16 മുതൽ ട്രാൻ. പണിമുടക്ക്

Saturday 12 January 2019 9:43 PM IST

തിരുവനന്തപുരം: ആറു ശതമാനം ഡി.എ ലഭിച്ചിട്ടും 16ന് ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കിൽ ഉറച്ചു നിൽക്കുകയാണ് കെ.എസ്.ആർ.ടി.സിയിലെ സംയുക്ത ട്രേഡ് യൂണിയൻ. രണ്ടു വ‌ർഷത്തിനു ശേഷമാണ് കോർപറേഷനിൽ ഡി.എ വിതരണം ചെയ്തത്. 2.6 കോടി രൂപയാണ് ഇതിന് ചെലവഴിച്ചത്. പണിമുടക്കിന് മുന്നോടിയായി 14, 15 തീയതികളിൽ എല്ലാ ‌ഡിപ്പോകളിലും പ്രകടനം നടത്തും.

ഡി.എ ഉൾപ്പെടെ ആവശ്യങ്ങളുയർത്തി സംയുക്ത തൊഴിലാളി യൂണിയൻ കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് ആദ്യം അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. എന്നാൽ സെപ്തംബർ 30ന് മന്ത്രിമാരായ ടി.പി.രാമകൃഷ്ണൻ, എ.കെ.ശശീന്ദ്രൻ എന്നിവർ ഇടപെട്ട് നടത്തിയ ഒത്തുതീർപ്പ് ചർച്ചയെ തുടർന്ന് സമരത്തിൽ നിന്നു പിൻവാങ്ങുകയായിരുന്നു.

അന്നുണ്ടാക്കിയ വ്യവസ്ഥകളിൽ പലതും മാനേജ്മെന്റ് പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഭരണ, പ്രതിപക്ഷ തൊഴിലാളി സംഘടനകൾ ഇപ്പോൾ സമരത്തിനൊരുങ്ങുന്നത്. ശമ്പള പരിഷ്കരണം നടപ്പിലാക്കുക, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, അർഹരായവർക്ക് പ്രൊമോഷൻ അനുവദിക്കുക, ആശ്രിത നിയമനം നടപ്പിലാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.

അതേസമയം, കോർപറേഷന്റെ സാമ്പത്തിക നില പരുങ്ങലിലായിരിക്കെ അനിശ്ചിതകാല സമരം നടത്തുന്നതിനോട് ഒരു വിഭാഗം തൊഴിലാളികൾക്ക് എതിർപ്പുണ്ട്. ദേശീയ പണിമുടക്ക് നടന്ന 8 ,9 തീയതികളിൽ കെ.എസ്.ആർ.ടി.സിയും നിശ്ചലമായിരുന്നു. അടുത്തിടെ നടന്ന ഹർത്താലുകളിലും ബസ് ഓടിയില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA