SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.58 PM IST

പരിസ്ഥിതിയുടെ ഹൃദയദ്ധ്വനി

mk-prasad

ക്ലാസിൽ പഠിപ്പിച്ചിട്ടില്ലെങ്കിലും ഞങ്ങൾക്കെല്ലാം മാഷായിരുന്നു,​ എം.കെ. പ്രസാദ്. ആ പ്രസാദ് മാഷ് ഇനിയില്ല. പരിസ്ഥിതി വിഷയങ്ങളിൽ നിതാന്ത ജാഗ്രതായിരുന്നു മാഷിന്. ഏറ്റവും ഒടുവിൽ സിൽവർലൈൻ റെയിൽ പദ്ധതി സൃഷ്ടിക്കാവുന്ന പാരി​സ്ഥിതി​ക, സാമൂഹ്യ, സാമ്പത്തിക ദുരന്തങ്ങളെ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രിക്ക് വിവിധ മേഖലകളിലെ പ്രമുഖർ കത്തയച്ചപ്പോൾ,​ ആദ്യ ഒപ്പ് പ്രസാദ് മാഷിന്റേതായിരുന്നു.

പരിസ്ഥിതി കാര്യങ്ങളിൽ അഗാധമായ അറിവും ഉൾക്കാഴ്ചയുമുണ്ടായിരുന്ന മാഷാണ്,​ കേരളത്തിൽ പരിസ്ഥിതി ചിന്തയ്ക്ക് അസ്തിവാരമിട്ട സൈലന്റ് വാലി പോരാട്ടങ്ങളിൽ നിർണായക പങ്കു വഹിച്ചത്. മാഷെഴുതിയ ലേഖനങ്ങളാണ് അന്ന് എന്നെപ്പോലെ വിദ്യാർത്ഥികളായിരുന്നവരിൽ പാരിസ്ഥിതികയുക്തി രൂപപ്പെടുത്തിയത്. കൊച്ചിയിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും മംഗളവനം, ഗോശ്രീ നിർമ്മാണങ്ങൾ തുടങ്ങിയ പരിസ്ഥി​തി പ്രശ്നങ്ങളെ തുറന്ന മനസ്സോടെ വിലയിരുത്തി സ്വതന്ത്ര നിലപാടെടുക്കാൻ എല്ലാവർക്കും
സഹായകമായി പ്രവർത്തിച്ച പ്രധാന വ്യക്തിത്വമാണ് മാഷ്. അതിൽ കക്ഷിരാഷ്ട്രീയമടക്കം ഒരു സ്വാർത്ഥ താല്പര്യവും അദ്ദേഹത്തെ സ്വാധീനിച്ചില്ല. പെരിയാർ മലിനീകരണമടക്കമുള്ള വിഷയങ്ങളിൽ അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തപ്പോൾ ട്രേഡ് യൂണിയനും രാഷ്ട്രീയ കക്ഷികളും പല സമ്മർദ്ദങ്ങളും ചെലുത്തിയെങ്കിലും ഒന്നും ഫലിച്ചില്ല.

സ്വതസിദ്ധമായ ശൈലിയിൽ മാഷ് പറയുമായിരുന്നു: "അവരുടെ (പാർട്ടിയുടെ) എല്ലാ താളങ്ങൾക്കും ഒപ്പം കൊട്ടാമെന്ന് ഞാൻ വാക്കൊന്നും കൊടുത്തിട്ടില്ല!" പൂയംകുട്ടി, അതിരപ്പിള്ളി, പാത്രക്കടവ് തുടങ്ങിയ ജലവൈദ്യുതി പദ്ധതികളുടെ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ടപ്പോൾ കേരള ശാസ്ത്രസാഹിത്യ പരിഷത്തിനു പോലും സംശയങ്ങളുണ്ടായിരുന്നു. എന്നാൽ പരിഷത്തിന്റെ സ്ഥാപകരിൽ ഒരാളായ മാഷിന് അക്കാര്യത്തിൽ ഒരു സംശയവുമുണ്ടായില്ല. ഒരു വിഷയം ആഴത്തിൽ പഠിക്കാൻ ഏറെ പ്രായമായിട്ടും മാഷിന് ഒരു ബുദ്ധി​മുട്ടുമുണ്ടായിരുന്നില്ല. അറിയാത്ത വിഷയങ്ങൾ ആരോടും ചോദിച്ചു മനസ്സിലാക്കാനും മടിയില്ലായിരുന്നു. പ്രസാദ് മാഷുടെ മറ്റൊരു പ്രധാന സംഭാവന കേരളത്തിന്റെ ജൈവ വൈവിദ്ധ്യ രജിസ്റ്റർ ഉണ്ടാക്കുന്നതിലായിരുന്നു. കാലാവസ്ഥാ മാറ്റങ്ങളുടെ ഇക്കാലത്ത് ജൈവവൈവിദ്ധ്യ സംരക്ഷണം എത്ര പ്രധാനമാണെന്നും,​ അതു വഴി കേരളത്തിന്റെ കൃഷി, ടൂറിസം, ആയുർവേദം തുടങ്ങിയ മേഖലകൾക്ക് എന്തെല്ലാം നേട്ടങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു.


ആരെയും ആകർഷിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നർമ്മം. ഒരു യോഗത്തിൽ മാഷ് പ്രസംഗം തുടങ്ങിയത് ഇങ്ങനെയാണ്: "നിങ്ങൾക്കാർക്കെങ്കിലും സി.ഐ.എയുടെ മേൽവിലാസം അറിയാമെങ്കിൽ തരണം. അവർ എനിക്ക് പരിസ്ഥിതി പ്രവർത്തകൻ എന്ന നിലയിൽ പണം തരുന്നുവെന്നാണ് ഉത്തരവാദപ്പെട്ട പലരും പറയുന്നത്. എനിക്കാണെങ്കിൽ ഒരു പൈസ പോലും കിട്ടിയിട്ടില്ല. അവർക്ക് എന്റെ മേൽവിലാസം അറിയാത്തതാണോ പ്രശ്നമെന്ന് ചോദിക്കാനാണ് വിലാസം ചോദിച്ചത്!" വാർദ്ധക്യത്തെയും മരണത്തെയും വരെ അല്പം ഹാസ്യരസത്തിൽ കാണാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നതിനാലാണ് പലപ്പോഴും 'ഞാനൊക്കെ എക്സ്പയറി ഡേറ്റ് കഴിഞ്ഞ ആളാണ്' എന്നു പറയാൻ മാഷിനു കഴിഞ്ഞത്. കേരളത്തിൽ വികസനത്തിന്റെ ദിശ തെറ്റുമ്പോൾ ധൈര്യത്തോടെ വിളിച്ചുപറയാൻ നമുക്കുണ്ടായിരുന്ന ശബ്ദമാണ് നിലച്ചു പോയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MK PRASAD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.