തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശബരിമല വിഷയം തിളപ്പിച്ച് മോദിയും പിണറായിയും

Monday 15 April 2019 12:34 AM IST
modi-pinarayi

കൊല്ലം: തമിഴ്നാട്ടിലും കർണാടകത്തിലും ശബരിമലയുടെയും അയ്യപ്പന്റെയും പേരെടുത്ത് പറഞ്ഞ് കേരള സർക്കാരിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്നലെ ശബരിമലയുടെയും അയ്യപ്പന്റെയും പേരിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയതോടെ ഇലക്‌ഷൻ കമ്മിഷന്റെ വിലക്ക് നിലനിൽക്കേ ശബരിമല വീണ്ടും തിരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിക്കുന്ന വിഷയമായി.

ശബരിമലയുടെ പേരിൽ ബി. ജെ. പിയും സി. പി. എമ്മും ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി

കോൺഗ്രസും രംഗത്തു വന്നു. ശബരിമല പ്രശ്നത്തിൽ ലക്ഷ്‌മണരേഖ കടക്കുന്ന രീതിയിൽ മറ്റ് ചില നേതാക്കളുടെ പ്രതികരണങ്ങളും വന്നിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന കേരളത്തിൽ അയ്യപ്പനെന്നും ശബരിമലയെന്നും പറഞ്ഞാൽ അറസ്റ്റാണ്, തടങ്കലാണ് എന്നൊക്കെയായിരുന്നു മോദിയുടെ പരാമർശങ്ങൾ. അതിന് മറുപടിയായി, അയ്യപ്പന്റെ പേരിൽ മോദി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേരളത്തെ അപമാനിക്കുകയാണെന്നും പിണറായി പറഞ്ഞു.

കൊല്ലം പള്ളിമുക്കിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന്റെ പ്രചാരണ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കേരളത്തിൽ വന്ന് തീർത്ഥാടന കേന്ദ്രം എന്ന് പറഞ്ഞിട്ട് തൊട്ടപ്പുറത്തുള്ള മംഗലാപുരത്ത് പോയി ശബരിമലയെയും അയ്യപ്പനെയും എടുത്ത് പറഞ്ഞ് കേരളത്തെ അപമാനിക്കുന്നത് ശരിയല്ല. തിര‌ഞ്ഞെടുപ്പ് ചട്ടം പ്രധാനമന്തിക്കും ബാധകമാണ്. അയ്യപ്പനെന്ന് പറഞ്ഞാൽ കേരളത്തിൽ അറസ്റ്റ് ആണെന്നും തങ്ങളുടെ സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെന്നുമാണ് മോദി പറഞ്ഞത്. ഇങ്ങനെയൊരു പച്ചക്കള്ളം പറഞ്ഞ് അയ്യപ്പന്റെ പേരിൽ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള അവകാശം പ്രധാനമന്ത്രിക്കുണ്ടോ? ആരെയെങ്കിലും അറസ്റ്റ് ചെയ്തെങ്കിൽ, കസ്റ്റഡിയിൽ വച്ചെങ്കിൽ, അത് നിയമവിരുദ്ധമായി പ്രവർത്തിച്ചതിനാണ്. നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ അറസ്റ്റ് ചെയ്യും. മറ്റ് സംസ്ഥാനങ്ങളിലെ നിയമവിരുദ്ധ പ്രവർത്തകർക്ക് മോദിയുടെ അനുഗ്രഹാശിസ്സുകൾ ഉള്ളതിനാൽ ജയിലിൽ കിടക്കേണ്ടി വരില്ലായിരിക്കും. അവരുടെ പേരിൽ കേസ് എടുക്കില്ലായിരിക്കാം. അത് കേരളത്തിൽ നടക്കില്ല. മോദി ഇപ്പോഴും പ്രധാനമന്ത്രിയാണ്. ആ പദവിയോട് നീതി കാണിക്കണം.

ശബരിമലയിൽ കാണിക്ക ഇടരുതെന്നു പറഞ്ഞത് ആരായിരുന്നു? തീർത്ഥാടകരെ ആക്രമിക്കാൻ മോദിയുടെ അനുഗ്രഹാശിസ്സുകളോടെ ക്രിമിനൽ പടയെ ശബരിമലയിലേക്ക് അയച്ചു. അവിടെയുള്ള പൊലീസുകാരെ തേങ്ങയെടുത്ത് അടിക്കുകയും ഇടിക്കുകയും ചെയ്തു. ശബരിമലയെ കലാപ ഭൂമിയാക്കുകയായിരുന്നു ഉദ്ദേശ്യം. പൊലീസ് സംയമനത്തോടെ അക്രമികളെ നിലയ്ക്ക് നിർത്തി. ശക്തമായ നടപടി സംസ്ഥാന സർക്കാർ സ്വീകരിച്ചു.

മോദീ, നിങ്ങൾ കാണിച്ച ഇരട്ടത്താപ്പ് എന്തായിരുന്നു? സുപ്രീംകോടതി വിധി വന്നപ്പോൾ ശക്തമായ നടപടി എടുക്കണമെന്നും നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നും കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെ അറിയിച്ചു. കേന്ദ്രസേനയെ ആവശ്യമുണ്ടെങ്കിൽ അറിയിക്കണമെന്നും പറ‌ഞ്ഞു. അതിൽ കുറ്റം കാണുന്നില്ല. സുപ്രീംകോടതി വിധി വന്നാൽ അതേ പറയാൻ കഴിയൂ. ശബരിമലയെ സംരക്ഷിക്കാനും കൂടുതൽ ഔന്നത്യത്തിലേക്ക് എത്തിക്കാനുമുള്ള നടപടികളിലേക്കാണ് സർക്കാർ നീങ്ങുന്നത്. തിരഞ്ഞെടുപ്പായതിനാൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തമിഴ്നാട്ടിലും കർണാടകത്തിലും ശബരിമലയെക്കുറിച്ച് മോദി പറഞ്ഞത്

 കേരളത്തിൽ കോൺഗ്രസും മുസ്ലീംലീഗും ഇടതുപക്ഷവും ശബരിമല വിഷയത്തിൽ അപകടകരമായ കളികളാണ് കളിക്കുന്നത്.

 അവർ നമ്മുടെ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും അടിവേരുകൾ തകർക്കാൻ മൃഗീയ ശക്തികളെ ഉപയോഗിക്കുന്നു. ബി.ജെ.പി അത് അനുവദിക്കില്ല

 അയ്യപ്പൻ എന്നു പറഞ്ഞാൽ കേരളത്തിൽ അറസ്റ്റാണ്, തടങ്കലാണ്. കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന അവിടെ ഒരു പൗരന് അയ്യപ്പന്റെ പേര് പറയാൻ കഴിയില്ല. ശബരിമലയെക്കുറിച്ച് പറഞ്ഞാൽ അകത്താണ്. എൻഡിഎ സ്ഥാനാർത്ഥിയെ 15 ദിവസം ജയിലിട്ടു.

 കമ്മ്യൂണിസ്റ്റുകാർ ഭരിക്കുന്ന നാട്ടിലാണ് ഈ അവസ്ഥ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA