ഫോർട്ട് കൊച്ചി: അസി. പൊലീസ് കമ്മിഷണറുടെ നല്ല മനസിൽ നാലാം ക്ളാസുകാരിക്ക് പഠിക്കാൻ മൊബൈൽഫോൺ കിട്ടി. കഴിഞ്ഞ ദിവസമാണ് ഫോർട്ട് കൊച്ചി സെന്റ് മേരീസ് സ്ക്കൂളിലെ നാലാം ക്ളാസുകാരി നസ്റിൻ തന്റെ ഫോൺ നഷ്ടമായെന്ന് പൊലീസിൽ പരാതി നൽകിയത്. ഓൺലൈൻ ക്ളാസ് അറ്റന്റ് ചെയ്യാൻ തനിക്ക് ഫോൺ ഇല്ലെന്നും എങ്ങനെയെങ്കിലും കണ്ടെത്തി തരണമെന്നും അഭ്യർത്ഥിച്ചു. സൈബർ സെൽ അന്വേഷണം നടത്തുന്നതിനിടയിൽ പെൺകുട്ടി മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണർ ജി.ഡി. വിജയകുമാറിനെ ഫോണിൽ വിളിച്ച് സങ്കടം പറഞ്ഞു. ഉടൻ തന്നെ ഫോൺ കണ്ടു പിടിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് എ.സി.പി ഉറപ്പും നൽകി. എന്നാൽ ഇന്നലെ എ.സി.പി ഒരു പുതിയ ഫോൺ വാങ്ങി കുട്ടിക്കു നൽകി. ഫോർട്ടുകൊച്ചി സ്റ്റേഷനിൽ കുട്ടിയെയും രക്ഷകർത്താവിനെയും വിളിച്ച് വരുത്തിയാണ് ഫോൺ കൈമാറിയത്. ഫോൺ ഉപയോഗിച്ച് പഠിച്ച് നല്ല മിടുക്കിയാകണമെന്ന് നസ്റിന് ഉപദേശവും നൽകിയാണ് എ.സി.പി യാത്രയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |