തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ബസ് കൺസഷൻ വിതരണം അടുത്ത അദ്ധ്യയന വർഷം മുതൽ ഓൺലൈൻ മുഖേനയാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
ഇതിനുള്ള സോഫ്ട്വെയർ തയ്യാറായിട്ടുണ്ട്. ഏതൊക്കെ സ്ഥാപനങ്ങൾക്ക് കൺസഷന് അർഹതയുണ്ടെന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഓൺലൈനിൽ ലഭിക്കും. ആ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കു മാത്രമായിരിക്കും കൺസഷൻ. നവംബർ 15 മുതൽ ഇതിന്റെ ആദ്യ പരീക്ഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി ആസ്ഥാനത്ത് സ്ഥാപിച്ച സോളാർ പവർ പ്ലാന്റ്, ആധാർ അധിഷ്ഠിത ബയോമെട്രിക് അറ്റൻഡൻസ് സിസ്റ്റം, ഇ സർവ്വീസ് ബുക്ക് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വരുമാനം കൂടിയാൽ
ഒന്നാം തീയതി ശമ്പളം
വരുമാനം വർദ്ധിച്ചാൽ കെ.എസ്.ആർ.ടി.സിയിൽ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകും. ശമ്പളം എപ്പോൾ കിട്ടുമെന്ന് ഉറപ്പില്ലായിരുന്ന സാഹചര്യത്തിൽ നിന്ന്, അഞ്ചാം തീയതി തന്നെ ശമ്പളം ലഭിക്കുന്ന നില കൈവന്നത് സർക്കാർ സഹായത്തിനൊപ്പം ജീവനക്കാർ കൂടി പരിശ്രമിച്ചിട്ടാണെന്നും മന്ത്രി പറഞ്ഞു. ലാഭം മാത്രമല്ല, പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രസൗകര്യവും ഒരുക്കുകയാണ് ലക്ഷ്യം. കെ.എസ്.ആർ.ടി.സിയെ നിലനിറുത്താൻ കോടിക്കണക്കിന് രൂപയാണ് സർക്കാർ നൽകിയത്. പ്രതിദിനം 8 കോടി രൂപയിലധികം വരുമാനം ലഭിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ ജീവനക്കാർ സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
സി.എം.ഡി ബിജു പ്രഭാകർ അദ്ധ്യക്ഷനായിരുന്നു. അനർട്ട് ഡയറക്ടർ നരേന്ദ്രനാഥ് വേളൂരി, കെ.എസ്.ആർ.ടി.ഇ.എ ജനറൽ സെക്രട്ടറി വിനോദ്.എസ്, ടി.ഡി.എഫ് വൈസ് പ്രസിഡന്റ് നൗഷാദ്.ടി, കെ.എസ്.ടി.ഇ.എസ് ജനറൽ സെക്രട്ടറി കെ.എൽ രാജേഷ്,
ഫിനാൻസ് അഡ്വൈസർ ആൻഡ് ചീഫ് അക്കൗണ്ട്സ് ഓഫീസർ എ.ഷാജി , എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.
വൈദ്യുതി ബില്ലിൽ
₹1 ലക്ഷം ലാഭം
അനെർട്ട് മുഖാന്തരമാണ് ചീഫ് ഓഫീസിന്റെ മേൽക്കൂരയിൽ 100 കിലോവാട്ട് ഗ്രിഡ് സോളാർ പവർ പ്ലാന്റ് സ്ഥാപിച്ചത്. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിച്ച 74.16 ലക്ഷം രൂപ ചെലവഴിച്ചാണിത്. ഈ പ്ലാന്റിൽ നിന്നും പ്രതിദിനം ശരാശരി 450 കിലോവാട്ട് ഊർജ്ജം ഉത്പാദിപ്പിക്കാം. പ്രതിമാസം വൈദ്യുതി ബില്ലിൽ ശരാശരി 1 ലക്ഷം രൂപ ലാഭിക്കാനാകും
കേരളപ്പിറവി മുതൽ
പഞ്ചിംഗ്
എല്ലാ യൂണിറ്റുകളിലും പഞ്ചിംഗ് നവംബർ 1 മുതൽ നടപ്പാക്കും. 2.27 കോടി രൂപ ചെലവാക്കിയാണ് 500 ആധാർ അധിഷ്ഠിത ബയോമെട്രിക് അറ്റൻഡൻസ് സിസ്റ്റം സ്ഥാപിക്കുന്നത്. മറ്റ് യൂണിറ്റുകളിൽ താത്കാലികമായി ജോലിക്ക് പോകുന്നവർക്ക്
ഏത് ഓഫീസിൽ നിന്നും പഞ്ച് ചെയ്യാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |