SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.21 PM IST

ഇത് ഇടിഞ്ഞാറിന്റെ നാട്ടുതനിമ

photo

പാലോട്: മണ്ഡലകാലത്തിനിടെ ഹലാൽ വിവാദവും കത്തിപ്പടരുമ്പോൾ അയ്യപ്പനും വാവരും തമ്മിലുള്ള അപൂർവ സൗഹൃദത്തിന്റെ നേർക്കാഴ്ച പോലെ രണ്ട് ആരാധനാലയങ്ങൾ. പെരിങ്ങമ്മല പഞ്ചായത്തിലെ മലയോര ഗ്രാമമായ ഇടിഞ്ഞാറിലാണ് മതമൈത്രിയുടെ ഈ സംഗമഭൂമി. ഇടിഞ്ഞാർ മാടൻ തമ്പുരാൻ ക്ഷേത്രവും മുഹിയ്ദ്ദീൻ ജുമാ മസ്ജിദുമാണ് യാതൊരു വേർതിരിവുമില്ലാതെ ഒരേ കോമ്പൗണ്ടിൽ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നത്. ചുറ്രുമതിൽ മാത്രമല്ല ഇരുദേവാലയങ്ങളിലെയും ആവശ്യങ്ങൾക്ക് വെള്ളമെത്തിക്കുന്ന കിണറും ഒന്നുതന്നെയെന്നതാണ് ഇവിടത്തെ പ്രത്യേകത. ക്ഷേത്രത്തിലെ മണ്ഡലകാല ഉത്സവവും പള്ളിയിലെ നബിദിനാഘോഷവുമെല്ലാം ഇവിടത്തുകാർ ഒരുമിച്ച് ആഘോഷിക്കുമ്പോൾ അനാവശ്യ വിവാദങ്ങളിലൂടെ മനുഷ്യനെ വിഭജിക്കാൻ ശ്രമിക്കുന്നവർക്ക് ഒരു വലിയ സന്ദേശമാണ് ഈ ആരാധനാലയങ്ങൾ നൽകുന്നത്.

ദിവസവും പള്ളിയിൽ ബാങ്ക് മുഴങ്ങുമ്പോൾ അമ്പലത്തിലെ ശരണമന്ത്രങ്ങൾ ഒരുനിമിഷം നിശ്ചലമാകും. ക്ഷേത്രത്തിലെ പൂജാസമയങ്ങളിൽ പള്ളിയിലെ മൈക്കും ഇതുപോലെ ഓഫ് ചെയ്യും. മണ്ഡലച്ചിറപ്പാണ് ക്ഷേത്രത്തിലെ ഉത്സവനാൾ. ഈ ദിവസങ്ങളിൽ ക്ഷേത്രം അലങ്കരിക്കുന്നതോടൊപ്പം പള്ളിയും അലങ്കരിക്കും. തിരിച്ചും അങ്ങനെ തന്നെ. ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും പള്ളിയിലെ കാണിക്കവഞ്ചിയും സ്ഥാപിച്ചിരിക്കുന്നതും ക്ഷേത്രത്തോട് ചേർന്നാണ്. അമ്പലത്തിൽ നിന്ന് പ്രസാദം സ്വീകരിക്കുന്നതും പള്ളിയിലെ നോമ്പുതുറയുമെല്ലാം ഇവിടെ എല്ലാവരും ഒരുമിച്ചാണ്. നിലവിൽ ക്ഷേത്ര രക്ഷാധികാരി കെ.സി.സോമരാജനും പള്ളി പ്രസിഡന്റ് അബ്ദുൾ കലാമുമാണ്. കമ്മിറ്റികൾ തമ്മിലും സൗഹാർദ്ദത്തിന് ഇതുവരെ യാതൊരു കോട്ടവും ഉണ്ടായിട്ടില്ല.

പതിറ്റാണ്ടുകൾ പഴക്കമുള്ള സൗഹൃദം

ആദിവാസി ഊരുമൂപ്പൻമാരുടെ നേതൃത്വത്തിൽ പൊന്മുടി വനമേഖലയായ മാടൻകുന്നിന് അഭിമുഖമായി ഒരു ചെമ്പകത്തറ സ്ഥാപിച്ചു. അരയാലും നട്ടു. ആദിവാസികളാണ് പരമ്പരാഗതമായി ഇവിടെ പരികർമ്മികൾ. പില്ക്കാലത്ത് കാടു വെട്ടിത്തെളിച്ച് താമസത്തിനെത്തിയ ഇസ്ലാംമത വിശ്വാസികളായ സമീപവാസികൾക്ക് നമസ്കരിക്കാൻ മാടൻകാവിനോടു ചേർന്ന് തയ്ക്കാവ് സ്ഥാപിക്കുകയായിരുന്നു. പതിറ്റാണ്ടുകളായുള്ള ആ സൗഹൃദം ഇന്നും തുടരുന്നു

ഉരുൾപൊട്ടലിനെയും അതിജീവിച്ച്

ഹസൻ മന്നാനിയും സൂര്യൻ കാണിയുമാണ് രണ്ടിടത്തെയും ആരാധനയ്ക്ക് നേതൃത്വം നൽകുന്നത്. 1991ൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഇവിടത്തെ നൂറിലധികം വീടുകൾ തരിപ്പണമായെങ്കിലും പള്ളിക്കും അമ്പലത്തിനും യാതൊരു കേടുപാടും ഉണ്ടായില്ല. ഇതോടെ ഇവിടുത്തുകാരുടെ വിശ്വാസത്തിനും ആക്കംകൂടി. നാടിന് മഹത്തായ സന്ദേശം പകരുന്ന നൂറ്രാണ്ടിലധികം പഴക്കമുള്ള ആരാധനാലയങ്ങൾ പൈതൃകസ്വത്തായി സംരക്ഷിക്കാൻ സർക്കാർതലത്തിൽ നടപടി വേണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TEMPLE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.