രതിരോധിക്കാൻ ഇടതുമുന്നണി

p

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിനോടുള്ള 'പ്രീതി' പിൻവലിക്കാൻ ദേശദ്രോഹക്കുറ്റം വരെയാരോപിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം

സർക്കാരിനെ സമ്മർദ്ദത്തിലാക്കാനെന്ന വിലയിരുത്തലിൽ ഇടതു നേതൃത്വം. വിഷയത്തിൽ കരുതലോടെ നീങ്ങാനാണ് തീരുമാനം.

സർവകലാശാലകളിൽ കാവിവത്കരണം നടപ്പാക്കാനുള്ള ആർ.എസ്.എസ് അജൻഡയാണ് പിന്നിലെന്ന രാഷ്ട്രീയ പ്രചരണം ശക്തിപ്പെടുത്തി ഗവർണറുടെ നീക്കങ്ങളെ പ്രതിരോധിക്കും.അതേ സമയം, ഗവർണർ- സർക്കാർ യുദ്ധം സൃഷ്ടിക്കുന്ന ഭരണ പ്രതിസന്ധിയെച്ചൊല്ലി സർക്കാർ തലപ്പത്ത് ആശങ്കകളുമുണ്ട്. മുഖ്യമന്ത്രി തള്ളിയെങ്കിലും ,കത്തിലെ ആരോപണങ്ങൾ ചൂണ്ടിക്കാട്ടി പുറത്തുള്ളൊരാൾ കോടതിയെ സമീപിക്കുന്ന സാഹചര്യമൊരുക്കലാണ് രാജ്ഭവൻ തന്ത്രം. ഉത്തർപ്രദേശിൽ ഒരു മന്ത്രിക്കെതിരെ മുമ്പ് ഗവർണർ അപ്രീതി രേഖപ്പെടുത്തിയ സംഭവത്തിൽ അലഹബാദ് ഹൈക്കോടതി മന്ത്രിക്കനുകൂലമായാണ് വിധി പറഞ്ഞത്. ഷംഷേർസിംഗ് കേസിലെ സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ വിധിയിലുൾപ്പെടെ മന്ത്രിസഭയുടെ ഉപദേശ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഗവർണർമാർ പ്രവർത്തിക്കേണ്ടതെന്ന് അടിവരയിട്ടതും സർക്കാരിന് പ്രതീക്ഷ നൽകുന്നതാണ്. എങ്കിലും, കേസ് കോടതിയിലെത്തിച്ചാൽ കുറച്ച് മാസങ്ങളെങ്കിലും വ്യവഹാരങ്ങളുടെ സമ്മർദ്ദം സൃഷ്ടിച്ച് സർക്കാരിനെ കുരുക്കിലാക്കാം. അതുകൊണ്ട് കൂടുതൽ പ്രകോപനങ്ങളിലേക്ക് മന്ത്രിമാർ ഇനി തിരിയേണ്ടെന്നാണ് ധാരണ.

ബനാറസ് ഹിന്ദു സർവകലാശാലയിലെത്തിയ താൻ നേരിൽക്കണ്ട അനുഭവം വിവരിക്കവേ, ഇങ്ങനെയുള്ള സ്ഥലത്ത് നിന്ന് വരുന്നവർക്ക് കേരളത്തിലെ സർവകലാശാലകളെ മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നാണ് ധനമന്ത്രി പ്രസംഗിച്ചത്. എന്നാൽ ,മന്ത്രി ഉത്തർപ്രദേശിനെ തരംതാഴ്ത്തി ദേശീയൈക്യം തകർത്ത് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് ഗവർണർ ആരോപിക്കുന്നത്. ഇതിലൂടെ, ദേശീയതലത്തിൽ കേരള സർക്കാരിനെതിരെ മോശം പ്രതിച്ഛായ സൃഷ്ടിക്കാനും ലക്ഷ്യമുണ്ടെന്ന് ഇടതുനേതൃത്വം സംശയിക്കുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ സൊമാലിയയോട് താരതമ്യം ചെയ്തതും ,യു.പിയിലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ വോട്ട് ചെയ്താൽ യു.പി കേരളമാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതും ഗവർണറുടെ കണ്ണിൽ ദേശദ്രോഹമല്ലേയെന്ന ചോദ്യം ഇടതു കേന്ദ്രങ്ങളുയർത്തുന്നു.ഇടയ്ക്കിടയ്ക്ക് ഡൽഹിയിലെത്തുന്ന ഗവർണർ

കൃത്യമായ തിരക്കഥയ്ക്കനുസരിച്ച് പ്രവർത്തിക്കുന്നുവെന്നാണ് ആക്ഷേപം.

സംസ്ഥാനത്തെ സർവകലാശാലകളിൽ വി.സിമാരായി ആർ.എസ്.എസ് അനുഭാവികളെ തിരുകിക്കയറ്റാൻ ശ്രമിക്കുന്നുവെന്ന പ്രചരണം ലോക്‌സഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ടാണ്. ഗവർണറുടെ നീക്കത്തെ സംശയത്തോടെ കാണുന്ന മുസ്ലിംലീഗിന്റെയും, കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന്റെയും നിലപാടുകൾ കേരളത്തിലെ യു.ഡി.എഫിൽ ഉളവാക്കിയിട്ടുള്ള ആശയക്കുഴപ്പം മുതലെടുക്കാനാവുമെന്നും സി.പി.എം കരുതുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.