ന്യൂഡൽഹി: കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രന്റെ പിൻഗാമിയെ കണ്ടെത്താനുള്ള ചർച്ചകൾ നീളുന്നു. എം.പിമാരായ കെ.സുധാകരൻ, കൊടുക്കുന്നിൽ സുരേഷ് എന്നിവരുടെ പേരുകളാണ് സജീവമായി ചർച്ചയിലുള്ളത്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ നേതാക്കളുമായി ഒരു വട്ടം കൂടി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കും.
തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ മുല്ലപ്പള്ളി സ്ഥാനമൊഴിയുന്നതായി അറിയിച്ചതോടെയാണ് പകരക്കാരനായുള്ള ചർച്ചകൾ സജീവമായത്. അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ തുടക്കം മുതൽ മുൻപന്തിയിലുള്ള കെ.സുധാകരന് നല്ലൊരു വിഭാഗം നേതാക്കളുടെ പിന്തുണയുണ്ട്. എന്നാൽ അദ്ദേഹം അദ്ധ്യക്ഷനാകുന്നതിൽ എതിർപ്പുള്ള ചില മുതിർന്ന നേതാക്കളാണ് കൊടിക്കുന്നിൽ സുരേഷിന്റെ പേര് നിർദ്ദേശിച്ചത്. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത അതേ രീതിയിൽ കെ.പി.സി.സി അദ്ധ്യക്ഷനെയും കണ്ടെത്താൻ ഹൈക്കമാൻഡ് ആഗ്രഹിക്കുന്നെങ്കിലും മുതിർന്ന നേതാക്കളെ വെറുപ്പിക്കരുതെന്ന നിർദ്ദേശം വന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരിഖ് അൻവറിനെ അയയ്ക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |