ലാത്തിച്ചാർജ്ജിനുള്ള പ്രതികാരം: പൊലീസുകാരന്റെ ബുള്ളറ്റ് കത്തിച്ചു
കൊല്ലം: മൂന്ന് വർഷം മുമ്പ് നടന്ന ലാത്തിച്ചാർജ്ജിനുള്ള പ്രതികാരം തീർക്കാൻ പൊലീസ് ഉദ്യോഗസ്ഥന്റെ ബുള്ളറ്റിന് അക്രമികൾ തീയിട്ടു . ആറന്മുള പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അഞ്ചൽ ആർച്ചൽ പാലവിള വീട്ടിൽ വിവേകിന്റെ ബുള്ളറ്റാണ് കത്തിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
വീട്ടിലെ പോർച്ചിലാണ് ബുള്ളറ്റ് സൂക്ഷിച്ചിരുന്നത്. ബുള്ളറ്റ് കത്തുന്നതിന്റെ ശബ്ദം കേട്ട് വിവേകും മാതാപിതാക്കളും വീടിന് പുറത്ത് വന്നപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. വീടിന് മുന്നിൽ കരിഓയിൽ ഒഴിച്ചിരുന്നു. ഇതിൽ ചവിട്ടി വിവേകും മാതാപിതാക്കളും തെന്നിവീണ് പരിക്കേറ്റു. വീട്ടുകാരും നാട്ടുകാരും ചേർന്ന് വെള്ളം ഒഴിച്ച് തീകെടുത്തി.
പുനലൂർ ശ്രീനാരായണ കോളേജിൽ മൂന്ന് വർഷം മുമ്പ് വിദ്യാർത്ഥി യൂണിയനുകൾ ഏറ്റുമുട്ടിയിരുന്നു. എസ്.എഫ്.ഐ - കെ.എസ്.യു പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിൽ ഇടപെട്ട പൊലീസ് സംഘത്തിൽ വിവേകും ഉണ്ടായിരുന്നു.ഭരണമാറ്റം ഉണ്ടായതിന്റെ ഭാഗമായി അന്നത്തെ കെ.എസ്.യു പ്രവർത്തകർ പകരം വീട്ടിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ അഞ്ചൽ പൊലീസ് കേസെടുത്തു.
മൂന്ന് പേജിൽ ഭീഷണിക്കത്ത്
സംഭവ സ്ഥലത്തുനിന്ന് വിവേകിനെ ഭീഷണിപ്പെടുത്തിയുള്ള കത്തും ലഭിച്ചു. 'മൂന്ന് വർഷം കാത്തിരുന്നത് ഇതിനായിരുന്നു, ഞങ്ങൾ തിരിച്ചുവരില്ലെന്ന് കരുതിയോ നീ ' എന്ന പരാമർശം മൂന്ന് പേജുള്ള കത്തിലുണ്ടായിരുന്നു. വിവേകിന്റെ വീടിന് അല്പം അകലെ നിന്ന് സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.