SignIn
Kerala Kaumudi Online
Saturday, 20 April 2024 8.41 AM IST

കോടിയേരി വ്യക്തിജീവിതം ത്യജിച്ച്  പാർട്ടി ജീവിതം നയിച്ചു: സി.പി.എം 

kodiyeri-balakrishnan

തിരുവനന്തപുരം: വ്യക്തിജീവിതത്തെ പൂർണമായും പാർട്ടി ജീവിതത്തിന് കീഴ്‌പ്പെടുത്തിയ മാതൃകാ രാഷ്ട്രീയ വ്യക്തിത്വത്തിനുടമയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അനുശോചനക്കുറിപ്പിൽ പറഞ്ഞു.
അചഞ്ചലമായ പാർട്ടി കൂറും പ്രതിബദ്ധതയും കൊണ്ട് മാതൃകയായിത്തീർന്ന മഹത്തായ കമ്യണിസ്റ്റ് ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
പാർട്ടിയെ ജീവശ്വാസമായി കരുതി. വാക്കും പ്രവൃത്തിയും ജീവിതവും പാർട്ടിക്കായി സമർപ്പിച്ചു.
സി.പി.എമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും പുതിയ രാഷ്ട്രീയ സ്വീകാര്യതയുടെ തലങ്ങളിലേക്കെത്തിച്ചു. ചരിത്രത്തിലാദ്യമായി തുടർഭരണം എൽ.ഡി.എഫിനുറപ്പാക്കുന്ന വിധം നേതൃത്വപരമായി ഇടപെട്ടു. വിഭാഗീയതകളെ ചെറുത്തു. പാർട്ടിയെ ശക്തിപ്പെടുത്തി.
സമര തീക്ഷ്ണതയുടെ ജ്വലിക്കുന്ന നേതൃരൂപമായിരുന്നു. ആശയപരമായും സംഘടനാപരമായും പാർട്ടിയെ നയിക്കുന്നതിൽ അനിതരസാധാരണമായ സംഘാടനാ പ്രത്യയശാസ്ത്ര മികവ് കാട്ടി.
ചിട്ടയായ പ്രവർത്തനം, പാർട്ടിയും ജനങ്ങളുമർപ്പിച്ച വിശ്വാസം കാക്കുന്നതിലെ ശുഷ്കാന്തി, അചഞ്ചലമായ പാർട്ടിക്കൂറ്, കൂട്ടായ പ്രവർത്തനത്തിനുള്ള നേതൃപാടവം എന്നിവയെല്ലാം കോടിയേരിയിൽ ഉൾച്ചേർന്നു.
അടിയന്തരാവസ്ഥയിൽ അറസ്റ്റിലായ കോടിയേരി ലോക്കപ്പിൽ ക്രൂര മർദ്ദനത്തിനിരയായി. മിസ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ അടയ്ക്കപ്പെട്ടു. കർഷകരുടെ ആവശ്യങ്ങളുന്നയിച്ച് നടത്തിയ റെയിൽവേ സമരത്തിൽ പൊലീസിന്റെ ഭീകര മർദ്ദനമേറ്റു. 1971ലെ തലശേരി കലാപത്തിൽ മുസ്ലിം ജനവിഭാഗങ്ങൾക്ക് ആത്മധൈര്യം പകരാനും സഹായം നൽകാനുമുള്ള സ്‌ക്വാഡ് പ്രവർത്തനത്തിൽ സജീവമായി.
തിരുവനന്തപുരത്ത് അഴിമതിക്കെതിരായ സമരം, ജെ.എൻ.യുവിലെ വിദ്യാർത്ഥി ധ്വംസനത്തിനെതിരെ നടന്ന സമരം, നാൽപ്പാടി വാസുവിന്റെ വധത്തിൽ പ്രതിഷേധിച്ചുണ്ടായ സമരം, കർഷകരുടെ ആവശ്യങ്ങളുന്നയിച്ചു നടത്തിയ റെയിൽവേ സമരം എന്നിവയിൽ പങ്കെടുത്തപ്പോൾ പൊലീസിന്റെ ഭീകര മർദനമേറ്റു. ആഭ്യന്തരമന്ത്രിയായിരിക്കെ കേരളാ പൊലീസിന്റെ മുഖം മാറ്റിയെടുക്കുന്നതിൽ കോടിയേരിയെന്ന ഭരണകർത്താവിന്റെ കൈയൊപ്പ് പതിഞ്ഞു. ജനമൈത്രി പൊലീസ് പുതിയ അനുഭവമായി. ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിന് പ്രമുഖ സ്ഥാനം നേടിക്കൊടുക്കാൻ അദ്ദേഹം നടത്തിയ ഭാവനാപൂർണമായ പ്രവർത്തനം കാരണമായെന്നും സി.പി.എം ചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KODIYERI BALAKRISHNAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.