തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തിൽ ഓരോ പഞ്ചായത്തിലും കുട്ടികൾക്കായി ഹെൽപ്പ് ഡെസ്ക്കുകൾ വരുന്നു. ഇവ സ്ഥാപിക്കാൻ പഞ്ചായത്തുതല ശിശുസംരക്ഷണ സമിതി യോഗങ്ങളിൽ കമ്മിഷൻ നിർദ്ദേശം നൽകി. ഹെൽപ്പ് ഡെസ്ക്കുകൾ വഴി കുട്ടികളുടെ മാനസികാരോഗ്യത്തിനുള്ള പ്രവർത്തനങ്ങൾ നടത്തും.
"ബാലസൗഹൃദം കേരളം" പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ സംരക്ഷണത്തിന്റെയും അവകാശങ്ങളുടെയും സന്ദേശം വാർഡ് തലത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പരിശീലന പരിപാടികൾ പൂർത്തിയായി. ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി രൂപീകരണത്തിന് ബ്ലോക്ക് തലത്തിലുള്ള പരിശീലനം അടുത്ത മാസം നടക്കും. ശിശു സംരക്ഷണസമിതി വാർഡ് തലത്തിൽ വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു. പൊലീസ്, അദ്ധ്യാപകർ എന്നിവർക്കുള്ള പരിശീലനവും ഉടൻ നടത്തുമെന്ന് കെ.വി മനോജ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |