തിരുവനന്തപുരം: പ്രതിദിന കൊവിഡ് വ്യാപന നിരക്ക് കുറഞ്ഞ തിരുവനന്തപുരം, തൃശൂർ, എറണാകുളം ജില്ലകളിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗൺ ഇന്നു മുതൽ പിൻവലിക്കാനും, സംസ്ഥാനത്തെ ലോക്ക് ഡൗൺ 30 വരെ നീട്ടാനും തീരുമാനിച്ചതായി അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും.
പ്രതിദിന കൊവിഡ് വ്യാപന നിരക്ക് 25 ശതമാനത്തിൽ കൂടുതലായിരുന്ന ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. നിലവിൽ 23.3 ശതമാനമാണ് സംസ്ഥാനത്തെ നിരക്ക്. കൊവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നവർ പുറത്തുപോകാതെ നോക്കുന്നതിന് പൊലീസ് കൺട്രോൾ റൂമിൽ നിന്ന് ഫോൺ ചെയ്ത് വിവരം അന്വേഷിക്കും. ആദിവാസി കോളനികളിൽ അവശ്യസാധാനങ്ങളും മറ്റും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.
ട്രിപ്പിൾ ലോക്ക് ഒഴിവായാൽ
ട്രിപ്പിൾ ലോക്ക് ഡൗൺ ഒഴിവാക്കിയതോടെ ഒന്നിടവിട്ട ദിവസങ്ങളിലെ അവശ്യസാധന വില്പന, കടകളിലെ പ്രവർത്തന സമയം കുറയ്ക്കൽ, ജില്ലകളിലേക്കുള്ള വരവിലും പോക്കിലുമുള്ള കടുത്ത നിയന്ത്രണം, ഒാഫീസുകളിലെ ജീവനക്കാരുടെ എണ്ണത്തിലെ നിയന്ത്രണം എന്നിവയിൽ മാറ്റമുണ്ടാവും.
പുതിയ ഇളവുകൾ
അടുത്ത അദ്ധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വാഹനങ്ങളിൽ കൊണ്ടുപോകുന്നത് അവശ്യ സർവീസാക്കും.
വിത്തിറക്കാനും കൃഷിപ്പണിക്കും പോകുന്നവർക്ക് ഇളവ്. ഇവർ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കരുതണം.
കണ്ടെയ്ൻമെന്റ് സോണുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി
നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾക്കും പ്രവർത്തനാനുമതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |