പെരിന്തൽമണ്ണ: പ്രമുഖ ഇസ്ലാമിക പണ്ഡിതനും മുസ്ലിംലീഗിന്റെ മുൻകാല നേതാവുമായിരുന്ന ആനമങ്ങാട് കാഞ്ഞിരുണ്ടിൽ അബ്ദുറഹ്മാൻ മുസ്ലിയാർ (79) അന്തരിച്ചു. സുന്നി മഹല്ല് ഫെഡറേഷന്റെ ഓർഗനൈസർ, എസ്.വൈ.എസിന്റെയും ജംഇയ്യത്തുൽ മുഅല്ലിമീന്റെയും മലപ്പുറം ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. പാലക്കാട് ജന്നത്തുൽ ഉലൂം അറബിക് കോളേജ്, ബോംബെ ഖുവ്വത്തുൽ ഇസ്ലാം, അൻഡമാൻ റൗളത്തുൽ ഉലൂം എന്നിവിടങ്ങളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും വിവിധ പള്ളികളിൽ ദർസ് നടത്തി. വിവിധ ഇടങ്ങളിൽ മുദരിസായിരുന്നു. സമസ്ത പെരിന്തൽമണ്ണ മണ്ഡലം ജനറൽ സെക്രട്ടറിയും പെരുമ്പടപ്പ് പുത്തൻപള്ളി ജുമാ മസ്ജിദ് ഖത്തീബുമായ ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസിയുടെ പിതാവാണ്.
ഭാര്യ: ഫാത്തിമക്കുട്ടി ഹജ്ജുമ്മ. മറ്റുമക്കൾ: ഹാരിസ് ഫൈസി (ഇരുമ്പുഴി പള്ളി ഇമാം), ഷറഫുദ്ദീൻ ഹുദവി (ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ആന്ധ്രാ കേന്ദ്രം പ്രിൻസിപ്പൽ), ഇസ്മയിൽ അൻവരി (തലക്കടത്തൂർ പള്ളി ഇമാം), ഇസ്ഹാഖ് നിസാമി (അൽ ഐൻ), റുഖിയ, ജുവൈരിയ, മുബഷിറ. മരുമക്കൾ: അഫ്സൽ മൗലവി കണ്ണൂർ, അബ്ദുൾ ലത്തീഫ് കിഴിശ്ശേരി, സക്കീർ ഹുസൈൻ ഫൈസി താഴെക്കോട്, ഷംല ബീഗം, ഹസീന, മുനീറ, നദീറ, ഹലീമ. ആനമങ്ങാട് ചെത്തനാംകുർശി ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |