തൃശൂർ: കൺസോർഷ്യത്തിലൂടെ 250 കോടി സമാഹരിക്കാനുള്ള പദ്ധതിയും പാളിയതോടെ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാതെ രോഗികളുൾപ്പെടെ 423 പേരുടെ കാത്തിരിപ്പ് നീളുന്നു.
200 കോടിയുടെ വായ്പാ തട്ടിപ്പിൽ പ്രതിസന്ധിയിലായ ബാങ്കിന്റെ പുനരുദ്ധാരണവും പെരുവഴിയിലായി. മൊത്തം നിക്ഷേപകരെക്കുറിച്ചോ പിൻവലിക്കാൻ അപേക്ഷിച്ചവരുടെ മൊത്തം തുകയോ അധികൃതർ വെളിപ്പെടുത്തുന്നില്ല. 25,000 മുതൽ ഒന്നര ലക്ഷം വരെ നിക്ഷേപമുള്ളവരുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിൽ 50 കോടിയുടെ പാക്കേജ് സർക്കാർ അംഗീകരിച്ചെങ്കിലും സഹകരണ റിസ്ക് ഫണ്ടിൽ നിന്ന് അനുവദിച്ച 10 കോടിയിലെ അഞ്ച് കോടിയാണ് കിട്ടിയത്. ഈ തുക വായ്പയായി നൽകണമെന്ന് നിഷ്കർഷിച്ചതിനാൽ നിക്ഷേപകർക്ക് ലഭിച്ചുമില്ല.
സംസ്ഥാന സഹകരണ ബാങ്കിലുള്ള കരുവന്നൂർ ബാങ്കിന്റെ കരുതൽ ധനമായ രണ്ട് കോടിയാണ് നിക്ഷേപകർക്ക് വീതം വച്ചത്.
പുനരുദ്ധാരണത്തിൽ നിന്ന് സർക്കാർ പിന്മാറിയതോടെ ബാങ്കിനെ രക്ഷിക്കാൻ ജില്ലാതല സഹകരണ സംവിധാനങ്ങൾ വഴി ശ്രമിക്കുന്നുണ്ടെങ്കിലും നിക്ഷേപകർക്ക് തുക നൽകാനാകുന്നില്ല. രോഗികൾക്ക് പരമാവധി രണ്ട് ലക്ഷമാണ് നൽകുന്നത്. സഹകരണ മന്ത്രി ഇടപെട്ടതോടെ ഒന്നര വർഷത്തിനിടെ ഒരാൾക്ക് മുഴുവൻ നിക്ഷേപവും ( 23 ലക്ഷം), മറ്റൊരാൾക്ക് പത്ത് ലക്ഷവും നൽകി. പണം കിട്ടാത്തതിനാൽ ചികിത്സ ലഭിക്കാതെ രണ്ട് പേർ മരിക്കുകയും ജപ്തി നോട്ടീസിനെ തുടർന്ന് രണ്ടു പേർ ജീവനൊടുക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി നിർദ്ദേശമനുസരിച്ച് നിക്ഷേപകരുടെ സീനിയോറിറ്റി പ്രകാരം മുതലിലെ 10 ശതമാനവും പലിശയുടെ 50 ശതമാനവുമാണ് നൽകുന്നത്.
തട്ടിപ്പ് ഇങ്ങനെ
തട്ടിച്ചത് 226.77 കോടി
നിക്ഷേപകർക്ക് നൽകിയത് 64 കോടി
തിരിച്ചടവ് നോട്ടീസ് 125 കോടി
കെ.വൈ.എസി പുതുക്കുന്നു
കെ.വൈ.സി പരിശോധിച്ച് യഥാർത്ഥ നിക്ഷേപകരെന്ന് ഉറപ്പാക്കി നൽകുന്നതിനാലാണ് കാലതാമസം. ജീവനക്കാർ കുറവായതിനാൽ കെ.വൈ.സി പുതുക്കാൻ സമയമെടുക്കുന്നു. കുടിശിക പിരിച്ചുള്ള വരുമാനം കൊണ്ടാണ് തുക തിരികെ നൽകുന്നത്. പ്രാഥമിക സംഘങ്ങളിൽ നിന്ന് നിക്ഷേപമായി എട്ട് ശതമാനം പലിശയ്ക്ക് 10.5 കോടി സമാഹരിച്ചു. ജപ്തി ചെയ്ത വസ്തുക്കൾ ലേലം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |