ദുബായ് സെക്സ് റാക്കറ്റ്: ശ്രീകുമാർ വിലസിയത് സൈനിക ലേബലിൽ
കൊച്ചി: മോഡലിംഗ് മറയാക്കി ദുബായിൽ പെൺവാണിഭത്തിന് ചുക്കാൻ പിടിച്ച മാവേലിക്കര ചാരുംമൂട് സ്വദേശി ശ്രീകുമാർ (42) ബി.എസ്.എഫിലെ മുൻ സൈനികനാണെന്നും കൊച്ചിയിൽ വിലസിയത് ഈ സ്ഥാനമുപയോഗിച്ചെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. ആദ്യ വിവാഹമോചനം നേടി തൃപ്പൂണിത്തുറ സ്വദേശിനിയെ വിവാഹം കഴിച്ചതോടെ, ബിലാൽ എന്ന പേര് സ്വീകരിച്ചു.
സെക്യൂരിറ്റി ഏജൻസികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോഴാണ് വിദേശത്തേക്ക് പോകാനും കൊച്ചിയിലെ സ്പാകളിലും ബ്യൂട്ടി സെന്ററുകളിലുമെത്തി യുവതികളുമായി അടുപ്പം സ്ഥാപിക്കുന്നത്. മുൻസൈനികനെന്ന ലേബൽ അപ്പോഴും ഗുണം ചെയ്തു. അതേസമയം അറസ്റ്റിലായ മലപ്പുറം പൊന്നാനി സ്വദേശി മഞ്ജിമയെ കേസിൽ മാപ്പുസാക്ഷിയാക്കിയേക്കും. എറണാകുളത്ത് ഒരു സ്പായിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇവർ ബിലാലിനെ പരിചയപ്പെട്ടത്. വിദേശത്ത് സ്പായിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത ബിലാൽ, പരാതിക്കാരിയായ യുവതിയെ കേസിലെ ഒന്നാം പ്രതിയായ സിന്ധുവുമായി പരിചയപ്പെടുത്തി. ഈ വർഷം ആദ്യമാണ് ദുബായിലെത്തിച്ചത്. ഇവിടെ നിന്ന് രക്ഷപ്പെട്ട്, മരട് പൊലീസിൽ യുവതി മഞ്ജിമയ്ക്കെതിരെയും പരാതി നൽകിയിരുന്നു.