SignIn
Kerala Kaumudi Online
Thursday, 25 April 2024 6.01 PM IST

കു​തി​രാൻ തുരങ്കപാത യാഥാർത്ഥ്യമാകുന്നു അശ്വപഥം ഉദ്ഘാടനം ദേശീയ പാത അതോറി​റ്റി​യുടെ ക്ളി​യറൻസ് ലഭി​ച്ചാലുടൻ

kuthiran

തൃശൂർ: കേരളത്തിലേക്കുളള ചരക്കുനീക്കം ഭൂരിഭാഗവും നടക്കുന്ന കൊച്ചി - സേലം ദേശീയപാതയിലെ കുതിരാൻ ടണൽ തുറക്കുന്നത് ചരിത്രത്തിലേക്ക്. ദക്ഷിണേന്ത്യൻ റോഡുകളിലെ ആദ്യ ഇരട്ടക്കുഴൽ തുരങ്കവും കേരളത്തിലെ ആദ്യ തുരങ്കപാതയുമായിരിക്കുമിത്.

കരിമ്പാറക്കെട്ടുകൾ നിറഞ്ഞ കുതിരാൻമലയിലെ ഗതാഗതകുരുക്കിന് പതിറ്റാണ്ടുകൾ പഴക്കമുണ്ട്. അടിക്കടി പൊട്ടിപ്പൊളിയുന്ന റോഡുകൾ, കിഴുക്കാംതൂക്കായ വളവുകൾ, മഴക്കാലത്തെ മണ്ണിടിച്ചിൽ, അപകടങ്ങൾ, കേടായിക്കിടക്കുന്ന ചരക്കുലോറികൾ, ഗതാഗതക്കുരുക്ക്. ഇതെല്ലാം മറികടന്ന് നാലുകിലോമീറ്ററോളം ദൂരം പിന്നിടണമെങ്കിൽ മണിക്കൂറുകൾ വേണ്ടി വരും.

2004-05 കാലത്ത് ഡൽഹിയിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരാണ് ഇരട്ടക്കുഴൽ തുരങ്കം എന്ന ആശയം മുന്നോട്ടുവച്ചത്. 2006ൽ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) തയ്യാറായി.

ആറുവരി പാതയ്ക്ക് 2010ൽ കരാർ ഉറപ്പിച്ചു. നിർമ്മാണം ഏറ്റെടുത്ത കെ.എം.സി കമ്പനി തുരങ്കംപണി പ്രഗതി ഗ്രൂപ്പിന് ഉപകരാർ നൽകി. സാമ്പത്തിക പ്രതിസന്ധി, കമ്പനികളുടെ അനാസ്ഥ, മഴ, പ്രളയം, സാങ്കേതിക തടസം തുടങ്ങിയവ കാരണം ഒരു പതിറ്റാണ്ട് കടന്നുപോയി. നിരവധി ജനകീയ, രാഷ്ട്രീയ സമരങ്ങൾക്കും അപകടങ്ങൾക്കും തുടർച്ചയായ ഹൈക്കോടതി പരാമർശങ്ങൾക്കും താക്കീതുകൾക്കും ഒടുവിൽ നിർമ്മാണം ധൃതഗതിയിലായി. പ്രഗതി ഗ്രൂപ്പിനെ ഒഴിവാക്കി, കെ.എം.സി ഗ്രൂപ്പ് പണി പൂർത്തിയാക്കുകയായിരുന്നു.

കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, വി. മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂമന്ത്രിയും സ്ഥലം എം.എൽ.എയുമായ കെ. രാജൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.പിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ് തുടങ്ങിയവരെല്ലാം നിരന്തരം ഇടപെട്ടു.

ടണൽ

  • 945 മീറ്റർ നീളം
  • 14 മീറ്റർ വീതി
  • 10 മീറ്റർ ഉയരം
  • 24 മീറ്റർ ടണലുകളുടെ അകലം

നിർമ്മാണച്ചെലവ്

  • 2009ൽ കരാർ പ്രകാരം 165 കോടി രൂപ വകയിരുത്തി.ചെലവായത് ഇരട്ടിയോളം തുക
  • 2014ൽ നിർമ്മാണം തുടങ്ങി

  • തുരങ്കത്തിലെ സുരക്ഷ

# 20 ഇടങ്ങളിൽ അഗ്‌നിശമന സേന സുരക്ഷാ സംവിധാനം. രണ്ട് ലക്ഷം ലിറ്ററിന്റെ വാട്ടർ ടാങ്ക്, ഓട്ടോമാറ്റിക് പമ്പുകൾ, രണ്ട് ഇലക്ട്രിക് പമ്പുകൾ, ഒരു ഡീസൽ പമ്പ് ഫയർ ഹോസ് റീലുകൾ, രണ്ട് അഗ്‌നിശമന ഉപകരണങ്ങൾ, സ്‌മോക്ക് ഡിസ്ചാർജ് സംവിധാനം,

# 50 മീറ്റർ ഇടവിട്ട് തുരങ്ക പാതയിൽ ഫയർ ഹൈഡ്രന്റ് പോയിന്റുകൾ, കാർബൺ മോണോക്‌സൈഡ് നീക്കാൻ 10 പ്രത്യേക ഫാനുകൾ. ഈ സംവിധാനങ്ങൾ ഉപയോഗിച്ച് തീ എളുപ്പത്തിൽ കെടുത്താനാവും.

# 300 മീറ്ററിന് ഇടയിൽ ഇരു ടണലുകളെയും ബന്ധിപ്പിക്കുന്ന ഇടനാഴികൾ. അപകടങ്ങളോ മറ്റ് സാങ്കേതിക തടസങ്ങളോ ഉണ്ടായാലും ഗതാഗതം തടസപ്പെടാതിരിക്കാനാണിത്.

# 300 എം.എം കനത്തിലാണ് ടണലിനുളളിൽ മുകൾഭാഗത്തെ കോൺക്രീറ്റിംഗ്.

  • പാറതകർക്കാൻ സ്ഫോടനങ്ങൾ

ആയിരത്തോളം സ്‌ഫോടനങ്ങളിലൂടെയാണ് കൂറ്റൻ പാറകൾ നീക്കം ചെയ്തത്. ഡ്രില്ലിംഗ് ജമ്പോസ് എന്ന ഉപകരണങ്ങളുമായാണ് രണ്ടറ്റത്തു നിന്നും പാറ തുരക്കൽ തുടങ്ങിയത്. പാറക്കഷണങ്ങൾ ദേശീയപാതയിലും സമീപ പ്രദേശങ്ങളിലും തെറിച്ചുവീണതോടെ പണി നിറുത്തേണ്ടിവന്നു. തുരങ്ക നിർമ്മാണത്തിൽ പരിചയമുള്ള ഉത്തരേന്ത്യക്കാരായിരുന്നു ആദ്യഘട്ടത്തിലെ 240 തൊഴിലാളികളും. ജലാറ്റിൻ സ്റ്റിക്കുകൊണ്ടായിരുന്നു പൊട്ടിക്കൽ. പിന്നീട് കനത്ത പുകയും പൊടിയുമാകും.

  • തല്ക്കാലം ടോൾ ഇല്ല

ഒരു തുരങ്കത്തിലൂടെ മാത്രമാണ് ആദ്യ ഘട്ടത്തിൽ ഗതാഗതം ഉണ്ടാകൂ.അതിനാൽ തല്ക്കാലം ടോൾ പിരിവ് അനുവദിക്കില്ല.

  • സുന്ദരകമാനം

കേരളീയ ശില്പ മാതൃകയിലാണ് കമാനം. മൂന്ന് ചതുരശ്ര അടി വിസ്തീർണവും 12 മീറ്റർ നീളവുമുള്ള തൂണുകൾക്ക് മുകളിൽ കേരളീയ രീതിയിലുള്ള ചെറു മേൽക്കൂരകളുണ്ട്. തൂണുകൾക്ക് മുകളിൽ ഓട് പതിപ്പിച്ചിട്ടുണ്ട്.

  • 1200 എൽ.ഇ.ഡി ലൈറ്റുകൾ

മുകളിൽ രണ്ടു വരികളിലായാണ് എൽ.ഇ.ഡി ലൈറ്റുകളുളളത്. 30, 60, 100, 150 വാട്ട്സുകളിലുള്ള ലൈറ്റുകളാണിവ. 24 മണിക്കൂറും പ്രകാശിക്കും.

  • 10 എക്സ്ഹോസ്റ്ററുകൾ

മുകളിൽ സ്ഥാപിച്ചിട്ടുളള പത്ത് എക്സ് ഹോസ്റ്ററുകൾ ആധുനിക സൗകര്യമുളളവയാണ്. ഇതിലെ താപനില കൺട്രോൾ റൂമിൽ വ്യക്തമാകും.

  • 10 സി.സി.ടി.വി. കാമറകൾ

ടണലിന്റെ മുകൾഭാഗത്ത് പത്ത് സി.സി.ടി.വി കാമറകളുണ്ട്. ദൂരവും കാലാവസ്ഥയും അറിയിക്കുന്ന ഡിജിറ്റൽ ബോർഡുകളും സ്ഥാപിച്ചു.

  • ഒരു മീറ്റർ വീതിയിൽ കാന

മുകളിൽ നിന്ന് കിനിഞ്ഞിറങ്ങുന്ന വെളളം അമ്പതോളം പൈപ്പുകളിലായി ഒരു മീറ്റർ വീതിയുളള കാനയിലേക്ക് ഒഴുക്കിവിടും. രണ്ടു വശങ്ങളിലും കാനകളുണ്ട്.

  • മുടങ്ങാതെ വൈദ്യുതി

വൈദ്യുതി തടസപ്പെടാതിരിക്കുന്നതിനായി പട്ടിക്കാട് ഇലക്ട്രിക്കൽ സെക്ഷനിൽ നിന്നും പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ഇലക്ട്രിക് സെക്ഷനിൽ നിന്നും ഒരേ സമയം വൈദ്യുതി എത്തും. കുതിരാനിലെ ജോലികൾക്കായി 2 തുരങ്കമുഖങ്ങളിലും 500 കെ.വി വീതമുള്ള ജനറേറ്റർ സ്ഥാപിക്കുന്നുണ്ട്. കിഴക്കേ തുരങ്കമുഖത്ത് ജനറേറ്റർ നേരത്തെ സ്ഥാപിച്ചിരുന്നു. പടിഞ്ഞാറു ഭാഗത്ത് ഉടൻ സ്ഥാപിക്കും. കിഴക്കേ തുരങ്കമുഖത്തിന് മുൻവശത്ത് മേൽപാലത്തിന് മുകളിൽ വൈദ്യുതവിളക്കുകൾ തെളിയിച്ചിട്ടുണ്ട്. കൊമ്പഴ വില്ലൻ വളവിൽ നിന്ന് തുരങ്കത്തിലേക്ക് പ്രവേശിക്കുന്ന മേൽപാലത്തിലും അപ്രോച്ച് റോഡിലും വിളക്കുകാലുകളിലാണ് ലൈറ്റ് .

  • മറികടന്ന തടസങ്ങൾ

  • ദേശീയപാത വീതികൂട്ടുന്നതിലെ കാലതാമസം
  • മഴക്കാലത്ത് തുരങ്കമുഖങ്ങളിലെ മണ്ണിടിച്ചിൽ
  • വശങ്ങളിൽ ചെരിച്ച് എടുക്കാതെ വിലങ്ങനെയുളള മണ്ണെടുപ്പ്
  • വനഭൂമിയിലെ മരങ്ങൾ മുറിക്കാനുള്ള അനുമതിയിലെ കാലതാമസം
  • പൂർത്തിയായ തുരങ്കത്തിൽ ചോർച്ചകൾ
  • സാമ്പത്തിക പ്രതിസന്ധിയിൽ തൊഴിലാളികൾക്ക് കൂലി വൈകിയത്

  • ടണലിലേക്കുളള വഴിത്താര

 2005 മേയ് 16 - മണ്ണുത്തി - വടക്കഞ്ചേരി പാതയ്ക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിന് ആദ്യ വിജ്ഞാപനം.

 2005 ഒക്ടോബർ 21 - ഭൂമിയേറ്റെടുക്കലിന് പുതുക്കിയ വിജ്ഞാപനം

 2009 ഓഗസ്റ്റ് 24 - ടണൽ ഉൾപ്പെടുന്ന മണ്ണുത്തി - വടക്കഞ്ചേരി പാതയ്ക്കായി തൃശൂർ എക്സ്‌പ്രസ് വേ എന്ന കമ്പനിയുമായി കരാർ ഒപ്പിട്ടു

 കരാർ ടെൻഡർ ചെയ്യുമ്പോൾ ആകെ തുക 514 കോടി, ടണലിന് മാത്രം 165 കോടി

 തൃശൂർ എക്‌സ്പ്രസ് വേ, പ്രഗതി റെയിൽവേ എൻജിനിയറിംഗ് ആൻഡ് റെയിൽ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡിന് ഉപകരാർ നൽകി

 2014 ഒക്ടോബർ 9 - നിർമ്മാണ സ്ഥലത്ത് ഭൂമിപൂജ നടത്തി

 2016 ജനുവരി 5 - കല്ലുപൊട്ടിക്കൽ ആരംഭിച്ചു

 2016 ആഗസ്റ്റ് - രണ്ടാം ടണൽ നിർമ്മാണം ആരംഭിക്കുന്നു

 2017 ഫെബ്രുവരി 20 - ആദ്യത്തേത് കൂട്ടിമുട്ടി

 2017 ഏപ്രിൽ 28 - രണ്ടാമത്തേതും കൂട്ടിമുട്ടി

 2017 ഏപ്രിലിൽ കുതിരാനിലേക്ക് പ്രവേശിക്കുന്ന മേൽപാലം പൂർത്തിയാക്കി. അന്നത്തെ മന്ത്രി ജി. സുധാകരൻ സന്ദർശനം നടത്തി. 2018 ജനുവരിയിൽ തുരങ്കം തുറന്നുകൊടുക്കുമെന്നറിയിച്ചു

 2018 ആഗസ്റ്റ് 19 - പ്രളയം, നിർമ്മാണം പൂർണമായും നിലച്ചു

 2019 ജൂലായ് 20 - കേന്ദ്രമന്ത്രി വി. മുരളീധരൻ സന്ദർശിച്ചു

 2019 നവംബർ 18 - വനഭൂമി ലഭിക്കുന്നതിനായി കേന്ദ്രത്തിന് സംസ്ഥാനം കത്തുനൽകി

 2020 ജനുവരി - കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എൻ.എച്ച് പ്രൊജക്ട് അംഗം ആർ.കെ. പാണ്ഡേയോട് തുറക്കാനുള്ള നടപടിക്ക് നിർദേശിച്ചു

 2021 ജൂൺ 8 - നിർമ്മാണ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രി യോഗം ചേർന്ന് ആഗസ്റ്റ് ഒന്നിന് തുറന്നുകൊടുക്കുമെന്ന് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUTHIRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.