സ്വകാര്യവത്കരണം ഒഴിയുന്നു എച്ച്.എൽ.എല്ലിന് 169 കോടിയുടെ ഓർഡ‌‌ർ

Saturday 16 March 2019 1:04 AM IST
hll-logo

തിരുവനന്തപുരം: രണ്ടുവർഷമായി നഷ്ടത്തിലായിരുന്ന ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലൈഫ് കെയറിനെ സ്വകാര്യവത്കരിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിൻവാങ്ങുന്നതിന്റെ സൂചനയായി 169 കോടി രൂപയുടെ ഓർഡർ കമ്പനിക്ക് ലഭിച്ചു. പതിമൂന്ന് വർഷത്തിനുള്ളിൽ കിട്ടുന്ന ഏറ്രവും വലിയ ഓർഡറാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കഴിഞ്ഞ ദിവസം നൽകിയത്.

നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാനുള്ള നിതി ആയോഗ് നിർദ്ദേശ പ്രകാരമാണ് എച്ച്.എൽ.എല്ലിനെ സ്വകാര്യവത്കരിക്കാൻ ശ്രമങ്ങൾ തുടങ്ങിയത്. ഇതോടെ കേന്ദ്രസർക്കാരിന്റെ ഓർഡറും ഗണ്യമായി കുറച്ചിരുന്നു. ചെങ്കൽ പേട്ടയിലെ എച്ച്.എൽ എൽ ബയോടെക് , എച്ച്.എൽ.എൽ മെഡി പാർക്ക് എന്നിവ ഒഴികെയുള്ള ഡിവിഷനുകളാണ് സ്വകാര്യവത്കരിക്കാൻ ശ്രമിച്ചത്.

ഗർഭനിരോധന ഉറകളുടെ നിർമ്മാണം അല്ലാതെ ഹിന്ദ് ലാബ് പോലെ ആരോഗ്യ മേഖലയിലെ മറ്ര് പ്രവർത്തനങ്ങൾ എച്ച്.എൽ എൽ മേധാവികൾ അധികൃതരെ അറിയിക്കാത്തതിനാലാണ് സ്വകാര്യവത്കരണ നീക്കം നടന്നതെന്നും അഭിപ്രായമുണ്ട്. ഉല്പാദനത്തിന്റെ നിശ്ചിത ശതമാനം എച്ച്.എൽ എൽ വിറ്റാൽ തുല്യമായ തുക കേന്ദ്രസ‌ർക്കാർ നൽകാമെന്നായിരുന്നു കരാർ. എന്നാൽ ഇത് വിൽക്കാതെ രാജ്യത്തെ എച്ച്.എൽ.എൽ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയായിരുന്നു. 60 കോടിയോളം രൂപയുടെ ഈ ഉല്പന്നങ്ങളിൽ പലതിന്റെയും കാലാവധി കഴിഞ്ഞിരുന്നുവെന്ന് എച്ച്.എൽ എംപ്ലോയീ സ് സംഘ് നേതാക്കൾ പറഞ്ഞു.

രാജ്യസഭാംഗം വി.മുരളീധരനും ബി.എം.എസ് ദേശീയ സംഘടനാ സെക്രട്ടറി ബി.സുരേന്ദ്രയും കേന്ദ്രമന്ത്രി ജെ.പി നദ്ദ വഴി ശ്രമിച്ചാണ് ഇപ്പോൾ കൂടുതൽ ഓ‌‌ർഡറുകൾ ലഭ്യമാക്കിയത്. 865 ദശലക്ഷം കോണ്ടത്തിനുള്ള ഓർഡറും 300 ദശലക്ഷം കോണ്ടം കയറ്രുമതി ചെയ്യാനുള്ള ഓർ‌ഡറും ലഭിച്ചു. കോണ്ടത്തിന് സർക്കാർ കൂടുതൽ തുക നൽകും. പുതിയ ഓർഡർ നൽകിയതിനെ സംഘ് നേതാക്കളായ അനിൽകുമാറും ആ‌ർ.എസ്. രാജേഷും സ്വാഗതം ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA