ദേവസ്വംബോർഡ് സ്പെഷ്യൽ റൂളിന് സർക്കാർ അംഗീകാരം

എം.എച്ച് വിഷ്‌ണു | Thursday 06 December 2018 11:07 PM IST
law

തിരുവനന്തപുരം: മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാനുള്ള മന്ത്രിസഭാ തീരുമാനം നടപ്പാക്കുന്നതിന്റെ മുന്നോടിയായി നാല് ദേവസ്വംബോർഡുകളുടെ സ്പെഷ്യൽറൂൾ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി. തിരുവിതാംകൂർ, കൊച്ചിൻ, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങളുടെ ചട്ടങ്ങളാണ് ഭേദഗതി ചെയ്തത്. കോടതി തടഞ്ഞില്ലെങ്കിൽ ഇനി റിക്രൂട്ട്മെന്റ് ബോർഡിന്റെ ചട്ടഭേദഗതികൂടി വരുത്തി സാമ്പത്തികസംവരണം നടപ്പാക്കാം. സംവരണം ലഭിക്കേണ്ട മുന്നാക്കക്കാരുടെ ഉയ‌ർന്ന വരുമാനപരിധി, റിക്രൂട്ട്മെന്റ് ബോർഡിന്റെ അനുമതിയോടെ ദേവസ്വം ബോർഡുകൾക്ക് തീരുമാനിക്കാം. കഴിഞ്ഞവർഷം നവംബർ 15നാണ് സാമ്പത്തികസംവരണത്തിന് മന്ത്രിസഭ തീരുമാനമെടുത്തത്.

ശബരിമലയിലെ പ്രക്ഷോഭങ്ങൾക്കിടെ രഹസ്യമായാണ് സർക്കാർ ഉത്തരവിറക്കിയത്. കഴിഞ്ഞ 28ന് റവന്യൂ (ദേവസ്വം)വകുപ്പ് അഡി. സെക്രട്ടറി എം. ഹർഷൻ ഇറക്കിയ ഉത്തരവ് ബോർഡ് ചെയർമാൻമാർക്ക് ദൂതൻ വഴി എത്തിച്ചുകൊടുക്കുകയായിരുന്നു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ചട്ടഭേദഗതിക്കുള്ള കരട് തയ്യാറാക്കാൻ സെക്രട്ടറിയോടും നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, സ്പെഷ്യൽറൂൾ നിയമവകുപ്പ് അംഗീകരിച്ചിട്ടില്ല. ഭരണഘടനാ വിരുദ്ധമായതിനാൽ ഉത്തരവിറക്കരുതെന്ന് നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് ഫയലിലെഴുതിയതോടെ ഉത്തരവിറക്കാതെ ഉദ്യോഗസ്ഥർ ഓരോരുത്തരായി പിന്മാറി. ഇതോടെ ദേവസ്വംബോർഡുകൾ സ്പെഷ്യൽറൂളുണ്ടാക്കാൻ സർക്കാർ നിർദ്ദേശിച്ചു. സർക്കാർ അംഗീകാരംനൽകാതെ സ്പെഷ്യൽറൂളിന് നിയമപ്രാബല്യം ലഭിക്കില്ലെന്ന് നിയമോപദേശം ലഭിച്ചതോടെ, മന്ത്രിസഭയിൽ വയ്ക്കാതെ മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും ഫയലിൽ ഒപ്പിട്ട് ഉത്തരവിറക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

സാമ്പത്തികസംവരണത്തിനുള്ള മന്ത്രിസഭാ തീരുമാനം നിയമപരമായി നിലനിൽക്കുന്നതല്ലെന്നും സുപ്രീംകോടതി ഉത്തരവുകൾക്ക് വിരുദ്ധമാണെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും നിയമസെക്രട്ടറി ഫയലിൽ വിയോജനക്കുറിപ്പെഴുതിയിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം ഇങ്ങനെയാണ്- ''സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്നവർക്ക് വേണ്ടിയാണ് സംവരണം. സാമ്പത്തികസംവരണം ഇതിന്റെ പരിധിയിൽ വരില്ല. സർക്കാരിന് തീരുമാനമെടുക്കാം''

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA