അജ്മാൻ: യു.എ.ഇയിലെ ഗുരുധർമ്മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടനത്തിന്റെ 90-ാം വാർഷികവും ശിവഗിരി ബ്രഹ്മവിദ്യാലയ കനക ജൂബിലിയും കനക നവതി 2022 എന്ന പേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. അജ്മാൻ ജർഫിലെ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ 30 ന് രാവിലെ 9 ന് സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
രാവിലെ ഏഴു മുതൽ സർവൈശ്വര്യ പൂജ ഗുരുദേവ ഭജന, സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, സംഗീത വിരുന്ന് തുടങ്ങിയവ നടക്കും. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി വിശ്വേശ്വരാനന്ദ, ജി.ഡി.പി.എസ് രക്ഷാധികാരി ഡോ. കെ. സുധാകരൻ എന്നിവർ പങ്കെടുക്കും.
ഗുരുധർമ്മ പ്രചാരണ സഭ വൈസ് പ്രസിഡന്റ് വി.കെ. മുഹമ്മദ്, എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കടോളിൽ, ജി.ഡി.പി.എസ് മാതൃസഭാ രക്ഷാധികാരി അജിതാ രാജൻ, കനക നവതി ജനറൽ കൺവീനർ കലാധർ ദാസ്, പ്രോഗ്രാം ഡയറക്ടർ രാജീവ് പിള്ള എന്നിവർ പ്രസംഗിക്കും. സാംസ്കാരിക സമ്മേളനത്തിൽ റോയൽ ഫർണിച്ചർ സ്ഥാപകൻ സുഗതൻ, അൽ അമാനി ഗ്രൂപ്പ് ചെയർമാൻ ടി.എസ്. രാജൻ, വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ സ്ഥാപകൻ കെ.പി. വിജയൻ എന്നിവരെ ആദരിക്കും.
ആംഗ്ളോ ഇന്ത്യൻ എഴുത്തുകാരനായ മുജീബ് ജൈഹൂൺ രചിച്ച Slogans of the Sage എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് ശിവഗിരി മഠാധിപതി പ്രകാശനം ചെയ്യും. ചടങ്ങിൽ മുജീബ് ജൈഹൂണിന് ഗുരുശ്രേഷ്ഠ പുരസ്കാരവും, സാമൂഹിക പ്രവർത്തകൻ പ്രേംസായി ഹരിദാസിന് ഗുരുകൃപ പുരസ്കാരവും സമ്മാനിക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ അഡ്വ. വൈ.എ. റഹിം, ഗുരുധർമ്മ പ്രചരണ സഭ യു.എ.ഇ ഭാരവാഹികളായ കെ.പി. രാമകൃഷ്ണൻ, അഡ്വ. ശ്യാം പി. പ്രഭു, സ്വപ്നാ ഷാജി, സുഭാഷ് ചന്ദ്ര, ഉന്മേഷ് ജയന്തൻ എന്നിവർ അറിയിച്ചു. ഉച്ചയ്ക്കു ശേഷം നൃത്തപരിപാടിയും പിന്നണി ഗായകരായ ശ്രീനാഥ്, സോണിയ, ദേവിക സൂര്യപ്രകാശ് എന്നിവർ അണിനിരക്കുന്ന മ്യൂസിക്കൽ ഷോയും അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |