SignIn
Kerala Kaumudi Online
Thursday, 25 April 2024 7.13 PM IST

ഉപഭോക്താക്കൾക്ക് വെളിച്ചം, കെ.എസ്.ഇ.ബിക്ക് ഷോക്ക്,​ വൈദ്യുതി പോയാലും കിട്ടും നഷ്ടപരിഹാരം,​ കറണ്ടുപോയാൽ 3 മിനിട്ടിനുള്ളിൽ പുനഃസ്ഥാപിക്കണം

kseb

തിരുവനന്തപുരം: വൈദ്യുതി പോയി മൂന്നു മിനിട്ടിനുള്ളിൽ പുനഃസ്ഥാപിച്ചില്ലെങ്കിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണം എന്നതുൾപ്പെടെയുള്ള കർശന വ്യവസ്ഥകളുമായി വൈദ്യുതി ഭേദഗതി ചട്ടം കേന്ദ്രം പുറത്തിറക്കി. വൈദ്യുതി ഭേദഗതി ചട്ടം 2022 പ്രകാരമാണിത്.

നിലവാരമുളളതും തടസ്സമില്ലാത്തതുമായ വൈദ്യുതി, ഉപഭോക്താക്കളുടെ അവകാശമാണ്. ഇതിൽ കുറവോ തടസ്സമോ ഉണ്ടായാൽ കെ.എസ്.ഇ.ബി ഉൾപ്പെടെയുള്ള രാജ്യത്തെ വിതരണ സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണം. നഷ്ടപരിഹാരം വൈദ്യുതി ബില്ലിനൊപ്പം ഉപഭോക്താവിന് ലഭിക്കണം. നേരത്തെ പാർലമെന്റ് പാസാക്കിയ വൈദ്യുതിനിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ചട്ടം നിലവിൽവന്നത്.

വിതരണ സംവിധാനം വളരെ മോശമാണെങ്കിൽ അക്കാര്യം ബോദ്ധ്യപ്പെടുത്തി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനിൽ നിന്ന് അനുമതിയോടെ മാത്രമേ മൂന്നു മിനിട്ട് എന്ന സമയപരിധി മറികടക്കാനാവൂ. കേടായ വൈദ്യുതി മീറ്റർ ഉടൻ മാറ്റിനൽകാൻ സംസ്ഥാനങ്ങളിൽ കൃത്യമായ സംവിധാനമുണ്ടാക്കണം. വൈദ്യുതി ബിൽ സുതാര്യവും ജനങ്ങൾക്ക് പെട്ടെന്ന് മനസിലാകുന്ന തരത്തിലുമാകണം. അതിൽ പരാതിയുണ്ടെങ്കിൽ ഉടൻ പരിഹരിക്കണം. ഇതിനായി പ്രത്യേകം കൺസ്യൂമർ ഗ്രീവൻസ് സെൽ മാനേജർമാരെ നിയമിക്കണം.നിലവിൽ വൈദ്യുതി ബിൽ സംസ്ഥാനത്ത് സുതാര്യമല്ലെന്ന് പരാതിയുണ്ട്.

താത്ക്കാലിക വൈദ്യുതി കണക്ഷൻ, അപേക്ഷിച്ച് 48 മണിക്കൂറിനകം നൽകണം. പുതിയ വൈദ്യുതി കണക്ഷൻ നഗരങ്ങളിൽ 7 ദിവസത്തിനകവും മുനിസിപ്പാലിറ്റികളിൽ 15ദിവസത്തിനകവും ഗ്രാമങ്ങളിൽ 30ദിവസത്തിനകവും നൽകണമെന്നും നിയമം അനുശാസിക്കുന്നു.

നിലവിലെ പ്രശ്നം

ജീവനക്കാരുടെ ശമ്പളച്ചെലവ്, പുറമെനിന്ന് വൈദ്യുതിവാങ്ങാനും കൊണ്ടുവരാനുമുള്ള ചെലവ്, അപ്രതീക്ഷിതമായുണ്ടാകുന്ന വൈദ്യുതി ദൗർലഭ്യം തുടങ്ങിയവമൂലമുണ്ടാകുന്ന നഷ്ടവും മറ്റ് വിധത്തിലുള്ള നഷ്ടവും നികത്താൻ അടിക്കടി കെ.എസ്.ഇ.ബി താരിഫ് വർദ്ധിപ്പിക്കാറുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനും ഒത്താശ ചെയ്യുന്നുണ്ട്. എന്നാൽ, ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കാനും അവർക്ക് നിലവാരമുള്ളതും പരാതിയില്ലാത്തതുമായ വൈദ്യുതി ലഭ്യമാക്കാനും നടപടിയെടുക്കാറില്ല. പുതിയ നിയമവും ചട്ടവും വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഉപഭോക്താക്കൾ സംതൃപ്തരെന്ന് വരുത്താൻ കെ.എസ്.ഇ.ബി ഉപഭോക്തൃ സർവ്വേ നടത്തുകയാണ്. എന്നാൽ, വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാൻ നടപടിയില്ല.

നഷ്ടപരിഹാരം നൽകേണ്ട വീഴ്ചകൾ

*വൈദ്യുതി നഷ്ടപ്പെട്ട് നിശ്ചിതസമയത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കിൽ

*ദിവസത്തിൽ ഒന്നിലേറെ തവണ വൈദ്യുതി നഷ്ടപ്പെട്ടാൽ

*കണക്ഷൻ,റീകണക്ഷൻ എന്നിവയ്ക്ക് അനാവശ്യകാലതാമസമുണ്ടായാൽ

*വൈദ്യുതി കണക്ഷൻ കാറ്റഗറി മാറാൻ കാലതാമസമുണ്ടായാൽ

*കേടായ മീറ്റർ മാറ്റിവയ്ക്കാൻ വൈകിയാൽ

*വൈദ്യുതി ബില്ലിന്റെ പിരീഡ് അപേക്ഷയില്ലാതെ മാറ്റിയാൽ

*വോൾട്ടേജ് ക്ഷാമമുണ്ടായാൽ

*വൈദ്യുതി ബിൽ തർക്കം നിശ്ചിതസമയത്തിനകം പരിഹരിച്ചില്ലെങ്കിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSEB
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.