SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.37 PM IST

അജയ്യ യാത്രയുടെ രണ്ടു പതിറ്റാണ്ട്

modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം അദ്ദേഹത്തിന്റെ രണ്ട് ദശാബ്ദത്തിലെ വിജയകരമായ പൊതുജീവിതം രാജ്യസമക്ഷം അവതരിപ്പിക്കാനുള്ള മുഹൂർത്തമായാണ് ബി.ജെ.പി വിഭാവനം ചെയ്യുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായത് മുതലുള്ള മോദിയുടെ ഭരണ സേവന വികസന പദ്ധതികൾ ജനങ്ങളിലെത്തിക്കും.

ഒരു നേതാവിന്റെ വളർച്ച

സാധാരണ കുടുംബത്തിൽ പിറന്ന ഒരാൾക്ക് രാജ്യത്തിന്റെ ഗതി നിയന്ത്രിക്കുന്ന പദവിയിലേക്ക് ഉയരാനായത് ചെറിയ കാര്യമല്ല. അതാണ് നരേന്ദ്ര മോദി. ഇന്ത്യൻ രാഷ്ട്രീയത്തിൽ ചെയ്യാത്ത കുറ്റത്തിന് ഇത്രയേറെ ആക്രമിക്കപ്പെട്ട മറ്റൊരു നേതാവില്ല. ഗുജറാത്തിൽ അദ്ദേഹം മുഖ്യമന്ത്രിയായത് മുതൽ പ്രതിപക്ഷം തുടങ്ങിയതാണ് ആ വേട്ടയാടൽ. ഇത്രമാത്രം ശക്തനാണ് അദ്ദേഹമെന്ന് കോൺഗ്രസുകാർ അന്നേ തിരിച്ചറിഞ്ഞു. ഒരു കലാപത്തിന്റെ പേരിൽ അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കാനായിരുന്നു ശ്രമം.1969ലും 1985ലും ഗുജറാത്തിൽ വർഗീയ കലാപമുണ്ടായിട്ടുണ്ട്.ഇന്ന് നാം പറയുന്നതിനേക്കാൾ ആളുകൾ മരിച്ചിരുന്നു. അന്ന് ഭരിച്ചവരാണ് മോദിയെ 'മരണത്തിന്റെ വ്യാപാരി ' എന്ന് ആക്ഷേപിച്ചത്. ഈ വിമർശനങ്ങൾ മോദിയെ ശക്തനും ജനകീയനുമാക്കുകയാണ് ചെയ്‌തത്.

ഗുജറാത്ത് കലാപത്തിനിടെ അന്നത്തെ രാജ്യസഭാ ഉപാദ്ധ്യക്ഷ നജ്മ ഹെപ്ത്തുള്ളയുടെ ഭർത്താവ്,​ എൽ. കെ. അദ്വാനിയോട്, അഹമ്മദാബാദിലെ ബോഹ്ര ബസാറിൽ മുസ്ലിം കച്ചവടക്കാരെ ഹിന്ദുക്കൾ ആക്രമിക്കുന്നുവെന്നും രക്ഷിക്കണമെന്നും പറഞ്ഞു. അദ്വാനി അപ്പോൾ തന്നെ മോദിയെ അറിയിച്ചെന്നും അവർക്ക് സംരക്ഷണം ഉറപ്പാക്കിയെന്നും അദ്വാനി ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. ഭാവനഗറിലെ ഒരു മദ്രസ ആക്രമിക്കാൻ പോകുന്നുവെന്ന് സി.പി.എമ്മിലെ സോമനാഥ് ചാറ്റർജി പറഞ്ഞത് മോദിയെ അറിയിച്ചപ്പോൾ അവിടെ പൊലീസ് ഇടപെട്ട കഥയും അദ്വാനിയുടെ ആത്മകഥയിലുണ്ട്. 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടർന്ന മോദി ഒരു 'നവ ഗുജറാത്തി'നാണ് ജന്മം നൽകിയത്.


