ഗിറ്റാറിൽ ഗീത വായിക്കുന്നത് സുപ്രീംകോടതി അഭിഭാഷകൻ

പ്രത്യേക ലേഖകൻ | Thursday 08 November 2018 11:38 PM IST
gittar
ശ്രീമദ് ഭഗവദ്ഗീത ഗിറ്റാറോടുകൂടി പാടുന്ന എം.കെ. ബാലകൃഷ്ണൻ

കണ്ണൂർ: സുപ്രീംകോടതിയിലെത്തിയാൽ സ്വാമി ബാലകൃഷ്ണ ഗീതാനന്ദ് ഉശിരൻ അഭിഭാഷകനാണ്. വക്കീൽ കുപ്പായം അഴിച്ചുവച്ചാലോ?​ നല്ല പാട്ടുകാരൻ. ഇപ്പോളിതാ,​ ഗിറ്റാർ തന്ത്രികളിൽ ഗീതാശ്ളോകങ്ങൾ മീട്ടി പുതിയ പാട്ടുസഞ്ചാരം തീർക്കുകയാണ്‌ ഗീതാനന്ദ്. ഗിന്നസ് ബുക്കിൽ കയറിപ്പറ്റാനല്ല, ആത്മനിർവൃതിക്കായുള്ള ഉദ്യമം മാത്രം.

കണ്ണൂർ കല്യാശേരി കീച്ചേരി സ്വദേശിയാണ് ഗിറ്റാർ ബാബ എന്നറിയപ്പെടുന്ന ഗീതാനന്ദ്. 1974 ൽ ഗിറ്റാർ പഠിച്ചു തുടങ്ങി. 1985ൽ കണ്ണൂർ പൊലീസ് മൈതാനത്ത്‌ ഭഗവത് ഗീതയുടെ പതിനഞ്ചാം അദ്ധ്യായത്തെക്കുറിച്ച്‌ ചിന്മയമിഷന്റെ പരിപാടി നടന്നിരുന്നു. ഇതോടെയാണ് ഭഗവത് ഗീത തന്നെ സ്വാധീനിച്ചതെന്ന് ബാബ പറഞ്ഞു. സുപ്രീംകോടതിയിലും യോഗദിനത്തിൽ അമേരിക്കയിലും ഭഗവത് ഗീത ഗിറ്റാറിൽ വായിച്ചു.
പാപ്പിനിശേരി റെയിൽവേ സ്‌റ്റേഷൻ മാസ്റ്ററായിരുന്ന അന്തരിച്ച ജഫ്രിമാൻസലിൽ നിന്നാണ് ഗിറ്റാർ പഠിച്ചത്. ഗിറ്റാറിൽ പാടാൻ പ്രേരിപ്പിച്ചത് ഡൽഹി ചിന്മയമിഷന്റെ ചീഫായിരുന്ന സ്വാമി നിഖിലാനന്ദ സരസ്വതി. ഭഗവത് ഗീതയുടെ അർത്ഥം പറഞ്ഞതിനുശേഷമാണ് ഗിറ്റാറുപയോഗിച്ച് പാടുന്നത്. നിലവിൽ ഋഷികേശിലെ നിത്യാനന്ദ ആശ്രമത്തിലാണ് താമസിക്കുന്നത്. വിദേശികളടക്കം നിരവധിപേർ ഗീതാപാരായണം ആസ്വദിക്കാൻ എത്തുന്നുണ്ട്. സുപ്രീംകോടതി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെ കീഴിലാണ് വക്കീലായി പ്രാക്ടീസ് ചെയ്തിരുന്നത്.
സംഗീതം രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുള്ളതാണ്. തനിക്കിത് വിനോദമാണ്. ആരെങ്കിലും പഠിക്കാനായി വന്നാൽ പഠിപ്പിച്ചുകൊടുക്കാൻ മടയില്ലെന്നും 66 കാരനായ ബാബ പറയുന്നു. നാളെ രാവിലെ 10 മുതൽ കണ്ണൂർ അഴീക്കോടുള്ള പുതിയ മുണ്ടയാട് ക്ഷേത്രത്തിൽ പരിപാടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഗിറ്റാർ ബാബ.

ഗിറ്റാറിൽ മുഴങ്ങുന്നത്

ഭഗവത്ഗീതയിൽ 18 അദ്ധ്യായങ്ങളിലായി 700 ശ്ലോകങ്ങളാണുള്ളത്. അതിൽ ഗീതാധ്യാനമെന്ന 72 ശ്ലോകങ്ങൾ അടങ്ങിയ രണ്ടാം അദ്ധ്യായവും 42 ശ്ലോകങ്ങൾ അടങ്ങിയ നാലാം അദ്ധ്യായവും 42 ശ്ലോകങ്ങൾ അടങ്ങിയ പത്താം അദ്ധ്യായവും 20 ശ്ലോകങ്ങൾ അടങ്ങിയ 12,15 അദ്ധ്യായങ്ങളും ഗീതാ ആരതി എന്ന അവസാന ഭാഗവും ഗീതാനന്ദ് ഗിറ്റാറിൽ പാടും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA