മകരജ്യോതി കാണാൻ ഭക്തരെ ഹിൽടോപ്പിൽ പ്രവേശിപ്പിക്കില്ല

Sunday 13 January 2019 12:54 AM IST

makara-jyothi-

ശബരിമല: പമ്പ ഹിൽടോപ്പിൽ കയറി മകരജ്യോതി ദർശിക്കാൻ ഇക്കുറി ഭക്തരെ അനുവദിക്കില്ല. കഴിഞ്ഞ ദിവസം ഇവിടെ പരിശോധന നടത്തിയ വിവിധ വകുപ്പ് മേധാവികൾ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച് ജില്ലാ കളക്ടർ പി.ബി. നൂഹ് ഉത്തരവിട്ടത്. ഇതാദ്യമായാണ് മകരവിളക്ക് ദിവസം ഹിൽടോപ്പ് ശൂന്യമാകുന്നത്.

ശബരിമലയിൽ ദർശനം കഴിഞ്ഞ് മടങ്ങുന്നവർ മടക്കയാത്രയുടെ സൗകര്യംകൂടി കണക്കിലെടുത്ത് പമ്പ ഹിൽടോപ്പിലാണ് മകരജ്യോതി ദർശിക്കുക. അയ്യായിരത്തോളം പേർക്ക് ഇവിടെ ജ്യോതി ദർശിക്കാൻ സൗകര്യമുണ്ടായിരുന്നു. പ്രളയാനന്തരം ഹിൽടോപ്പിലേക്കുള്ള റോഡിന്റെ വശങ്ങൾ വ്യാപകമായി ഇടിഞ്ഞതിനെ തുടർന്ന് മണൽച്ചാക്കുകൾ കൊണ്ടാണ് താൽക്കാലിക തിട്ട നിർമ്മിച്ചിരിക്കുന്നത്. ഇതുവഴി തീർത്ഥാടകരെ കടത്തിവിടുന്നത് അപകടത്തിന് ഇടയാക്കുമെന്നാണ്‌ നിരീക്ഷണം. വെള്ളപ്പൊക്ക സമയത്ത് പമ്പാതീരങ്ങളിൽ അടിഞ്ഞുകൂടിയ മണ്ണും കെട്ടിടാവശിഷ്ടങ്ങളും മറ്റും ഹിൽടോപ്പിലാണ് തള്ളിയത്.

കമ്പികളും തുരുമ്പെടുത്ത സാധനസാമഗ്രികളും കൂട്ടിയിട്ടിരിക്കുന്ന ഇവിടേക്ക് നഗ്നപാദരായ തീർത്ഥാടകരെ കയറ്റിവിടുന്നത് സുരക്ഷിതമല്ലെന്നും ഉന്നതതല സംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. വിലക്ക് ലംഘിച്ച് ഇവിടേക്ക് കയറുന്നത് ഒഴിവാക്കാൻ 4 ഘട്ടങ്ങളായി തുറക്കാവുന്നതും അടയ്ക്കാവുന്നതുമായ ബാരിക്കേഡുകൾ സ്ഥാപിക്കണമെന്നും യൂടേൺ മുതൽ ഹിൽടോപ്പ് വരെയുള്ള സ്ഥലങ്ങളിലെ നദിയിലേക്ക് ഇറങ്ങാവുന്ന വശങ്ങളിൽ തീർത്ഥാടകർ പ്രവേശിക്കാതിരിക്കാൻ ശക്തിയുള്ള ബാരിക്കേഡുകൾ സ്ഥാപിക്കണമെന്നും ദേവസ്വം ബോർഡിന്‌ കളക്ടർ നിർദ്ദേശം നൽകി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA