കോട്ടയം: സ്ത്രീകളുടെ കുടുംബാദ്ധ്വാനം കാണാപ്പണികളായി അവശേഷിക്കുകയാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച കോട്ടയം, ഇടുക്കി ജില്ലകളിലെ 114 വനിതകളെക്കുറിച്ച് കേരളകൗമുദി കോട്ടയം യൂണിറ്റ് പുറത്തിറക്കിയ 'വിമൺ ബിയോൺഡ് ബാരിയേഴ്സ്" പുസ്തകത്തിന്റെ പ്രകാശനവും, സമ്മേളന ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അവർ.
ഹിസ് സ്റ്റോറിക്ക് പകരം ചേർത്തുവയ്ക്കാവുന്ന ഹെർ സ്റ്റോറി കൂടി ആവിഷ്കരിക്കുകയെന്ന കാലികമായ ചുമതലയാണ് കേരളകൗമുദി നിർവഹിക്കുന്നത്. ഓരോരോ മേഖലയിലും പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് പ്രോത്സാഹനവും അംഗീകാരവും നൽകുന്ന കടമയാണ് കേരളകൗമുദി നിറവേറ്റിയത്.
സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങൾക്ക് എക്കാലത്തും വലിയ പരിഗണന നൽകി അവരുടെ അവകാശങ്ങൾക്കു വേണ്ടി കേരളകൗമുദി നിലയുറപ്പിച്ചു. ഇനിയും കൂടുതൽ സ്ത്രീകൾക്ക് സമൂഹത്തിലേക്കും ചരിത്രത്തിലേക്കും ഉയർന്നുവരാൻ പുസ്തകം പ്രചോദനമാകട്ടെയെന്നും മന്ത്രി പറഞ്ഞു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. കൃഷ്ണപ്രിയ, ശ്രീകല, നീതു രതീഷ്, ഡോ. ഷാൻസി റെജി, പത്മാക്ഷി താഴാമഠം, സിനി എൻ. ഹുസൈൻ, നിഷ സ്നേഹക്കൂട്, പുഷ്പ ബേബി തോമസ്, മെറിൻ സിന്ധു, ക്യാപ്ടൻ പി.എൻ. രാധ എന്നിവരെ മന്ത്രി ആദരിച്ചു. കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ മുഖ്യാതിഥിയായി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി മിനർവ മോഹൻ, ഡി.ടി.പി.സി സെക്രട്ടറി ആതിര സണ്ണി എന്നിവർ സംസാരിച്ചു. സ്പെഷ്യൽ കറസ്പോണ്ടന്റ് വി. ജയകുമാർ സ്വാഗതവും, ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |