SignIn
Kerala Kaumudi Online
Thursday, 28 March 2024 11.02 PM IST

കരിപ്പൂർ വിമാനദുരന്തത്തിന് നാളെ ഒരു വർഷം, പൊലിഞ്ഞത് 12 കാരന്റെ ഫുട്ബാൾ സ്വപ്‌നങ്ങൾ

karippoor
അബ്ദുറഹ്മാൻ കുട്ടിയും മകൻ സുഹൈലും

പരപ്പനങ്ങാടി: ദുബായിലെ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂൾ ഫുട്ബാൾ ടീമിന്റെ കാപ്റ്റനായിരുന്നു പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ അബ്ദുറഹ്‌മാൻ കുട്ടിയുടെ മകൻ 12 കാരൻ മുഹമ്മദ് സുഹൈൽ. ഒഴിവ് സമയങ്ങളിലെല്ലാം പന്തിന്റെ പിറകെ ഓട്ടമായിരുന്നു. ഒരുവർഷമായി പന്ത് തൊട്ടിട്ടില്ല. ഇനിയതിന് കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. കരിപ്പൂർ വിമാന ദുരന്തത്തിലേറ്റ ഗുരുതര പരിക്കുകളാണ് അവന്റെ മോഹങ്ങളെ ഗ്രൗണ്ടിന് പുറത്താക്കിയത്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 7നായിരുന്നു കരിപ്പൂർ വിമാന ദുരന്തം. നാളെ ഒരു വർഷം തികയുമ്പോൾ സുഹൈലും ഉപ്പയും ഉമ്മയും പരിക്കുകളുടെ തീരാദുരിതത്തിലാണ്.

അബ്ദുറഹ്‌മാൻ കുട്ടിക്ക് ഷാർജയിലെ സ്വകാര്യ ബാങ്കിലായിരുന്നു ജോലി. ഉമ്മയും സുഹൈൽ ഉൾപ്പെടെ നാല് മക്കളും ഗൾഫിലായിരുന്നു. കഴിഞ്ഞ വർഷം വേനലവധിക്ക് മൂന്ന് സഹോദരങ്ങൾ ആദ്യം നാട്ടിലെത്തി. അതിന്റെ ഇരുപതാം ദിവസം സുഹൈൽ അബ്ദുറഹ്മാൻകുട്ടിക്കും (50) ഉമ്മ മുനീറയ്ക്കും (43) ഒപ്പം നാട്ടിലേക്ക് വരുമ്പോഴായിരുന്നു വിമാനദുരന്തം. വിമാനം മദ്ധ്യത്തിൽ പിളർന്നതോടെ അബ്ദുറഹ്‌മാൻകുട്ടിയും മുനീറയും പുറത്തേക്ക് തെറിച്ചുവീണു. സുഹൈൽ സീറ്റുകൾക്കിടയിൽ കുടുങ്ങി. നാട്ടുകാർ ആദ്യം ആശുപത്രിയിൽ എത്തിച്ചതും ഈ കുടുംബത്തെയാണ്.

സുഹൈലിന് കാലിനായിരുന്നു പരിക്ക്. ചികിത്സ പലതും ചെയ്‌തെങ്കിലും പഴയ അവസ്ഥ ആയില്ല.

അബ്ദുറഹ്‌മാൻകുട്ടിയുടെ കാൽ ഒടിഞ്ഞുതൂങ്ങി. ആദ്യ ശസ്ത്രക്രിയക്ക് ശേഷവും വേദന മാറിയില്ല. വാരിയെല്ലിന്റെ ഭാഗമെടുത്ത് പൊട്ടിയ എല്ലിനൊപ്പം ചേർക്കാൻ വീണ്ടും ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയകളുടെ ഉണങ്ങാത്ത മുറിവുകൾ കാലിൽ ഇപ്പോഴുമുണ്ട്. വാക്കറിന്റെ സഹായത്തിലാണ് നടക്കുന്നത്.

ഭാര്യ മുനീറയ്‌ക്കും നടക്കാനാവില്ല. തോളിനേറ്റ പരിക്കുകൾ കൈകളുടെ ചലനത്തെയും ബാധിച്ചു. മൂന്ന് ശസ്ത്രക്രിയകൾ കഴിഞ്ഞു. ഇനിയും ശസ്ത്രക്രിയകൾ ബാക്കിയുണ്ട്. ചികിത്സാ ചെലവ് എയർഇന്ത്യ വഹിക്കുന്നതാണ് ആശ്വാസം.

അബ്ദുറഹ്മാൻകുട്ടിക്ക് ബാങ്കിൽ ഒമ്പത് വർഷം സർവീസ് ശേഷിക്കെയായിരുന്നു അപകടം. ഇനി ജോലിക്ക് പോവാൻ കഴിയുമോയെന്ന് ഉറപ്പില്ല. അനങ്ങുമ്പോൾ പോലും വേദനയാണ്. എയർഇന്ത്യയുടെ നഷ്ടപരിഹാരമാണ് പ്രതീക്ഷ. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായം വാക്കിലൊതുങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KARIPUR FLGHT ACCIDENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.