SignIn
Kerala Kaumudi Online
Friday, 19 April 2024 9.20 PM IST

സാരാഭായ് മുതൽ സോമനാഥ് വരെ, അഗ്നിച്ചിറകുകളിൽ പറന്ന് ഐ.എസ്.ആർ.ഒ

mangalyaan1

സ്വതന്ത്ര ഭാരതം എഴുപത്തിയഞ്ച് വർഷത്തെ കഥപറയുമ്പോൾ, അതിൽ 53 വർഷങ്ങൾ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന് കൂടി അവകാശപ്പെട്ടതാണ്.

1969ലാണ് ഐ.എസ്.ആർ.ഒയുടെ തുടക്കം. റോക്കറ്റിന്റെ ഭാഗങ്ങൾ സൈക്കിളിൽ കെട്ടിവച്ച് കൊണ്ടുപോകുന്ന ശാസ്ത്രജ്ഞരായിരുന്നു അന്നത്തെ നേർക്കാഴ്ച. സ്പേസ് സ്റ്റേഷൻ വരെ സ്ഥാപിക്കാനൊരുങ്ങുന്ന ലോകത്തെ അഞ്ച് വമ്പൻ ബഹിരാകാശ രാജ്യങ്ങളിലൊന്നാണ് ഇന്ന്ഇ ന്ത്യ. ഐ.എസ്.ആർ.ഒയുടെ സ്ഥാപക ചെയർമാൻ വിക്രം സാരാഭായിയിൽ നിന്ന് ഇന്നത്തെ ചെയർമാൻ ഡോ. എസ്. സോമനാഥിലെത്തുമ്പോൾ രാജ്യം അഭിമാനത്തിന്റെ നെറുകയിലാണ്. 112 ഉപഗ്രഹങ്ങൾ, എട്ട് പരീക്ഷണവിക്ഷേപണങ്ങൾ, 250 സ്പേസ് ആപ്ളിക്കേഷനുകൾ, 82 വിക്ഷേപണ ദൗത്യങ്ങൾ എന്നിങ്ങനെ പോകുന്നു ഇന്ത്യയുടെ കുതിപ്പ്.

49 രാജ്യങ്ങൾ ബഹിരാകാശ ദൗത്യങ്ങൾക്കായി ഇന്ത്യയെ ആശ്രയിക്കുന്നുണ്ട്. ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള വിജയകരമായ ദൗത്യങ്ങളും ഒറ്ററോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതും ഇന്ത്യ കരുത്തു തെളിയിച്ചു. ഇന്ത്യയുടെ അസ്ട്രോസാറ്റ് സൗരയൂഥത്തിന് പുറത്ത് കുള്ളൻ ഗ്രഹത്തെ കണ്ടെത്തിയത് നാസയുടെ ജെയിംസ് വെബ് ക്യാമറയുടെ യുഗത്തിലും ആഗോള അംഗീകാരം നേടികൊടുത്തു.

1961ൽ തിരുവനന്തപുരത്തെ തുമ്പയിൽ ടി.ഇ.ആർ.എൽ.എസ് (തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ)​ സ്ഥാപിച്ചത്. 1962ൽ ശൂന്യാകാശ പ്രവർത്തനത്തിനായി ഇൻകോസ്‌പാർ എന്ന സംഘടനയും രൂപീകരിച്ചു.1963നവംബറിൽ തുമ്പയിൽ നിന്ന് ആദ്യത്തെ റോക്കറ്റ് പറന്നുയർന്നു. 1969ലാണ് ഐ.എസ്.ആർ.ഒ പിറന്നത്. കാലാവസ്ഥ നിർണയം, ഭൂമി ശാസ്ത്ര വിവരങ്ങൾ, ചാർട്ടുകളും ഭൂഗോള പടങ്ങളും വരയ്ക്കുന്ന വിദ്യ, നാവിക വിദ്യ, വ്യോമയാനം എന്നിവയിലും വിദ്യാഭ്യാസപരമായ സാറ്റലൈറ്റുകൾ വിപുലീകരിക്കുന്നതിലും ഐ.എസ്.ആർ.ഒ കുതിക്കുകയാണ്.

1969ൽ സൗണ്ടിംഗ് റോക്കറ്റിൽ തുടങ്ങിയ ഇന്ത്യ ഇന്ന് നാലായിരം കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കുന്നുണ്ട്. 1975ൽ ആര്യഭട്ടയായിരുന്നു ആദ്യം വിക്ഷേപിച്ച ഉപഗ്രഹം. പിന്നീട് 80കളിൽ രോഹിണി വാർത്താവിനിമയ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതോടെ ടെലിവിഷൻ സംപ്രേഷണമേഖലയിൽ സ്വയംപര്യാപ്തത നേടി. ഇൻസാറ്റ് ഉപഗ്രഹങ്ങളുടെ വരവോടെ ഇന്റർനെറ്റ് ടെലിഫോൺ മേഖലയും ഐ.ആർ.എൻ.എസ്.എസ് ഉപഗ്രഹപരമ്പരയിലൂടെ ഗതിനിർണയ സംവിധാനത്തിലും സ്വയംപര്യാപ്തമായി. ഇന്ന് ആരോഗ്യം, വാർത്താവിനിമയം, വിദ്യാഭ്യാസം, പ്രകൃതിദുരന്തം, കര, കടൽ, ആകാശയാത്രകൾക്കുള്ള നിയന്ത്രണ നിരീക്ഷണ സംവിധാനങ്ങൾക്കും ദുരന്തനിവാരണത്തിലും ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളുടെ സഹായം ആവശ്യമില്ല.

