SignIn
Kerala Kaumudi Online
Saturday, 20 April 2024 8.54 PM IST

ലാളിത്യം മുഖമുദ്ര‌യാക്കി, ഏവർക്കും സ്നേഹം പകർന്നു

k-m-roy

കൊച്ചി: കൊച്ചി നഗരത്തിന്റെ വളർച്ച തൊട്ടടുത്തു നിന്നു കണ്ട പത്രപ്രവർത്തകനായിരുന്നു കെ.എം.റോയ്. നഗരത്തിന്റെ വികസനത്തിൽ തനിക്കും പങ്കുണ്ടെന്ന് അദ്ദേഹം അഭിമാനത്തോടെ എല്ലാ സദസുകളിലും ആവർത്തിച്ചിരുന്നു. കൊച്ചി കപ്പൽശാലയ്ക്കായി അദ്ദേഹത്തിന്റെ പിതാവ് ഭൂമി സ്വമേധയാ വിട്ടുകൊടുക്കുകയായിരുന്നു. പിന്നീട് കടവന്ത്രയിൽ പകരം ലഭിച്ച സ്ഥലത്തേക്ക് താമസം മാറ്റി. വികസനത്തിന് വേണ്ടിയുള്ള കുടിയൊഴിപ്പിക്കലുകളെ എക്കാലവും അദ്ദേഹം പിന്താങ്ങി.

തന്റെ സ്ഥാനവും സ്വാധീനവുമുപയോഗിച്ച് എന്തും സാധിക്കാമായിരുന്ന കാലത്തും ലാളിത്യമുള്ള ജീവിതശൈലി പിന്തുടരാനാണ് ആഗ്രഹിച്ചത്. കോട്ടയത്ത് ട്രെയിനിറങ്ങി റെയിൽവേലൈൻ ക്രോസ് ചെയ്ത് നാഗമ്പടം വഴി നടന്നുനീങ്ങുന്ന വിഖ്യാതനായ പത്രപ്രവർത്തകനെ പലരും അവിശ്വസനീയതയോടെ നോക്കിനിൽക്കുമായിരുന്നു. വഴിയിൽ കാണുന്നവരോട് കുശലം പറഞ്ഞും സാധാരണക്കാരോട് ചങ്ങാത്തം സ്ഥാപിച്ചും നറുനിലാവു പോലെ അദ്ദേഹം മറ്റുള്ളവർക്ക് വഴികാട്ടിയായി.

മംഗളം ജനറൽ എഡിറ്ററായിരിക്കെ ഒട്ടേറെ യുവാക്കളെ പത്രപ്രവർത്തന രംഗത്തേക്ക് കൊണ്ടുവന്നു. പരസ്പരമുള്ള സ്‌നേഹവും ബഹുമാനവുമാണ് ജീവിതത്തിന് അർത്ഥം നൽകുന്നതെന്ന് അദ്ദേഹം പഠിപ്പിച്ചു.

ഏതു സദസ്സിനെയും തന്റെ സാന്നിദ്ധ്യം കൊണ്ട് ആഘോഷമാക്കി മാറ്റുന്നതായിരുന്നു പ്രകൃതം. മികച്ച പ്രഭാഷകനായിരുന്നു. രോഗകാലത്ത് സംസാരിക്കാനായി ആയാസപ്പെടുന്നത് ഉറ്റവരെ ഏറെ സങ്കടപ്പെടുത്തിയ കാഴ്ചയായി. ആറടിയിലേറെ ഉയരമുള്ളതിനാൽ ഏത് ആൾക്കൂട്ടത്തിലും തലയെടുപ്പോടെ നിൽക്കും. മലയാളവും ഇംഗ്ലീഷും ഹിന്ദിയും തമിഴുമെല്ലാം വഴങ്ങുമെന്നത് പത്രപ്രവർത്തക യൂണിയൻ ദേശീയ നേതാവെന്ന നിലയിൽ അനുഗ്രഹമായി. സാഹിത്യം, സിനിമ, രാഷ്ട്രീയം തുടങ്ങി ഏതു വിഷയം ചർച്ചയ്ക്കു വന്നാലും അവയിലെല്ലാം ആധികാരികമായി അഭിപ്രായം പറയുന്നതിനുള്ള വൈദഗ്ദ്ധ്യവും വാക്ചാതുരിയും അദ്ദേഹത്തെ വേറിട്ടു നിറുത്തി. പ്രസരിപ്പും പക്വതയും സമഭാവനയും അദ്ദേഹത്തെ സവിശേഷ വ്യക്തിത്വമാക്കി.

 ഉറച്ച സോഷ്യലിസ്റ്റ്

മത്തായി മാഞ്ഞൂരാനെ നേതാവായി കരുതിയ കെ.എം.റോയ് എക്കാലവും സോഷ്യലിസ്റ്റ് ആശയങ്ങളുടെ വക്താവും കുടുംബവാഴ്ചയുടെ വിമർശകനുമായിരുന്നു. അടിയന്തരാവസ്ഥയുടെ വിമർശകനായ അദ്ദേഹം പിന്നീട് ചന്ദ്രശേഖർ, ജോർജ് ഫെർണാണ്ടസ്, വി.പി. സിംഗ് തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധത്തിലായി. കെ. കരുണാകരൻ, എ.കെ. ആന്റണി, വയലാർ രവി, കെ.വി.തോമസ് തുടങ്ങിയവരോടെല്ലാം ഉറ്റ സൗഹൃദം പുലർത്തി.

അധികാരത്തിലിരിക്കുന്ന നേതാക്കളുടെ മുന്നിൽ ശുപാർശയുമായി കെ.എം.റോയ് കടന്നുചെന്നിട്ടില്ല. എന്നാൽ, അധികാരം നഷ്ടമായി ഏകാന്തതയിലായ നാളുകളിൽ അവരെ കാണാനും ഏറെ നേരം സംസാരിക്കാനും താത്പര്യം കാണിച്ചിരുന്നു. ഏകാന്തതയെക്കാൾ വലിയ ദൈന്യതയില്ലെന്നായിരുന്നു പക്ഷം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KM ROY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.