SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.25 PM IST

മാനുഷികമായ പിഴവിനും സാദ്ധ്യത

p

'കാലാവസ്ഥ മൂലമോ, നാവിഗേഷനിൽ വരുന്ന തകരാറു മൂലമോ ഫ്‌ളൈറ്റിന്റെ നിയന്ത്രണം നഷ്ടപ്പെടാതെതന്നെ, തറയിൽ ഇടിക്കുന്ന അവസ്ഥയിലേക്ക് അഥവാ കൺട്രോൾഡ് ഫ്‌ളൈറ്റ് ഇൻടു ടെറൈൻ (സി.എഫ്.ഐ.ടി) വന്നതാകാനാണ് ഏറെ സാദ്ധ്യത."

സംയുക്ത സേനാ മേധാവി സഞ്ചരിച്ച എം.ഐ 17 വി 5 ഹെലികോപ്റ്റർ അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് നീക്കം തുടങ്ങിക്കഴിഞ്ഞു. അപകടത്തിനു തൊട്ടുമുമ്പ് നിയന്ത്രണത്തോടെ പറക്കുന്നതാണ് പുറത്തുവന്ന വീഡിയോ ദൃശ്യത്തിലുള്ളത്. പിന്നീട് അപകടത്തിന്റേതെന്നു തോന്നിക്കുന്ന ശബ്ദം കേൾക്കുന്നു. ഈ ചെറിയ സമയത്തിനിടയിൽ കോപ്റ്ററിന് സാങ്കേതിക തകരാർ സംഭവിച്ചിരിക്കാൻ സാദ്ധ്യത വിരളമാണ്. മഞ്ഞിലേക്ക് കടന്ന ശേഷം എന്താണ് സംഭവിച്ചതെന്നാണ് അറിയേണ്ടത്. സി.വി.ആർ, എഫ്.ഡി.ആർ എന്നീ റെക്കോർഡറുകളിൽ നിന്നുള്ള ഏറ്റവും നിർണ്ണായകമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പെട്ടെന്ന് തന്നെ കാരണങ്ങൾ അറിയാനാകും.

അപകടം സംഭവിച്ച സ്ഥലത്ത് ഒരു ഭാഗത്ത് പാറനിറഞ്ഞ കുത്തനെയുള്ള കുന്നുണ്ട്. മൂടൽമഞ്ഞിലേക്ക് കടന്ന ശേഷം, കാഴ്ചയുടെ അഭാവത്തിൽ, സുരക്ഷിതമായി ഗതി നിർണയിക്കുന്നതിൽ വന്നതിലെ പിഴവാകാം അപകടത്തിനിടയാക്കിയത്.

ഭൂമിയോട് കൂടുതൽ അടുക്കുന്ന സമയത്ത് മുന്നറിയിപ്പ് നൽകുന്ന എൻഹാൻസ്ഡ് ഗ്രൗണ്ട് പ്രോക്‌സിമിറ്റി വാണിംഗ് സിസ്റ്റം (ഇ.ജി.പി.ഡബ്‌ള്യു.എസ്) വിമാനങ്ങളിലുണ്ട്. കുന്നുകളും മലയും അടക്കം ലോകത്തെ എല്ലാ ഭൂവിഭാഗങ്ങളെ സംബന്ധിച്ച വിവരങ്ങളും ഇ.ജി.പി.ഡബ്‌ള്യു.എസിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. മുന്നിലെ തടസ്സങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകും.