ബഹിരാകാശരഹസ്യങ്ങൾ കണ്ടെത്താനുള്ള അസ്ട്രോറ്റ്, ചന്ദ്രയാൻ, ചൊവ്വയിലേക്ക് മംഗൾയാൻ എന്നിവയും വിജയകരമായി വിക്ഷേപിച്ചു. പി.എസ്.എൽ.വി, ജി.എസ്.എൽ.വി വിക്ഷേപണ റോക്കറ്റുകളും സ്വന്തമായി വികസിപ്പിച്ച ക്രയോജനിക് റോക്കറ്റ് സാങ്കേതികവിദ്യയും ഏറ്റവും പുതുതായി ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള എസ്.എസ്.എൽ.വിയും ഇന്ത്യ സ്വന്തമാക്കി. പുനരുപയോഗ റോക്കറ്റ് വികസനം അന്തിമഘട്ടത്തിലാണ്. അടുത്ത വർഷം ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്ന ഗഗൻയാൻ പദ്ധതിയും അന്തിമഘട്ടത്തിലാണ്. സൂര്യനെ പഠിക്കാനുള്ള ആദിത്യ, ചന്ദ്രനിലേക്കുള്ള പുതിയ ദൗത്യം, ഇന്ത്യൻ സ്‌പെയ്സ് സ്റ്റേഷൻ എന്നിവയാണ് ഭാവിയിലെ ലക്ഷ്യങ്ങൾ.

ദേശ സ്നേഹികളായ

ശാസ്ത്ര പ്രതിഭകൾ

ദേശസ്നേഹികളായ ശാസ്ത്രപ്രതിഭകളാണ് ഇന്ത്യയുടെ കരുത്ത്.

ആണവപ്രോഗ്രാം ഉൾപ്പെടെയുള്ള ശാസ്ത്രസാങ്കേതിക മുന്നേറ്റത്തിന് ഹോമി ഭാഭയും സി.എസ്.ഐ.ആർ ശൃംഖല സൃഷ്ടിച്ച് ശാസ്ത്രത്തിന് വേരോട്ടം നൽകാൻ ശാന്തി സ്വരൂപ് ഭട്നാഗറും പ്രയത്നിച്ച വേളയിൽ ബഹിരാകാശ പരിപാടിക്ക് നേതൃത്വം നൽകുകയായിരുന്നു വിക്രം സാരാഭായി.

എം.എസ്. സ്വാമിനാഥൻ (ഹരിതവിപ്ലവം), സി.എൻ.ആർ. റാവു (കെമിസ്ട്രി), ജി.എൻ. രാമചന്ദ്രൻ (ജീവതന്മാത്രാശാസ്ത്രം), ഗോവിന്ദ് സ്വരൂപ് (റേഡിയോ അസ്‌ട്രോണമി), യു.ആർ. റാവു (ഉപഗ്രഹ നിർമ്മാണം), അന്ന മാണി (കാലാവസ്ഥാ പഠനം), എം.എം. ശർമ (കെമിക്കൽ എൻജിനിയറിംഗ്), എ.വി. രാമ റാവു (ഔഷധ നിർമ്മാണം), ശംഭുനാഥ് ഡേ (കോളറ ഗവേഷണം), എം. വിജയൻ (സ്ട്രക്ചറൽ ബയോളജി), സത്യഭാമ ദാസ് ബിജു (ഉഭയജീവി ഗവേഷണം), താണു പത്മനാഭൻ (ക്വാണ്ടം ഗ്രാവിറ്റി), സമീർ ബ്രഹ്മചാരി (ജീനോം പഠനം) തുടങ്ങിയവരൊക്കെ ദേശാഭിമാന പ്രചോദിതരായ കണ്ണികളാണ്.

ഐ.എസ്.ആർ.ഒയുടെ ശാസ്ത്രജ്ഞനായിരിക്കേയാണ് എ.പി.ജെ. അബ്ദുൾ കലാം മിസൈൽ സാങ്കേതിക വിദ്യ വികസിപ്പിച്ച്ഇ ന്ത്യയ്ക്ക് ആ മേഖലയിൽ സ്വാശ്രയത്വം നേടിക്കൊടുത്തത്.

' ബഹിരാകാശശാസ്ത്രരംഗത്തെ മുൻനിരയിലെ അഞ്ച് രാജ്യങ്ങളിലൊന്നാണ് ഇന്ന് ഇന്ത്യ. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളും സ്വകാര്യസംരംഭകരും പുതുതലമുറയിലെ സ്റ്റാർട്ടപ്പുകളും അക്കാഡമികളും ചേർന്നുള്ള കൂട്ടായ മുന്നേറ്റമാണ് നടത്താനൊരുങ്ങുന്നത്. ആഗോള ബഹിരാകാശ ശാസ്ത്രഗവേഷണ വികസന രംഗത്ത് വലിയ സംഭാവന നൽകാൻ ഇന്ത്യയ്ക്ക് കഴിയും".

- ഡോ. എസ്. സോമനാഥ്,

ഐ.എസ്.ആർ.ഒ ചെയർമാൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ISRO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.