ഒരൊറ്റ ഇന്ത്യ
പ്രതിരോധരംഗത്തെ ശക്തമായ നടപടികൾ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ തലയുയർത്തി നിൽക്കാവുന്ന നിലയിലേക്ക് ഇന്ത്യയെ ഉയർത്തി. യു എൻ, ജി 7, ജി 20, ബ്രിക്സ്, ആസിയാൻ തുടങ്ങിയ വേദികളിൽ ഇന്ത്യയുടെ പ്രതിച്ഛായ വളർന്നു. അനവധി വികസന പദ്ധതികൾ നടപ്പാക്കി. കൊവിഡ് മഹാമാരിയെ ഫലപ്രദമായി കൈകാര്യം ചെയ്തു. ഇതെല്ലാം മോദിയുടെ ഭരണനേട്ടങ്ങളാണ്.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞു. കാശ്‌മീർ മുതൽ കന്യാകുമാരി വരെ ഒരൊറ്റ ഇന്ത്യ എന്ന സങ്കൽപ്പം അപ്പോഴാണ് യാഥാർത്ഥ്യമായത്.

ഒരൊറ്റ ഇന്ത്യ ഒരൊറ്റ നികുതി എന്നത് ജി.എസ്.ടിയിലൂടെ സാദ്ധ്യമായി. ചെക്ക് പോസ്റ്റില്ലാത്ത രാജ്യമായി ഇന്ത്യ. രാജ്യമെമ്പാടും റേഷൻ കാർഡ് ഉപയോഗിക്കാനാവുന്ന സ്ഥിതിയുണ്ടാക്കി. 'നീറ്റ് ' അടക്കം ദേശീയ എൻട്രൻസ് പരീക്ഷകളുണ്ടായി. ഒരു വാഹനത്തിന് ദേശീയ രജിസ്‌ട്രേഷനും നികുതിയും സാദ്ധ്യമാക്കി.

കർഷകന് രാജ്യത്തെവിടെയും ഉൽപ്പന്നം വിൽക്കാവുന്ന അവസ്ഥയാണ് കാർഷിക നിയമഭേദഗഗതിയിലൂടെ സാദ്ധ്യമായത്. കർഷകരെ കൊള്ളയടിച്ച ദല്ലാൾമാരെ ഇല്ലായ്മ ചെയ്തു. പി.എം കിസാൻ പദ്ധതിയിൽ പ്രതിവർഷം ഓരോ കർഷകനും ആറായിരം രൂപ നൽകുന്നത് കൂട്ടാൻ ആലോചിക്കുകയാണ്.

അമ്മമാരുടെ കണ്ണീരൊപ്പുന്നു

ജൻ ധൻ യോജനയിലൂടെ ഇന്ത്യക്കാരെ മുഴുവൻ ബാങ്ക് അക്കൗണ്ടുള്ളവരാക്കി. കോടാനുകോടി സ്ത്രീകൾക്ക് ഉജ്വല യോജനയിൽ സൗജന്യമായി പാചകവാതക കണക്‌ഷൻ നൽകി.

പ്രതിദിനം 21. 8 കിലോമീറ്റർ ദേശീയ പാതയാണ് നിർമ്മിക്കുന്നത്. 2. 01 കോടി പാവപ്പെട്ടവർക്ക് വീട് വച്ചുനൽകും. പൂർത്തിയാക്കിയത് 1. 496 കോടി വീടുകൾ. രാജ്യത്തെ എല്ലാ വീടുകളിലും കുടിവെള്ളമെന്ന സ്വപ്നപദ്ധതിയും നടപ്പാക്കുകയാണ്. ആയുഷ്മാൻ പദ്ധതിയിലൂടെ അഞ്ചു ലക്ഷം വരെയുള്ള ചികിത്സകൾ സൗജന്യമാക്കും.

രാജ്യത്തെ മുഴുവൻ ജനതയ്ക്ക് സൗജന്യമായി വാക്സിനേഷൻ നടപ്പാക്കുകയുമാണ്.

ജനങ്ങൾക്കായി സ്വയംസമർപ്പിച്ച സന്യാസി തുല്യമായ ജീവിതമാണ് പ്രധാനമന്ത്രിയിൽ നാം കാണുന്നത്. ആ മഹാന്റെ രാഷ്ട്രസേവനത്തിന്റെ ഇരുപത് വർഷങ്ങൾ ചരിത്രത്തിൽ സുവർണലിപികളിൽ രേഖപ്പെടുത്തപ്പെടേണ്ടതാണ്.


(ബി.ജെ.പി സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MODI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.