SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.29 PM IST

ഭാരത് ജോഡോ യാത്രയ്ക്ക് ഉജ്വല തുടക്കം, ബ്രിട്ടീഷ് വാഴ്ചപോലെ മോദി: രാഹുൽ 

bha

കന്യാകുമാരി: കേന്ദ്രസർക്കാരിനെയും ബി.ജെ.പി- ആർ.എസ്.എസ് നേതൃത്വത്തെയും കടന്നാക്രമിച്ചും, രാജ്യത്തെ ഭിന്നിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചും കന്യാകുമാരി മുതൽ കാശ്മീർ വരെ 150 ദിവസം നീളുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽഗാന്ധി തുടക്കം കുറിച്ചു.

ബ്രിട്ടന്റെ കോളനി ഭരണത്തിനു സമാനമായ സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് കന്യാകുമാരി ത്രിവേണിസംഗമത്തിനടുത്ത് സജ്ജമാക്കിയ വേദിയിൽ യാത്രയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് രാഹുൽഗാന്ധി പറഞ്ഞു. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രമാണ് ബി.ജെ.പി സർക്കാരും പയറ്റുന്നത്. ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്തി രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് രാജ്യം അടിയറവയ്ക്കപ്പെട്ടതുപോലെ, മൂന്നോ നാലോ വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് രാജ്യത്തെ പണയപ്പെടുത്തുകയാണ് കേന്ദ്രസർക്കാർ. ജി.എസ്.ടിയും നോട്ട് നിരോധനവും വിവാദ കാർഷികനിയമങ്ങളുമെല്ലാം ഈ വൻകിട കോർപ്പറേറ്റ് കമ്പനികൾക്കു വേണ്ടിയായിരുന്നു.

മതത്തിന്റെയും ഭാഷയുടെയും മറവിൽ രാജ്യത്തെ ഭിന്നിപ്പിക്കാമെന്നാണ് ബി.ജെ.പി- ആർ.എസ്.എസ് നേതൃത്വം കരുതുന്നത്. രാഷ്ട്രത്തിന്റെ അഭിമാനമായ ത്രിവർണപതാക പോലും ആക്രമണഭീഷണിയിലാണ്. ഓരോ വ്യക്തിയുടെയും പ്രദേശത്തിന്റെയും വൈവിദ്ധ്യമാർന്ന ഭാഷയും സംസ്കാരവും കൂടിച്ചേർന്നതാണ് ഇന്ത്യ. മതേതര, ജനാധിപത്യ അടിത്തറയ്ക്ക് മേലാണ് ഭീഷണിയുയരുന്നത്. ജുഡിഷ്യറിയെപ്പോലും അവരുടെ അധീനതയിലാക്കുന്നു.

ഓരോ ഇന്ത്യൻ പൗരന്റെയും ഭാവി തങ്ങൾക്ക് എളുപ്പം കൈകാര്യം ചെയ്യാമെന്നാണ് ബി.ജെ.പി- ആർ.എസ്.എസ് നേതൃത്വം കരുതുന്നത്. ഇ.‌ഡിയെ പോലുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷകക്ഷികളെ വേട്ടയാടുന്നു. ഇന്ത്യൻ ജനത ഇതെല്ലാം കണ്ട് ഭയന്ന് കീഴടങ്ങുമെന്നാണവർ ധരിച്ചുവച്ചിരിക്കുന്നത്. എത്ര മണിക്കൂറുകൾ അന്വേഷണ ഏജൻസികളെക്കൊണ്ട് ചോദ്യം ചെയ്യിച്ചാലും പ്രതിപക്ഷനേതാക്കൾ ഭയന്ന് പിന്മാറുമെന്ന് കരുതരുത്.എത്രതന്നെ ഭിന്നിപ്പിച്ച് ഭരിക്കാൻ നോക്കിയാലും ഇന്ത്യൻജനത എക്കാലവും യോജിച്ചു നിൽക്കും.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. തൊഴിലില്ലായ്മ രൂക്ഷമായി. മാദ്ധ്യമങ്ങളെ വരുതിയിലാക്കിയതിനാൽ ടി.വി. ചാനലുകളിലൂടെ ഇതൊന്നും ജനങ്ങൾ കാണുന്നില്ല. അതിരൂക്ഷമായ വിലക്കയറ്റമോ തൊഴിലില്ലായ്മയോ ചർച്ച ചെയ്യുന്നതിന് പകരം മാദ്ധ്യമങ്ങൾ പ്രധാനമന്ത്രിയുടെ ഇമേജിനെ മാത്രമാണ് ഉയർത്തിക്കാട്ടുന്നത്. കർഷകരും തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമെല്ലാം സംഘടിതമായ ആക്രമണത്തിനിരയാവുകയാണെന്നും രാഹുൽഗാന്ധി കുറ്റപ്പെടുത്തി.

#കേരളത്തിൽ 11ന് എത്തും

കന്യാകുമാരി ഗാന്ധിമണ്ഡപത്തിൽ വച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനിൽ നിന്ന് ത്രിവർണപതാക ഏറ്റുവാങ്ങിയ രാഹുൽ ഗാന്ധി പദയാത്രയായാണ് പ്രവർത്തകർക്കൊപ്പം ത്രിവേണിസംഗമത്തിലെത്തിയത്. കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയുടെ ആശംസാസന്ദേശം ഉദ്ഘാടനവേദിയിൽ വായിച്ചു. വിവിധ ദേശീയനേതാക്കൾ സംബന്ധിച്ചു. നാലു ദിവസത്തെ തമിഴ്നാട് പര്യടനത്തിനുശേഷം 11ന് കേരളത്തിലേക്ക് കടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JODO YATRA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.