ഒറ്റപ്പാലം: ഭാരതപ്പുഴയിൽ മാന്നന്നൂർ കടവിൽ കുളിക്കാനിറങ്ങിയ രണ്ട് എം.ബി.ബി.എസ് വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. വാണിയംകുളം പി.കെ. ദാസ് മെഡിക്കൽ കോളേജിലെ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളായ ആലപ്പുഴ സ്വദേശി ഗൗതം കൃഷ്ണ, തൃശൂർ ചേലക്കര സ്വദേശി മാത്യു എബ്രഹാം എന്നിവരെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മാന്നന്നൂർ റെയിൽവേ സ്റ്റേഷന് സമീപം ഭാരതപ്പുഴയിലെ ഉരുക്ക് തടയണ പ്രദേശത്താണ് അപകടമുണ്ടായത്.
അവധി ദിനത്തിൽ ഗൗതമും മാത്യുവുമടക്കം സഹപാഠികളായ ഏഴ് പേരുടെ സംഘമാണ് തടയണയ്ക്ക് സമീപം കുളിക്കാനെത്തിയത്. മാത്യുവാണ് ആദ്യം ഒഴുക്കിൽപെട്ടത്. മാത്യുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഗൗതമും അപകടത്തിൽപ്പെടുകയായിരുന്നു.ഉരുക്ക് തടയണയുടെ ഒരുവശം തകർന്ന് പുഴ 300 മീറ്ററോളം കരയിലേക്ക് കയറി വന്ന ദുർഘട മേഖലയിലാണ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടത്. ഷൊർണൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും, ഒറ്റപ്പാലം പൊലീസും ഇന്നലെ രാത്രിയും തെരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. ഇരുട്ടും, ശക്തമായ കുത്തൊഴുക്കും കാരണം രാത്രി എട്ടരയോടെ തെരച്ചിൽ താത്കാലികമായി നിറുത്തിവച്ചു. ഇന്ന് രാവിലെ തെരച്ചിൽ പുന:രാരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |