ആയുഷ് ആശുപത്രികൾ വഴി പാവപ്പെട്ട രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കും: മന്ത്രി

Sunday 13 January 2019 1:56 AM IST
k-k-shylaja

തൃശൂർ: ആയുഷ് വകുപ്പ് സമ്പൂർണ്ണമായ വകുപ്പായി വലുതാക്കേണ്ടതുണ്ടെന്നും ആർദ്രം മിഷനിൽ ആയുഷ് ആശുപത്രികളുടെ സമഗ്രവികസനം വഴി പാവപ്പെട്ട രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കേരള ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുളള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കൃത്യമായ ഡോക്യുമെന്റേഷൻ ആയുഷ് ഡിപ്പാർട്ട്‌മെന്റിലും നടപ്പാക്കിവരുന്നുണ്ട്. ആയുർവേദത്തിൽ ഗവേഷണപ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദ സർക്കാരിൻ്റെ വീക്ഷണമാണ്. നിലവിൽ മാതൃക ഇല്ലെങ്കിലും 300 ഏക്കറോളം സ്ഥലം കണ്ണൂരിൽ കണ്ടെത്തി അതിന്റെ പ്രചാരണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഡോ. എം.എസ്. വല്യത്താന്റെയും മറ്റും സഹായം ഇതിനായിട്ടുണ്ട്. മൊത്തം ഏഴ് വർഷത്തെ പ്രൊജക്ടാണിത്. അടുത്തമാസം നടത്തുന്ന ആയുഷ് കോൺക്ലേവിന് ഭാരതീയ ചികിത്സാ വകുപ്പിന്റെ പ്രയത്‌നം അനിവാര്യമാണ്. യോഗയെ ശാസ്ത്രീയമായി പരിപോഷിപ്പിക്കുന്നതിനാണ് ആയുഷ് വകുപ്പ് ശ്രമിക്കുന്നതെന്നും യോഗയുടെ പേരിലുളള തട്ടിപ്പുകൾക്ക് നിയന്ത്രണം വരുത്തുമെന്നും മന്ത്രി പറഞ്ഞു.

സി.എൻ. ജയദേവൻ എം.പി അദ്ധ്യക്ഷത വഹിച്ചു. ഡോ. ജെ. ഹരീന്ദ്രൻനായർ വിശിഷ്ടാതിഥിയായി. ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. അനിത ജേക്കബ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. എം. സുഭാഷ്, ജനറൽ കൺവീനർ ഡോ. എ.എസ്. പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം ഡോ. പി.കെ. ബിജു എം.പി. ഉദ്ഘാടനം ചെയ്തു. കവി റഫീക്ക് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന പ്രസിഡന്റായി ഡോ. പി. രഘുപ്രസാദിനെയും (മലപ്പുറം) ജനറൽ സെക്രട്ടറിയായി ഡോ. എസ് ദുർഗാപ്രസാദിനെയും (തിരുവനന്തപുരം) തിരഞ്ഞെടുത്തു. വിവിധ പുരസ്കാരങ്ങൾ ഡോ. പി.എസ്. ശ്രീകുമാറിനും ഡോ. എ.പി. ശ്രീകുമാറിനും ഡോ.എൻ.എസ്. രേഖയ്ക്കും നൽകി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA