തിരുവനന്തപുരം:തുടർച്ചയായി വിദ്വേഷപ്രസംഗം നടത്തുന്ന പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. 2022ൽ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്നാണ് സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. അടിയന്തരാവസ്ഥയുടെ 50ാം വാർഷികത്തിൽ ആർ. എസ്. എസ്. സഹയാത്രികനായ അജി കൃഷ്ണൻ സെക്രട്ടറിയായ എച്ച്. ആർ. ഡി. എസ്. ഇന്ത്യ തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിൽ മുസ്ലീങ്ങൾക്കെതിരെ വർഗീയ പരാമർശം നടത്തിയ പി സി ജോർജ് തനിക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പൊതുപ്രവർത്തകൻ എസ്. ടി. അനീഷ് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. പിന്നാലെയാണ് സർക്കാർ പി. സി. ജോർജിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടി ആരംഭിച്ചത്.
ഹെക്കോടതിയുടെ ജാമ്യവ്യവസ്ഥ ബിജെപി നേതാവായ പി. സി. ജോർജ് നിരന്തരം ലംഘിക്കുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. സർക്കാരിന്റെ ഹർജിയിൽ പി. സി. ജോർജിന് ഹൈക്കോടതി നോട്ടീസ് നൽകി.എച്ച്.ആർ.ഡി.എസ് ഒത്താശയോടെയുള്ള പി.സി.ജോർജിന്റെ വർഗീയ പ്രസംഗത്തിൽ തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പരാതിക്കാരൻ നൽകിയ ഹർജി പരിഗണിക്കാനിരിക്കെയാണ് സർക്കാർ നടപടി.
'മുസ്ലീം അല്ലാത്തവർക്ക് ജീവിക്കാൻ അവകാശമില്ലെന്ന് ചിന്തിക്കുന്ന തലമുറയെ മുസ്ലീം സമുദായം വളർത്തുന്നു. ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരാളും ഈ മണ്ണിൽ ജീവിക്കരുത്. ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് നടക്കുമ്പോൾ പാക്കിസ്ഥാൻ വിക്കറ്റ് പോകുമ്പോൾ അള്ളാഹു അക്ബർ എന്ന് വിളിക്കുന്നു. ഇതിനെതിരെ പിണറായി വിജയൻ കേസെടുത്താലും പ്രശ്നമില്ല കോടതിയിൽ തീർത്തോളാം' എന്നായിരുന്നു പി. സി. ജോർജിന്റെ വെല്ലുവിളി. വേദിയ്ക്ക് പുറത്തെത്തിയ പി. സി. ജോർജ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെതിരെയും ആരോപണം ഉന്നയിച്ചു.
'ജവഹർലാൽ നെഹ്രുവിന്റെ അപ്പൻ മോത്തിലാൽ നെഹ്രു മുസ്ലീമായിരുന്നു. നെഹ്രു അടച്ചിട്ട മുറിയിൽ അഞ്ചുനേരം നിസ്‌ക്കരിക്കുമായിരുന്നു . അയാളാണ് ഇന്ത്യയെ നശിപ്പിച്ചത് . ഇന്ത്യയെന്ന പേര് ഉപയോഗിക്കരുത്.ഭാരതം എന്നതാണ് ശരി' ഇതായിരുന്നു ജോർജിന്റെ വിവാദ പരാമർശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |