തലശ്ശേരി: കലുഷിതമായ വർത്തമാന കാലത്ത്, ഗുരു ദർശനത്തിന്റെ പ്രസക്തി ഏറി വരുകയാണെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു.ശിവഗിരി ബ്രഹ്മ വിദ്യാലയ കനക ജൂബിലി ആഘോഷങ്ങൾ ശ്രീജഗന്നാഥ ക്ഷേത്രാങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം കൊണ്ട് മാത്രമേ ഒരു സമൂഹത്തെ അടിസ്ഥാനപരമായി ഉയർത്തിക്കൊണ്ടുവരാൻ സാധിക്കൂവെന്ന് നൂറ്റാണ്ട് മുമ്പ്, ക്രാന്തദർശിയായ ഗുരു ഉദ്ബോധിപ്പിച്ചു. അതു ശരിയാണെന്ന് കാലം തെളിയിച്ചു. സാമൂഹിക വിരുദ്ധരും തീവ്രവാദികളുമായ ചിലരുടെ ചെയ്തികൾ മൂലം മതങ്ങളാണ് പലപ്പോഴും പഴി കേൾക്കേണ്ടി വരുന്നത്. മതങ്ങൾ തീവ്രവാദത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല. വെറുപ്പിന്റെ വിദ്വേഷം പഠിപ്പിക്കുന്നില്ല. പരസ്പരം അംഗീകരിച്ചും ആദരിച്ചും മുന്നോട്ട് പോകാനാവണം. ആചാരാനുഷ്ഠാനങ്ങളെ പരസ്പരം അംഗീകരിക്കണം. . രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ ഒത്തൊരുമിച്ച് മുന്നോട്ട് പോകാൻ ഗുരുദേവ ദർശനം കരുത്തേകട്ടെയെന്ന് റഷീദലി തങ്ങൾ പറഞ്ഞു.
അഡ്വ. പി.കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ, അഡ്വ. കെ. അജിത്കുമാർ, സജിത് നാരായണൻ സംസാരിച്ചു. മുതിർന്ന ശ്രീ നാരായണീയനും ഗ്രന്ഥകാരനുമായ വി.കെ. ഭാസ്കരനെ ആഘോഷ കമ്മിറ്റി വർക്കിംഗ് ചെയർമാൻ അഡ്വ. കെ. സത്യൻ പൊന്നാടയണിയിച്ചു. അഡ്വ. പി.വി. സൈനുദ്ദിൻ, സി. ഗോപാലൻ എന്നിവർ സന്നിഹിതരായി. ഡയറക്ടർ ചന്ദ്രൻ സ്വാഗതവും രവീന്ദ്രൻ പൊയിലൂർ നന്ദിയും പറഞ്ഞു.
ഇന്നലെ രാവിലെ നടന്ന ശ്രീ നാരായണ ദാർശനിക സമ്മേളനത്തിൽ സ്വാമി ബോധി തീർത്ഥ അദ്ധ്യക്ഷനായിരുന്നു. സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്തു. സ്വാമി പ്രേമാനന്ദ, കാരായി ചന്ദ്രശേഖരൻ, എൻ. രേഷ്മ എന്നിവർ സംസാരിച്ചു. സി.കെ. സുനിൽകുമാർ സ്വാഗതവും ഡയറക്ടർ ചന്ദ്രൻ എള്ളത്താൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |