ഗുരുവായൂരിൽ മുഖ്യമന്ത്രിക്ക് വെണ്ണകൊണ്ട് തുലാഭാരം തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തി
ഗുരുവായൂർ: മുഖ്യമന്ത്രി വി.ഡി. സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. കെ. കരുണാകരന് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന മുഖ്യമന്ത്രിയാണ് സതീശൻ. ഇന്നലെ രാവിലെയായിരുന്നു ക്ഷേത്രദർശനം. കാണിക്കയും കദളിക്കുലയും സമർപ്പിച്ചു. തുടർന്ന് വെണ്ണകൊണ്ട് തുലാഭാരവും നടത്തി. 71 കിലോ വെണ്ണ തുലാഭാരത്തിനുപയോഗിച്ചു. മുഖ്യമന്ത്രിയെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എ.വി. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
അതിനിടെ സതീശൻ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാവിലെ എട്ടരയോടെ ക്ഷേത്രത്തിലെത്തി. ദേവസ്വം കമ്മിഷണർ എം.മനോജ്കുമാർ, ക്ഷേത്രം മാനേജർ വി.എൻ.ഹരിഹരഭട്ട് എന്നിവരുടെ നേതൃത്വത്തിൽ പൂർണകുംഭം നൽകി സ്വീകരിച്ചു. തുടർന്ന് മീനൂട്ട്, കദളിക്കുല സമർപ്പണം,101 വെടിവഴിപാട്, വെള്ളിക്കുടത്തിൽ നെയ്യ് സമർപ്പണം തുടങ്ങിയ വഴിപാടുകൾ നടത്തിയാണ് മടങ്ങിയത്.