SignIn
Kerala Kaumudi Online
Friday, 29 March 2024 5.16 PM IST

കൊല്ലം ബാബു കഥാവശേഷനായി

v

കൊല്ലം: നാടിന്റെ സ്പന്ദനങ്ങൾ കഥയിൽ ചാലിച്ച് ഉത്സവപ്പറമ്പുകളെ ചടുലമാക്കിയ പ്രസിദ്ധ കാഥികനും നാടക സംവിധായകനുമായ ചവറ കോയിവിള പാവുമ്പ അമ്പാടിയിൽ (ശിവം) കൊല്ലം ബാബു (ജി. മുകുന്ദൻപിള്ള, 80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഞായറാഴ്ച രാവിലെ 6.30ഓടെയായിരുന്നു അന്ത്യം. പതിമൂന്നാം വയസിൽ 'തെരുവിന്റെ മക്കൾ' എന്ന അമച്വർ നാടകത്തിൽ അറുപതുകാരന്റെ വേഷമണിഞ്ഞാണ് കൊല്ലം ബാബു കലാജീവിതം ആരംഭിച്ചത്. പാട്ടുകാരനായ സഹോദരൻ ഗോപിനാഥൻ നായരുടെ പ്രോത്സാഹനത്തിൽ 1959ൽ കാഥികനായി. പിന്നീട് പതിനായിരത്തിലധികം വേദികളിൽ കഥപറഞ്ഞു. ചിറ്റുമല ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ 'കാക്കവിളക്ക് ' ആയിരുന്നു ഏറ്റവുമധികം പറഞ്ഞ കഥ. 80കളിൽ കാനഡയിലും അമേരിക്കയിലും കഥാപ്രസംഗം നടത്തി. 1990ൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഥാപ്രസംഗത്തോട് വിടപറഞ്ഞു. 1982ൽ യവന നാടകട്രൂപ്പ് ആരംഭിച്ചു. ഇതിലൂടെ എല്ലാവർഷവും പുതിയ നാടകങ്ങൾ അരങ്ങിലെത്തിക്കുമായിരുന്നു. 2014ൽ ട്രൂപ്പ് നിറുത്തി. കഥാപ്രസംഗം പറഞ്ഞ് സമ്പാദിച്ചതിൽ വലിയൊരുഭാഗം അദ്ദേഹം നാടകങ്ങൾക്കായി ചെലവഴിച്ചു. 1979ൽ കഥാപ്രസംഗത്തിന് സംഗീതനാടക അക്കാ‌ഡമി പുരസ്കാരം, 2010ൽ കേരള കഥാപ്രസംഗ അക്കാഡമിയുടെ കാഥികശ്രേഷ്ഠ അവാർഡ്, 2012ൽ സമഗ്രസംഭാവനാ പുരസ്കാരം എന്നിങ്ങനെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. സംസ്കാരം ഇന്നലെ ഉച്ചയ്ക്ക് 2.30ന് ചവറ കോയിവിള പാവുമ്പ ക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പിൽ നടന്നു. ഭാര്യ: സി.എൻ. കൃഷ്ണമ്മ. മക്കൾ: കല്യാൺ കൃഷ്ണൻ (പബ്ലിക് ലൈബ്രറി, തിരുവനന്തപുരം), ആരതി രാജീവ്‌ (അസി. സെക്രട്ടറി, ഇടത്തല പഞ്ചായത്ത്‌), ഹരികൃഷ്ണൻ (അയർലൻഡ്). മരുമക്കൾ: ഹരിപ്രിയ (സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, കരുനാഗപ്പള്ളി), രാജീവ്‌ (റിട്ട. ചീഫ് മാനേജർ, ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ്), കീർത്തി (അയർലൻഡ്).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOLLAM BABU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.