വിമാനത്തെ അപേക്ഷിച്ച് ഭൂമിയോട് ചേർന്ന് പറക്കുന്ന ഹെലികോപ്റ്ററുകളിൽ ഇ.ജി.പി.ഡബ്‌ള്യു.എസ് മറ്റൊരു വിധത്തിലുള്ളതാണ്. സമാനമായ റഷ്യൻ നിർമ്മിത സംവിധാനം അപകടത്തിനിരയായ എം.ഐ 17 വി 5ൽ ഉണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. (എം.ഐ പരമ്പരയിലെ പഴയ മോഡലുകളിൽ പലതിലും ഇല്ല). എങ്കിലും ഹെലികോപ്റ്ററുകളിൽ മികച്ച ഗതിനിർണ്ണയ സംവിധാനമാണുള്ളത്. ഒന്ന് തകരാറിലായാൽ പ്രവർത്തനം ഏറ്റെടുക്കാൻ സ്റ്റാൻഡ് ബൈ സംവിധാനവും പലതുണ്ട്. കാലാവസ്ഥ മൂലമോ, നാവിഗേഷനിൽ വരുന്ന തകരാറു മൂലമോ ഫ്‌ളൈറ്റിന്റെ നിയന്ത്രണം നഷ്ടപ്പെടാതെതന്നെ, തറയിൽ ഇടിക്കുന്ന അവസ്ഥയിലേക്ക് അഥവാ കൺട്രോൾഡ് ഫ്‌ളൈറ്റ് ഇൻടു ടെറൈൻ (സി.എഫ്.ഐ.ടി) വന്നതാകാനാണ് ഏറെ സാദ്ധ്യത.

കൂനൂർ അപകടത്തിൽ മാനുഷികമായ പിഴവു പറ്റിയോ എന്നതും പരിശോധിക്കേണ്ടി വരും. ആ ഭാഗത്ത് കോപ്ടർ പറപ്പിക്കുന്നത് നീലഗിരി കുന്നുകളുടെ ഭൂഘ‌ടന അറിയാവുന്നവരാകും. അതിനുള്ള പരിശീലനവും അവർക്ക് ലഭിച്ചിട്ടുണ്ടാകും.

അപകട സമയത്ത് കോപ്ടർ പറത്തിയത് സുലൂർ എയർബേസിലെ തന്നെ ഹെലികോപ്റ്റർ യൂണിറ്റിന്റെ കമാൻഡിംഗ് ഓഫീസർ കൂടിയായ വിംഗ് കമാൻഡർ പൃഥ്വി സിംഗ് ചൗഹാൻ ആയിരുന്നു. സി.ഡി.എസിനെ പോലുള്ള വി.വി.ഐ.പിയുടെ യാത്ര ആയതിനാലാകാം പരിചയ സമ്പന്നനായ കമാൻഡിംഗ് ഓഫീസർ തന്നെ കോപ്റ്ററിന്റെ ക്യാപ്റ്റൻ ആയത്. മൂടൽ മഞ്ഞിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് തോന്നിയാൽ സുലൂർ ബേസിലേക്ക് തിരിച്ചുവിടാമായിരുന്നു. അതിനുള്ള ഇന്ധനവുമുണ്ടായിരുന്നു. എന്നാൽ, വെല്ലിംഗ്ടണിലെ പരിപാടി ഉപേക്ഷിക്കേണ്ടി വരുന്ന ഒരവസ്ഥ ഇദ്ദേഹത്തിന്റെ മനസ്സിൽ തീർച്ചയായും ഒരു ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടാകും.

വ്യോമസേനയിലെ ഒാരോ ദൗത്യവും പ്രധാനപ്പെട്ടതാണെങ്കിലും പ്രതിസന്ധി ഘട്ടങ്ങളിൽ അതു മുന്നോട്ടു പോയി പൂർത്തിയാക്കുന്നത് ഉചിതമാകുമോ എന്ന് ഒാരോ പൈലറ്റും പരിശോധിക്കുന്നത് സാധാരണ പ്രക്രിയയാണ്. ഏയ്റോനോട്ടിക്കൽ ഡിസിഷൻ മേക്കിംഗ് (എ.ഡി.എം) എന്നാണ് അതിന് പറയുക. ഇത് എല്ലാ പൈലറ്റുമാരും പരിശീലിക്കാറുണ്ട്. കൂനൂർ അപകടം എ.ഡി.എമ്മിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്.

(കൊല്ലം സ്വദേശിയായ ലേഖകൻ പരിചയ സമ്പന്നനായ വൈമാനികനാണ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAWAT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.