കളക്ടർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി;​ 'എം.എൽ.എ എന്ന് വിളിച്ചത് രാജേന്ദ്രന് ഇഷ്ടപ്പെട്ടില്ല"

Wednesday 13 February 2019 12:57 AM IST
renu-raj

ഇടുക്കി: മൂന്നാർ വിവാദത്തിൽ ദേവികുളം സബ് കളക്ടർ ഡോ. രേണു രാജിന്റെ നടപടി ശരിവച്ചും പ്രശ്നത്തിൽ ഇടപെട്ട എം.എൽ.എ എസ്. രാജേന്ദ്രനെ പഴിച്ചും ജില്ലാ കളക്ടർ കെ. ജീവൻ ബാബു ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. മുതിരപ്പുഴയാറിന്റെ തീരത്തെ അനധികൃത നിർമ്മാണം നിറുത്താൻ നിർദ്ദേശം നൽകിയ സബ് കളക്ടറെ എം.എൽ.എ മോശമായ ഭാഷയിൽ അധിക്ഷേപിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്.
പുഴയിൽ നിന്നുള്ള ദൂരപരിധി വിട്ട് അനധികൃത നിർമ്മാണം അനുവദിച്ചാൽ വിവിധ കോടതികളിൽ നിലനിൽക്കുന്ന കേസുകൾ ദുർബലമാകാൻ ഇടയാക്കുമെന്നതിനാലാണ് സബ് കളക്ടർ ഇടപെട്ടത്. ഇതറിഞ്ഞ എം.എൽ.എ സബ് കളക്ടറുടെ ഓഫീസിൽ നേരിട്ടെത്തി നിർമ്മാണത്തിന് അനുമതി ആവശ്യപ്പെട്ടു. കാരണം വിശദമാക്കിയ സബ് കളക്ടർ അനുമതി നിഷേധിച്ചു. ഇതിൽ കുപിതനായാണ് എം.എൽ.എ മടങ്ങിയത്. നിരോധന ഉത്തരവ് നൽകിയ ശേഷവും പണി തുടരുന്നതറിഞ്ഞ് മൂന്നാർ സ്‌പെഷ്യൽ വില്ലേജ് ഓഫീസറും ഭൂസംരക്ഷണ സേനയും സ്ഥലത്തെത്തിയപ്പോൾ കരാറുകാരനും പഞ്ചായത്ത് അംഗങ്ങളും ഇവരെ അധിക്ഷേപിച്ച് മടക്കി അയച്ചു. പിന്നീട് ദേവികുളം ഭൂരേഖ തഹസിൽദാർ പൊലീസിന്റെ സഹായത്തോടെ എത്തി പണി തടഞ്ഞു. എന്നാൽ എം.എൽ.എ സ്ഥലത്തെത്തി പണി തുടരാൻ നിർദ്ദേശിക്കുകയും ഉദ്യോഗസ്ഥരെ ശകാരിക്കുകയുമായിരുന്നു. ധൈര്യമുണ്ടെങ്കിൽ പണി തടയാൻ വെല്ലുവിളിക്കുകയും ചെയ്തു. തുടർന്ന് സബ് കളക്ടറെ ഫോണിൽ വിളിച്ചും ശകാരിച്ചു. 29 സെക്കൻഡ് നീണ്ടുനിന്ന ഫോൺവിളിയിൽ കെട്ടിടനിർമ്മാണത്തിന് തങ്ങൾക്ക് യാതൊരു അനുമതിയും ആവശ്യമില്ലെന്നും പണി നടത്തിക്കുമെന്നുമായിരുന്നു എം.എൽ.എയുടെ വെല്ലുവിളി. എല്ലാ വിവരങ്ങളും താൻ രാവിലെ എം.എൽ.എയോട് പറഞ്ഞിരുന്നല്ലോ എന്ന സബ് കളക്ടറുടെ പ്രതികരണം രാജേന്ദ്രന് ഇഷ്ടപ്പെട്ടില്ല. എം.എൽ.എ എന്ന് വിളിച്ചതാണ് പ്രകോപനത്തിന് കാരണം. മേലിൽ അങ്ങനെ വിളിക്കരുതെന്ന് പലതവണ ഉച്ചത്തിൽ പറഞ്ഞു. പിന്നീടാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പരസ്യമായ പരാമർശമുണ്ടായത്. ഇതിന്റെ വീഡിയോ തെളിവും തഹസിൽദാരുടെ റിപ്പോർട്ടുമടക്കം ജില്ലാ കളക്ടർ ചീഫ് സെക്രട്ടറിക്ക് കൈമാറി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA